Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വർഗത്തിൽ അജുവിന്റെ പ്ലാൻ വർക്കൗട്ടായില്ല

aju

അജു വർഗീസിന് ചെറുപ്പം മുതലേ ഒരു സ്വപ്നമുണ്ടായിരുന്നു. സിനിമയുടെ സാങ്കേതിക വശം പഠിക്കണമെന്ന്. അതുകൊണ്ടാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ചോട്ടെ എന്നു ചോദിച്ചത്. സിനിമയുടെ ചിത്രീകരണം ദുബായിലായതുകൊണ്ടും സിനിമയിൽ പ്രവർത്തിക്കുന്നവരെല്ലാം സുഹൃത്തുക്കളായതുകൊണ്ടുമെല്ലാമാണ് അജു അങ്ങനെയൊരു തീരുമാനമെടുത്തത്. എന്നാൽ അജു ശരിക്കും പാഠം പഠിച്ചു. സഹസംവിധായകനായ വിശേഷങ്ങൾ അജു മനോരമ ഒാൺലൈനോട് പങ്കുവച്ചപ്പോൾ.

vineeth-aju

സിനിമയുടെ ടെക്നിക്കൽ സൈഡ് പഠിക്കണമെന്നത് ‌എന്റെ സ്വപ്നമായിരുന്നു. അങ്ങനെയാണ് വിനീതിനോട് ജേക്കബിന്റെ സ്വർഗരാജ്യത്തിൽ സഹസംവിധായകനായി പ്രവർത്തിച്ചോട്ടെ എന്നു ചോദിക്കുന്നത്. ദുബായിൽ ഷൂട്ടായതു കൊണ്ടും സുഹൃത്തുക്കളോടൊപ്പമായതുകൊണ്ടുമൊക്കെയായിരുന്നു ഇത്തരം തീരുമാനം. പക്ഷേ, എന്റെ പ്ലാൻ വർക്കൗട്ടായില്ല

aju-sreenath

ജോലി കൂടുതലുണ്ടായിരുന്നു എന്നുള്ളത് സത്യമാണ്. പക്ഷേ സന്തോഷത്തോടെയാണ് എല്ലാം ചെയ്തത്. ചിലപ്പോൾ ഉറങ്ങാനൊന്നും സമയം കിട്ടിയിരുന്നില്ല. ലൊക്കേ‌ഷൻ മാറുമ്പോൾ വാഹനത്തിലിരുന്നൊക്കെയാണ് ഉറങ്ങിയിരുന്നത്. ഇതെല്ലാം ജോലിയുടെ ഭാഗമായിരുന്നു. ജോലിയോടുള്ള ഇഷ്ടത്തിൽ ബുദ്ധിമുട്ടുകൾ എല്ലാം മറന്നു.

ഷാർജയിലും മറ്റും ഷൂട്ടിനു പോയപ്പോൾ സിനിമ ചിത്രീകരണം കാണാൻ അവിടെയുള്ള ഒരുപാട് മലയാളികൾ എത്തിയിരുന്നു. അവരെയൊക്കെ ക്യാമറയിൽ വരാതിരിക്കാനായി അവിടെ നിന്നു മാറ്റേണ്ട ചുമതല എനിക്കായിരുന്നു. അവരോട് സഹസംവിധായകനാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അവരെല്ലാം എന്നെ നടനായിട്ടാണ് കാണുന്നത്. ജനങ്ങളെ മാറ്റാൻ ചെല്ലുമ്പോൾ അവർ എന്നോടൊപ്പം നിന്ന് സെൽഫിയെടുക്കുന്ന കാഴ്ചകണ്ട് നിവിനും വിനീതുമൊക്കെ ചിരിക്കുമായിരുന്നു.

സഹസംവിധായകനായി പ്രവർത്തിച്ചു എന്നു കരുതി ഒരു സംവിധായകന്റെ റോളിൽ ഒന്നും എന്നെ പ്രതീക്ഷിക്കാൻ കഴിയില്ല. സംവിധായകനാകാനുള്ള പക്വത എനിക്ക്ഇല്ല. സിനിമയുടെ ടെക്നിക്കൽ സൈഡ് പഠിക്കുകയായിരുന്നു ഉദ്ദേശ്യം. സംവിധായകരുടേയും ഒരു സിനിമയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നവരുടേയുമെല്ലാം പ്രയത്നവും കഷ്ടപ്പാടുമെല്ലാം എനിക്ക് ഇൗ സിനിമയിലൂടെ മനസിലാക്കാൻ കഴിഞ്ഞു. അവരോടുള്ള ബഹുമാനം കൂടി.

ചിത്രീകരണം തുടങ്ങുന്നതിന് തലേദിവസം സഹായിയായി വരാമെന്നേറ്റഒരു ചേട്ടന് ചെറിയ അസൗകര്യമുണ്ടായി. അതുകൊണ്ട് അദ്ദേഹത്തിന്റെ ജോലിയും കൂടി ഞാൻ ചെയ്യേണ്ടി വന്നു. റൂമിലെത്തിയാലും വിശ്രമിക്കാൻ കഴിയില്ല. പിറ്റേ ദിവസത്തേക്കുള്ള ഷൂട്ടിന്റെ നോട്ട്സൊക്കെ തയ്യാറാക്കേണ്ടിയിരുന്നു. പുതിയ അനുഭവമായിരുന്നു ഇത്. പിന്നെ കുടുംബവും ഒത്തുള്ള യാത്ര രസകരമായിരുന്നു. അഭിനയിക്കുമ്പോൾ ശ്രദ്ധിക്കാതെ പോകുന്ന പലതും ശ്രദ്ധിക്കാൻ കഴിഞ്ഞു. ഇൗ ഒരു സിനിമയിലൂടെ എനിക്ക് ഉത്തരവാദിത്വ ബോധമുണ്ടായി എന്നു ചുരുക്കിപ്പറയാം.

Your Rating: