Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സത്യം പറഞ്ഞാൽ ഞെട്ടിച്ചു കളഞ്ഞു; അങ്കമാലിയെ പുകഴ്ത്തി അജു

aju-vijay

ഡബിള്‍ ബാരൽ, ആമേൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. പരീക്ഷണസിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ലിജോ ജോസ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. പ്രമുഖതാരങ്ങളെ ഉൾപ്പെടുത്താതെ പൂർണമായും നവാഗതരെ ഉൾക്കൊള്ളിച്ചാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് നടൻ അജു വർഗീസ് രംഗത്തെത്തി. ഈ സിനിമ തന്നെ വിസ്മയിപ്പിച്ചെന്നും സിനിമയിൽ പുതിയതായി വന്ന എല്ലാവരും ഞെട്ടിച്ചു കളഞ്ഞെന്നും അജു പറയുന്നു.

അജുവിന്റെ കുറിപ്പ് വായിക്കാം–

ഒറ്റവാക്കിൽ; നന്നായി സുഖിച്ചു!!!

പെപ്പെയും, കുഞ്ഞുട്ടിയും, പോർക്ക് വർക്കിയും, ഭീമനും, രവിയും, രാജനും, എസ് ഐ ശാഹുൽ ഹമീദ് അങ്ങനെ സിനിമയിൽ പുതിയതായി വന്ന എല്ലാവരും സത്യം പറഞ്ഞാൽ ഞെട്ടിച്ചു കളഞ്ഞു. ഇത്രേ അഭിനയതക്കൾ തകർത്തഭിനയിച്ച ഒരു പുതുമുഖ ചിത്രം ഞാൻ ആദ്യം ആയി ആണ് കാണുന്നത്. ഓരോരുത്തർക്കായി എന്റെ ആത്മാർത്ഥമായ ആശംസകളും അഭിനന്ദനങ്ങളും.
നായകൻ, സിറ്റി ഓഫ് ഗോഡ്, ആമേൻ, (ഡബിൾ ബാരൽ കണ്ടിട്ടില്ല) ഇപ്പോൾ അങ്കമാലി, എല്ലാം മികച്ചതും വേറിട്ടതും. വിസ്മയിപ്പിച്ച ഒരു കൂട്ടം സിനിമകൾ ചേട്ടാ. നന്ദി !!!
ഗിരീഷ് ഗംഗാധരൻ താങ്കൾ ആണ് താരം !!!

നമിച്ചു, വിസ്മയിപ്പിച്ചു

ഒരു നാടിന്റെ ആത്മാവ് നന്നായി അറിയാവുന്ന ജീവിത അനുഭവങ്ങൾ നിറഞ്ഞ ആൾക്ക് മാത്രമേ ഇത് എഴുതാൻ പറ്റു, കാര്യം ഇതിൽ പറഞ്ഞതെല്ലാം ചെമ്പൻ ചേട്ടൻ ഞങ്ങളോട് പറഞ്ഞ അങ്കമാലിയിലെ യഥാർത്ഥ കഥകൾ ആണ്, ഇനിയും പ്രതീക്ഷിക്കുന്നു ഏട്ടാ താങ്കളുടെ അനുഭവങ്ങൾ സിനിമകൾ ആയി കാണാൻ. കൂടെ ഒരുപാട് സന്തോഷവും; താങ്കൾ കണ്ട ആ സ്വപ്നം നല്ല നിലയിൽ വിജയിച്ചു കാണുമ്പോൾ.

പ്രാഞ്ചിയേട്ടൻ... മഹേഷിന്റെ പ്രതികാരം.. അങ്കമാലി ഡയറീസ്....ഉയരട്ടെ അങ്ങനെ മലയാളം സിനിമ !!!– അജു കുറിച്ചു.

‘കട്ട ലോക്കല്‍’ എന്ന് ടാഗ്‌ലൈന്‍ നല്‍കിയിരിക്കുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറാമാന്‍. പ്രശാന്ത് പിള്ള സംഗീതം. അങ്കമാലി, ചാലക്കുടി, ആലുവ, ഇരിങ്ങാലക്കുട എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് താരങ്ങൾ‍.

11 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഒറ്റ ഷോട്ടിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചത്. 1000ഓളം നടീനടന്‍മാര്‍ ഈ രംഗത്തില്‍ എത്തുന്നുണ്ട്.