Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിതാവാണ് പുത്രന്‍

alphonse-putharen

അല്‍ഫോന്‍സ് പുത്രന്‍. പേരില്‍ തന്നെയുണ്ടു പുതുമ. 'പ്രേമം സിനിമയോളം ശ്രദ്ധിക്കപ്പെട്ടു സംവിധായകന്‍റെ പേരും. ആലുവ കളത്തില്‍ ലെയ്നിലെ മാഞ്ഞൂരാന്‍ വീട്ടില്‍ എത്തിയാല്‍ പുത്രന്‍ പിതാവാകും; അല്‍ഫോന്‍സ് മകനും. ഇവിടെ ഒരു പുത്രിയുമുണ്ട്. അല്‍ഫോന്‍സിന്‍റെ സഹോദരി: ഡോ. പുത്രി പുത്രന്‍.

അല്‍ഫോന്‍സിന്‍റെ മാമോദീസാ പേര് അല്‍ഫോന്‍സ് ജോസഫ് പോള്‍ എന്നാണ്. ഊട്ടിയില്‍ എല്‍കെജിയില്‍ ചേര്‍ത്തപ്പോള്‍ അല്‍ഫോന്‍സ് പുത്രന്‍ എന്നാക്കി. അല്‍ഫോന്‍സിന്‍റെ പിതാവിന്‍റെ പേരാണ് പുത്രന്‍ പോള്‍ എന്നത്. അപ്പൂപ്പന്‍ എം.സി. പോളാണ് രണ്ടാമത്തെ മകനു പുത്രന്‍ എന്നു പേരിട്ടത്. അതിനു പിന്നില്‍ ഒരു സംഭവമുണ്ട്. രണ്ടാം ലോകമഹായുദ്ധ കാലത്തു മുംബൈയില്‍ കോഫി ഹൗസ് ഉദ്യോഗസ്ഥനായിരുന്നു പോള്‍.

അവിടെ ജോലി ചെയ്തിരുന്ന ആന്ധ്ര സ്വദേശിയായ പുത്രന്‍ എന്ന പയ്യന്‍ കപ്പലിലേക്കു കാപ്പിയുമായി പോകുന്പോള്‍ ബോംബാക്രമണത്തില്‍ മരിച്ചു. പോളിനെ ഇതു വേദനിപ്പിച്ചു. പിന്നീടുണ്ടായ മകനു പോള്‍ അവന്‍റെ പേരിടുകയായിരുന്നു. പുത്രന്‍ തന്‍റെ രണ്ടാമത്തെ മകള്‍ക്കു പുത്രി എന്നു പേരിട്ടു. അപ്പനു പുത്രന്‍ എന്നിടാമെങ്കില്‍ തനിക്കു പുത്രിയെന്ന് ഇട്ടുകൂടെ എന്നായിരുന്നു പുത്രന്‍റെ ചിന്ത. ദന്ത ഡോക്ടറായ പുത്രി ഭര്‍ത്താവ് റാഫി പോളിനൊപ്പം യുകെയിലാണ്. അല്‍ഫോന്‍സ് എന്ന പേര് അമ്മ ഡെയ്സിയുടെ സംഭാവനയാണ്. അല്‍ഫോന്‍സാമ്മയുടെ ഭക്തയായ ഡെയ്സി രണ്ടു പെണ്‍മക്കള്‍ക്കു ശേഷം ഒരു മകനുണ്ടാവാന്‍ പ്രാര്‍ഥിച്ചു.

മൂന്നു മാസം ഗര്‍ഭിണിയായിരിക്കെ ഭരണങ്ങാനം മഠത്തില്‍ അല്‍ഫോന്‍സാമ്മയുടെ കട്ടിലില്‍ മുഖം അമര്‍ത്തി പ്രാര്‍ഥിക്കുന്നതിനിടെ തന്‍റെ കാതില്‍ ഒരു കാറ്റുവന്നു സ്പര്‍ശിച്ചെന്നും ജനിക്കാന്‍ പോകുന്നതു മകനാണെന്നു പറയുന്നതായി തോന്നിയെന്നും ഡെയ്സി. അല്‍ഫോന്‍സാമ്മയ്ക്കു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു രോഗശാന്തി നല്‍കിയ വിശുദ്ധ ചാവറയച്ചന്‍റെ ജന്മദിനമായ ഫെബ്രുവരി പത്തിനാണു മകന്‍ അല്‍ഫോന്‍സിന്‍റെ ജനനം എന്നതും ഡെയ്സിയെ അതിശയിപ്പിച്ചു. അല്‍ഫോന്‍സിന് ഒരു സഹോദരി കൂടിയുണ്ട്: മേരി. ഭര്‍ത്താവ് ബിജോയ്‌ക്കൊപ്പം ഖത്തറിലാണ്.

പുത്രന്‍ പോളും ഭാര്യ ഡെയ്സി പുത്രനും

ഓട്ടോയില്‍ യാത്ര പ്രശസ്തിയില്‍ മതിമറക്കാതെ, മാധ്യമങ്ങള്‍ക്കു പിടികൊടുക്കാതെ തിരശീലയ്ക്കു മറയിലാണ് സംവിധായകന്‍. നേരം, പ്രേമം എന്നീ ഹിറ്റ് സിനിമകള്‍ ചെയ്തിട്ടും അല്‍ഫോന്‍സിന്‍റെ അഭിമുഖങ്ങളധികം പുറത്തുവന്നിട്ടില്ല. സിനിമയുടെ പ്രചാരണ പരിപാടികളില്‍ നിന്നു പോലും മാറിനില്‍ക്കുകയാണ് അദ്ദേഹം. ആലുവക്കാര്‍ക്കു പക്ഷേ, ഇതില്‍ അദ്ഭുതമില്ല. അതാണ് അല്‍ഫോന്‍സിന്‍റെ പ്രകൃതം. എസി കാറിലെ യാത്രയെക്കാള്‍ ഓട്ടോ യാത്ര ഇഷ്ടപ്പെടുന്നയാളാണ് അല്‍ഫോന്‍സ്.

കുട്ടിക്കാലത്തുതന്നെ സിനിമ തലയ്ക്കു പിടിച്ച അല്‍ഫോന്‍സ് ചെന്നൈയില്‍ ഡിജിറ്റല്‍ ഫിലിം മേക്കിങ് പഠിച്ച ശേഷം ആരുടെയും സഹായിയായി പ്രവര്‍ത്തിക്കാതെയാണു 'നേരം എടുത്തത്. അതിനു മുന്‍പു നിവിന്‍ പോളിയെയും നസ്രിയയെയും വച്ചു 'യുവ് എന്ന ആല്‍ബം ചെയ്തു. തിരക്കഥയല്ല, ആവിഷ്കാരത്തിലെ പുതുമയാണ് സിനിമ ഹിറ്റാക്കുന്നതെന്ന് അല്‍ഫോന്‍സ് കരുതുന്നു.

സിനിമാക്കന്പം എല്ലാ ആഴ്ചയും മുടങ്ങാതെ സിനിമയ്ക്കു പോയിരുന്ന കുടുംബമാണ് ഇവരുടേത്. സിനിമ കണ്ടുകഴിഞ്ഞാല്‍ അതിനെ വിലയിരുത്തുന്ന സ്വഭാവക്കാരിയാണ് അമ്മ ഡെയ്സി. കഥയില്‍ മാറ്റങ്ങള്‍ വരുത്തി എങ്ങനെ കൂടുതല്‍ നന്നാക്കാമെന്നു സ്വയം സങ്കല്‍പിക്കും. സ്കൂള്‍ പഠനകാലത്തു സിനിമാക്കാര്‍ സംഘടിപ്പിച്ച കഥയെഴുത്തില്‍ ഒന്നാം സമ്മാനം നേടിയിട്ടുണ്ടെങ്കിലും പിന്നീട് എഴുത്തു തുടര്‍ന്നില്ല. ആലുവയിലെ ആദ്യത്തെ ബ്യൂട്ടി പാര്‍ലര്‍ ഉടമയാണ് ഡെയ്സി പുത്രന്‍. കൊച്ചിയിലും ഒരു വര്‍ഷം ലേഡീസ് ബ്യൂട്ടി പാര്‍ലര്‍ നടത്തി. കൊച്ചിയിലെ ആദ്യത്തെ ജെന്‍റ്സ് ബ്യൂട്ടി പാര്‍ലര്‍ പുത്രന്‍ പോളിന്‍റേതാണ്. അമ്മന്‍കോവില്‍ റോഡിലെ 'ജെന്‍റ്സ് ബ്യൂട്ടി പാര്‍ലര്‍. കളമശേരി പ്രീമിയര്‍ ടയേഴ്സ് ജീവനക്കാരനായിരുന്ന പുത്രന് ആലുവ ടാസ് റോഡിലും ബ്യൂട്ടി പാര്‍ലറുണ്ട്. പുത്രനും ഡെയ്സിയും സിംഗപ്പൂരില്‍ ബ്യൂട്ടീഷ്യന്‍ പരിശീലനം നേടിയവരാണ്.

കഥയും തിരക്കഥയും ഇംഗ്ലിഷില്‍ എല്‍കെജി മുതല്‍ ആറാം ക്ലാസ് വരെ ഊട്ടിയില്‍ പഠിച്ച അല്‍ഫോന്‍സ് പുത്രനു മലയാളത്തെക്കാള്‍ വഴങ്ങുന്നത് ഇംഗ്ലിഷാണ്. അതിനാല്‍ കഥയും തിരക്കഥയും സംഭാഷണവുമെല്ലാം തയാറാക്കുന്നത് ഇംഗ്ലിഷില്‍. മാറന്പള്ളി എംഇഎസ് കോളജില്‍ നിന്നു ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് പാസായ ശേഷമാണ് ചെന്നൈയില്‍ സിനിമ പഠിക്കാന്‍ ചേര്‍ന്നത്. ക്യാംപസിലെ അടുത്ത കൂട്ടുകാരില്‍ പലരും രണ്ടു സിനിമകളുടെയും അണിയറയിലുണ്ട്.

ഈ കാലഘട്ടത്തില്‍ അല്‍ഫോന്‍സ്, നിവിന്‍ പോളി ഗ്യാങ്ങിന്‍റെ സ്ഥിരം താവളമായിരുന്നു ആലുവ പാലസിനടുത്തുള്ള ഗോപുവിന്‍റെ സര്‍ബത്തു കട. നടന്‍ ദിലീപിന്‍റെ വീട്ടിലേക്കു തിരിയുന്ന മൂലയില്‍ വൃത്താകൃതിയിലുള്ള ഈ കട 'പ്രേമത്തില്‍ കസ് കസ് ഇട്ടു തണുപ്പിച്ച സര്‍ബത്ത് കിട്ടുന്ന 'ഗോപൂസ് കൂള്‍ ബാര്‍ എന്ന പേരില്‍ അവതരിപ്പിക്കുന്നുണ്ട്. കട നടത്തുന്ന ഗോപുവാണ് സിനിമയില്‍ ഉണ്ണിയേട്ടനായി വേഷമിട്ടത്. എന്നാല്‍, കട യഥാര്‍ഥത്തില്‍ ഉള്ളതല്ല. ഉളിയന്നൂരില്‍ സെറ്റിടുകയായിരുന്നു.

പ്രേമം ഹിറ്റായ ശേഷം ഗോപുവിന്‍റെ കടയില്‍ ചെറുപ്പക്കാരുടെ തിരക്കേറി. പ്രേമം സര്‍ബത്ത് ഇവിടെ ലഭിക്കുമെന്ന് സിനിമാ പോസ്റ്ററില്‍ സ്റ്റിക്കര്‍ പതിച്ചുവച്ചാണ് ഇപ്പോള്‍ കച്ചവടം. സിനിമ സംവിധായകന്‍റെതാണെന്നു കരുതുന്ന അല്‍ഫോന്‍സ് ഒന്നിലും കൈകടത്താന്‍ നിര്‍മാതാവടക്കം ആരെയും അനുവദിക്കില്ല. സെറ്റില്‍ തികഞ്ഞ കര്‍ശനക്കാരനാണ്. ചെന്നൈയില്‍ പഠനം കഴിഞ്ഞു തിരിച്ചെത്തി നേരത്തിന്‍റെ കഥയും തിരക്കഥയും എഴുതി, തന്നെ അംഗീകരിക്കുന്ന നിര്‍മാതാവിനു വേണ്ടി അല്‍ഫോന്‍സ് കാത്തിരുന്നതു നീണ്ട ഏഴു വര്‍ഷം.

ആലുവക്കാരുടെ സിനിമ 'പ്രേമത്തില്‍ ആലുവാപ്പുഴയുടെ തീരത്ത് എന്ന ഹിറ്റ് ഗാനത്തില്‍ മാത്രമല്ല ഈ നാടിന്‍റെ സ്പന്ദനമുള്ളത്. ആലുവക്കാരായ ൨൮ ചെറുപ്പക്കാര്‍ ഈ സിനിമയുടെ അണിയറയിലുണ്ട്. നായകന്‍ നിവിന്‍ പോളി, ക്യാമറാമാന്‍ ആനന്ദ് ചന്ദ്രന്‍, അല്‍ഫോന്‍സ്, സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ്, പാട്ടെഴുതിയ ശബരീഷ്, നിവിന്‍ പോളിയുടെ സുഹൃത്തുക്കളായി എത്തുന്ന കിച്ചു എന്ന കൃഷ്ണചന്ദ്രന്‍, ഷറഫ്, സിജോ വില്‍സന്‍ എന്നിവരാണു പ്രധാനികള്‍. ജൂഡും അല്‍ഫോന്‍സും പറവൂര്‍ സെന്‍റ് അലോഷ്യസ് ഹൈസ്കൂളില്‍ സഹപാഠികളായിരുന്നു. ശബരീഷും അല്‍ഫോന്‍സും തമ്മില്‍ അടുപ്പമുണ്ടായതു മാറന്പള്ളി കോളജിലെ പഠനകാലത്ത്.

ഒരേ ഇടവകക്കാരാണു നിവിനും അല്‍ഫോന്‍സും സിജോയും. യുസി കോളജിനടുത്തുള്ള ഒരു വീട്ടിലിരുന്നാണു പ്രേമത്തിന്‍റെ കഥയും തിരക്കഥയും തയാറാക്കിയത്. പ്രധാന ലൊക്കേഷനുകള്‍ നഗരത്തില്‍ നിന്നു വിളിപ്പാടകലെയുള്ള ഉളിയന്നൂരും യുസി കോളജ് ക്യാംപസുമാണ്. അഭിനേതാക്കളില്‍ പലരും 'ഗോപൂസ് കൂള്‍ ബാര്‍ അസോസിയേഷനിലെ കൂട്ടുകാര്‍. അമ്മ ഡെയ്സി പുത്രന്‍ പറഞ്ഞുകേട്ട ഒരു സംഭവ കഥയും അല്‍ഫോന്‍സ് ഈ സിനിമയില്‍ ഉള്‍പ്പെടുത്തി.

പക്ഷേ, സിനിമ കണ്ടപ്പോഴേ അമ്മ ഇക്കാര്യം അറിഞ്ഞുള്ളൂ. നിവിന്‍ പോളിയുടെ വീട്ടുപേരായ 'കളപ്പറന്പത്ത് സിനിമയില്‍ കടന്നുവരുന്നതു നിവിന്‍റെ വീട്ടുപേരായാണ്. അല്‍ഫോന്‍സിന്‍റെ അമ്മ ഡെയ്സിയും ഇതേ വീട്ടുകാരിയാണ്. കരുമാല്ലൂര്‍ കളപ്പറന്പത്ത് കുടുംബാംഗം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.