Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽഖർ–അമൽ ചിത്രത്തിന്റെ കഥ; രഹസ്യംവിടാതെ സംവിധായകൻ

dulquer-amal

പ്രൊഡക്‌ഷൻ നമ്പർ നാല്!! ‍‌‌പുതിയ സിനിമയെക്കുറിച്ചു ചോദിക്കുന്നവരോടു സംവിധായകൻ അമൽ നീരദ് പറയുന്നത് ഇത്രമാത്രം. ഫസ്റ്റ് ഷെഡ്യൂൾ കഴിഞ്ഞിട്ടും പടത്തിനു പേരിട്ടിട്ടില്ല. സിനിമയുടെ പൂജയ്ക്കു മുൻപേ, കഥാപാത്രങ്ങളുടെ സ്റ്റൈലിഷ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിക്കുന്ന പതിവുമുണ്ടായില്ല. കഥയെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ നോ കമന്റ്സ്.

ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ ആദ്യരഹസ്യം പൊട്ടിച്ചു. ദുൽഖറിന്റെ കഥാപാത്രത്തിന്റെ പേര് അജി മാത്യു. ഇതിനൊപ്പം, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും റിലീസ് ചെയ്തു. ആഴ്ചകൾക്കു മുൻപേ റെഡിയാക്കിയതാണു പോസ്റ്റർ. പക്ഷേ, ദുൽഖറിന്റെ ജന്മദിനത്തിനായി കാത്തിരിക്കുകയായിരുന്നു.

dulquer-aji

പാലാ രാമപുരം സ്വദേശിയായ അജി മാത്യുവായാണ് ദുൽഖർ ചിത്രത്തിൽ അഭിനയിക്കുന്നത്. ‘സം ഹീറോസ് ആർ റിയൽ’ എന്നൊരു ടാഗ്‌ലൈനുണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. ഒരു സംഭവകഥയുടെ ഓർമപ്പെടുത്തലാണു സിനിമയെന്നും അമൽ നീരദ് സമ്മതിക്കുന്നു.

പാലാ, കോട്ടയം ഭാഗങ്ങളിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ. ഇതിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ ഏറെക്കുറെ പൂർത്തിയാക്കിയ സംഘം അടുത്തമാസം ആദ്യവാരം യുഎസിലേക്കു പറക്കുകയാണ്. ടെക്‌സസ് ആയിരിക്കും പ്രധാന ലൊക്കേഷൻ. നാട്ടിൽനിന്ന് അമേരിക്കയിലെത്തുന്ന ഒരു സാധാരണക്കാരാനായ പാലാക്കാരന്റെ കഥയാണു സിനിമയെന്നു മാത്രം ഒറ്റവാചാകത്തിൽ, രഹസ്യംവിടാതെ അമൽ സൂചിപ്പിക്കുന്നു.

ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷിബിൻ ഫ്രാൻസിസ് പാലാ പൂവത്തോട് സ്വദേശിയാണ്. 10 വർഷമായി യുഎസിലുള്ള ഷിബിൻ കഴിഞ്ഞ ഓഗസ്റ്റിലാണ് അമലിനോട് ഈ കഥ പറയുന്നത്. പൃഥ്വിരാജ് നായകനായ ‘പാവാട’യുടെ കഥ ഷിബിന്റേതായിരുന്നു. ഷിബിൻ ആദ്യം പറഞ്ഞ കഥ തനിക്ക് കണക്ടു ചെയ്യാൻ പറ്റുന്നതായിരുന്നില്ല എന്ന് അമൽ പറയുന്നു. എങ്കിൽപ്പിന്നെ ഇതായാലോ എന്ന മുഖവുരയോടെ ഷിബിൻ ഒറ്റവാക്കിൽ പറ‍ഞ്ഞ കഥ ഇഷ്ടപ്പെടുകയും ചെയ്തു. ആ ‘വൺലൈൻ’ സ്റ്റോറിയാണു പിന്നീടു ചിത്രത്തിന്റെ തിരക്കഥയായി മാറിയത്. പ്രശസ്ത ഛായാഗ്രാഹകൻ സി.കെ. മുരളീധരന്റെ മകൾ കാർത്തികയാണു ചിത്രത്തിൽ ദുൽഖറിന്റെ നായിക. 

Your Rating: