Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപും കാവ്യയും വിവാഹിതരാകുന്നു

dileep-kavya-photoshoot-video

നടൻ ദിലീപും നടി കാവ്യ മാധവനും വിവാഹിതരാകുന്നു. രാവിലെ എറണാകുളം കലൂർ വേദാന്ത ഹോട്ടലിൽ വെച്ചാണ് വിവാഹം. അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിത്തിൽ പങ്കെടുക്കുക. സിനിമാ സുഹൃത്തുക്കൾക്കുംമറ്റുമായി എറണാകുളം സ്വകാര്യ ഹോട്ടലിൽ റിസപ്ഷൻ ഉണ്ടാകും.

ദിലീപ് – കാവ്യ മാധവന്റെ കഴുത്തിൽ താലി കെട്ടുമ്പോൾ തിരശ്ശീല വീഴുന്നത് മലയാളി ഏറെക്കാലം കൊണ്ടുനടന്ന ആകാംക്ഷയ്ക്കാണ്. കാവ്യയുടെ വിവാഹമോചനത്തിനു പിന്നാലെ ദിലീപിന്റെ വിവാഹമോചന ഹർജിയും കോടതിയിലെത്തിയതോടെ ഗോസിപ്പുകൾക്ക് ആക്കംകൂടി. ഇരുവരും വിവാഹിതരായതായി പലതവണ വാർത്തകൾ പ്രചരിച്ചു. ഒടുവിൽ മലയാള സിനിമയിൽ ഇരുവരും ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ യഥാർഥ വിവാഹ വാർത്തയെത്തുന്നു.

മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയജോടികളിലൊന്നായാണ് ഇരുവരേയും പ്രേക്ഷകർ സ്വീകരിച്ചത്. 21 സിനിമകളിലാണ് ഇവർ ഒരുമിച്ച് അഭിനയിച്ചത്. അതിൽ ദോസ്‌ത്, ഡാർലിങ് ഡാർലിങ്, ചൈനാ ടൗൺ, പെരുമഴക്കാലം, ട്വന്റി ട്വന്റി എന്നിവയൊഴികെയുള്ള ചിത്രങ്ങളിൽ ജോഡികളായിരുന്നു. അതിൽ മിക്കതും വൻ ഹിറ്റുകളുമായിരുന്നു.

ദിലീപിന്റെയും കാവ്യയുടെയും കരിയർ ഗ്രാഫിലും ചില സമാനതകളുണ്ട്. കമൽ സംവിധാനം ചെയ്ത ‘പൂക്കാലം വരവായി’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാവ്യയുടെ സിനിമാപ്രവേശനം. 1991 ൽ ഇറങ്ങിയ ഇതേ ചിത്രത്തിലൂടെത്തന്നെ സഹസംവിധായകനായായിരുന്നു ദിലീപും സിനിമാരംഗത്ത് എത്തിയത്. ശേഷം ദിലീപ് അഭിനയരംഗത്തേക്കു കൂടുമാറി.

1999 ൽ കാവ്യ ആദ്യമായി നായികാവേഷത്തിലെത്തിയ ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ലാൽജോസ് ചിത്രത്തിൽ ദിലീപായിരുന്നു നായകൻ. തുടർന്ന് തെങ്കാശിപ്പട്ടണം, ഡാർലിങ് ഡാർലിങ്, റൺവേ, മീശമാധവൻ, മിഴി രണ്ടിലും, തിളക്കം, കൊച്ചിരാജാവ് തുടങ്ങി ജനശ്രദ്ധ നേടിയ മിക്ക ദിലീപ് ചിത്രത്തിലും നായികാ വേഷത്തിൽ കാവ്യയുമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള അഭിനയത്തിലെ കെമിസ്ട്രി പ്രേക്ഷകർ സ്വീകരിച്ചതിന്റെ തെളിവൂകൂടിയായിരുന്നു ഈ വിജയങ്ങൾ.

2009 ൽ, കുവൈത്തിൽ ബാങ്ക് ഉദ്യോഗസ്ഥനായ നിശാൽ ചന്ദ്രയുമായുള്ള വിവാഹത്തിനു ശേഷം അഭിനയത്തിനു വിരാമമിട്ട് കുവൈത്തിലേക്കു പോയ കാവ്യ, വേർപിരിയലിനുശേഷം 2010 ൽ സിനിമയിലേക്കു മടങ്ങിയെത്തിയതും ദിലീപ് ചിത്രത്തിലൂടെത്തന്നെ. മമ്മാസ് സംവിധാനം ചെയ്ത ‘പാപ്പി അപ്പച്ച’യിലൂടെ ആയിരുന്നു ഈ മടക്കം. ശേഷം ഇരുവരും ഒരുമിച്ച ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’യും വിജയമായി. അഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷം ഇരുവരും ഒരുമിച്ച ‘പിന്നെയും’ എന്ന ചിത്രമൊരുക്കിയത് അടൂർ ഗോപാലകൃഷ്ണനാണ്.

1998 ഒക്ടോബർ 20 നായിരുന്നു ദിലീപിന്റെ ആദ്യ വിവാഹം. നടിയും നർത്തകിയുമായ മഞ്ജു വാരിയരുമൊത്തുള്ള ദാമ്പത്യം നീണ്ടു നിന്നത് 16 വർഷം. 2014 ജൂലൈയിൽ വിവാഹ മോചനക്കേസ് കോടതിയിലെത്തി. സംയുക്ത ഹർജി കോടതി അനുവദിച്ചതോടെ 2015 ജനുവരി 31 ന് ഇരുവരും നിയമപരമായി വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്.