Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൂനിയർ ആടുതോമ മെലിഞ്ഞപ്പോൾ?

roopesh-makeover

95 കിലോയിൽ നിന്ന് 75–ലെത്തുക. അതും രണ്ടര മാസം കൊണ്ട്. രൂപേഷ് പീതാംബരൻ തടിയനെന്ന ലേബലിൽ നിന്ന് സ്ലിം ബ്യൂട്ടി ആയ കഥ ആരും വിശ്വസിച്ചേക്കില്ല. ഇങ്ങനെയൊക്കെ മാറാൻ പറ്റുമോ എന്ന് അത്ഭുതപ്പെട്ടേക്കാം കേൾക്കുന്നവർ.

ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലെ കട്ടക്കലിപ്പ് എന്ന ഗാനത്തിലെ രൂപേഷിന്റെ ഗെറ്റപ്പ് ഏറെ ചർച്ചയായിരുന്നു. രൂപേഷിന്റെ തടി കൂടുതലായിരുന്നു താനും. സത്യം പറഞ്ഞാൽ തന്റെ തടി സ്ക്രീനില്‍ കണ്ട താന്‍ തന്നെ തകർന്നുപോയിരുന്നെന്ന് രൂപേഷ് മനോരമ ഓൺലൈനോട് പറയുന്നു.

roopesh

അങ്ങനെ ഉറ്റചങ്ങാതിയുമായ ടൊവീനോയോട് രൂപേഷ് തന്റെ വിഷമം അവതരിപ്പിച്ചു. ഒരു ടെൻഷനും വേണ്ട മച്ചാ എല്ലാ ശരിയാക്കി തരാം എന്നായിരുന്നു ടൊവീനോയുടെ മറുപടി. മാത്രമല്ല തന്റെ ഫിറ്റ്നസ് ട്രെയിനറും കാറ്റമൗണ്ട് ജിമ്മിലെ ട്രെയിനറുമായ ഷൈജൻ അഗസ്റ്റിനെ രൂപേഷിന് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഉണ്ണി മുകുന്ദൻ, ടൊവീനോ തുടങ്ങിയവരുടെ ഫിറ്റ്നസ് ട്രെയിനറാണ് ഷൈജൻ.

roopesh-shyjan ഷൈജനൊപ്പം രൂപേഷ്

മസിൽസ് കരുത്തുകൂട്ടി ശരീര ഭാരം കുറയ്ക്കാനുള്ള പരിശീലനമാണ് തനിക്ക് വേണ്ടതെന്ന് ആദ്യമേ തന്നെ പറഞ്ഞിരുന്നു. രാവിലെ രണ്ട് മണിക്കൂർ, വൈകിട്ട് രണ്ട് മണിക്കൂർ കഠിനമായ പരിശീലനം. അങ്ങനെ രണ്ടര മാസം കൊണ്ടാണ് ഞാൻ ഇങ്ങനെ ആയത്. 20 കിലോ ശരീരഭാരം കുറച്ചുകഴിഞ്ഞു. ഓട്സ്, വെജിറ്റബിൾ സാലഡ് ചപ്പാത്തി , മത്സ്യം, പഴവർഗങ്ങൾ എന്നിവയായിരുന്നു ഇതിനിടയിലെ ഭക്ഷണരീതി. ജംഗ് ഫുഡ്സ്, ബിരിയാണി, ചിക്കന്റെ എല്ലാ ഐറ്റംസും പൂർണമായും ഒഴിവാക്കി. ഇനി ജീവിതത്തിൽ തടി കൂട്ടണമെന്ന് ആഗ്രഹമില്ല. വർക്കൗട്ട് തുടരാൻ തന്നെയാണ് തീരുമാനം.

unni-tovino-shyjan

മെക്സിക്കൻ അപാരതയിലെ ബാക്കി ഭാഗങ്ങളിൽ പുതിയ മേക്കോവറിലാണ് രൂപേഷ് എത്തുക. ‘ടൊവീനോ നായകൻ ഞാൻ വില്ലൻ. തല്ലും ബഹളവും ഇലക്ഷൻ കാംപെയ്നും തിരഞ്ഞെടുപ്പുമൊക്കെ ഉണ്ടായിരുന്ന പഴയകാല കൊളേജ് ക്യാംപസുകളിലേക്കാകും ഈ ചിത്രം നിങ്ങളെ കൂട്ടിക്കൊണ്ട് പോകുക.’ രൂപേഷ് പറഞ്ഞു.

ആടുതോമയുടെ കുട്ടിക്കാലം അവതരിപ്പിച്ച് വെള്ളിത്തിരയിലെത്തിയ താരമാണ് രൂപേഷ് പീതാംബരൻ. വർഷങ്ങൾക്ക് ശേഷം ദുൽക്കർ സൽമാനെ നായകനാക്കി തീവ്രം എന്ന ചിത്രം സംവിധാനം ചെയ്ത് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തുകയും ചെയ്തു.
 

Your Rating: