Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവൾ, അനാർക്കലി, ഒരു ദ്വീപായി മാറുമ്പോൾ...

priyal-gor

സമുദ്രം ചുറ്റിവരിഞ്ഞ ദ്വീപും, പെൺകുട്ടിയുടെ മനസ്സും...കീഴടക്കാൻ ബുദ്ധിമുട്ടാണ് രണ്ടും. പെൺമനസ്സ് കീഴടക്കാനും ദ്വീപിൽ കാലുറപ്പിക്കാനും സാഹസികതയുടെ കൈപിടിച്ചൊരു യാത്ര അനിവാര്യം. ആ യാത്രയിൽ ആർത്തലയ്ക്കുന്ന തിരമാലകൾ ജീവൻ നക്കിയെടുക്കാൻ വന്നേക്കാം, ആഴങ്ങൾ അതിന്റെ മാസ്മരികതകളിലേക്ക് നീരാളിക്കൈകളുമായി വലിച്ചുകൊണ്ടുപോയേക്കാം, മഴ വരാം, മിന്നലും...എന്തിനെന്നോ ഏതിനെന്നോ ആരെന്നോ അറിയാതെ പ്രതിബന്ധങ്ങൾ ഏറെ വരും. പക്ഷേ എല്ലാറ്റിനെയും അതിജീവിച്ചേ മതിയാകൂ.

കാരണം, കാത്തിരിക്കുന്നത് നമുക്ക് അത്രമാത്രം വിലപ്പെട്ട എന്തൊക്കെയോ, ആരൊക്കെയോ ആണ്...ആ കാത്തിരിപ്പിന്റെ കഥയായിരുന്നു അനാർക്കലി. അതിനേക്കാളേറെ അതൊരു വെട്ടിപ്പിടിക്കലിന്റെ കൂടി കഥയായിരുന്നു. അതിനായി സംവിധായകൻ സച്ചി തിരഞ്ഞെടുത്തതാകട്ടെ ചിതറിക്കിടക്കുന്ന ലക്ഷദ്വീപുസമൂഹങ്ങളിലെ ഒരു മഴത്തുള്ളിയായ കവരത്തിയെയും.

priyal

എത്തിപ്പെടാൻ അൽപം ബുദ്ധിമുട്ടാണ്, കയറിപ്പറ്റിയാൽ തിരികെപ്പോരാനോ, കഷ്ടപ്പാടുകളേറെ–അത്തരമൊരിടമായിരുന്നു ആ ദ്വീപ്. ഒരു ബൈക്കിലേറി പാഞ്ഞാൽ വെറും അരമണിക്കൂറു കൊണ്ട് അളന്നെടുക്കാവുന്ന വിധമുള്ള കുഞ്ഞൻപ്രദേശം. ‘അനാർക്കലി’യിലെ പ്രണയത്തോട് ഈ ദ്വീപു പോലെ ഇത്രമാത്രം ചേർന്നു പോകുന്ന മറ്റൊരു ഉപമ വേറെയുണ്ടാകില്ല. അതുകൊണ്ടുതന്നെ നാദിറയുടെയും ശാന്തനുവിന്റെയും കഥ പറയാനായി കവരത്തി തന്നെ സച്ചി തിരഞ്ഞെടുത്തപ്പോഴുണ്ടായ സിനിമാറ്റിക് അനുഭവവും ഏറെ സുഖകരം.

കാഴ്ചകളാൽ സമ്പന്നമാണ് ‘അനാർക്കലി’. കവരത്തിയിലെ ഇന്നേവരെ കാണാത്ത കാഴ്ചകളും അറിയാത്ത കാര്യങ്ങളും പ്രേക്ഷകനു മുന്നിലെത്തുന്നതിന്റെ അനുഭവസുഖം ഒന്നു വേറെത്തന്നെ. അറിഞ്ഞോ അറിയാതെയോ സച്ചി ഈ ദ്വീപിനെയും നാദിറയെന്ന പെൺകുട്ടിയെയും ഒരേപോലെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. മേലുദ്യോഗസ്ഥന്റെ മകളാണ്, വരുംവരായ്കൾ അറിഞ്ഞിട്ടു തന്നെയാണ് നാദിറയെ ശാന്തനു പ്രണയിച്ചത്. അത്രയേറെ ബുദ്ധിമുട്ടിയില്ലെങ്കിലും ആ പെൺകുട്ടിയുടെ മനസ്സ് കീഴ്പ്പെടുത്തി അവൻ. ഇരുവരും പ്രണയത്തിന്റെ മഴയേറെ നനഞ്ഞതുമാണ്. പക്ഷേ പ്രണയത്തിന്റെ(വിരഹത്തിന്റെയും) ആ ദ്വീപിൽ നിന്നിറങ്ങിപ്പോരാൻ മാത്രം അവനായില്ല. അവനു മാത്രമല്ല അവൾക്കും..സിനിമയുടെ കഥ പറഞ്ഞാൽ രസം പോകും. നമുക്ക് കവരത്തിയെപ്പറ്റി സംസാരിക്കാം.

priyal-prithvi

കടൽകടന്നു പുറപ്പെട്ട ചേരമാൻ പെരുമാളിനെ തിരികെക്കൊണ്ടുവരാനായി പിറകെപ്പോയ അദ്ദേഹത്തിന്റെ അനുചരന്മാരാണത്രേ ആദ്യമായി കവരത്തിയിൽ ചെന്നുപെട്ടത്. അവരവിടെ താമസമുറപ്പിച്ചു. മലയാളികളും തമിഴ്നാട്ടുകാരുമൊക്കെ പലപ്പോഴായി ആ ദ്വീപിലേക്കണഞ്ഞു. കച്ചവടയാത്രകൾക്കിടയിൽ അറബികളും അവിടെ താവളമടിച്ചു. മലയാളത്തിനും തമിഴിനുമൊപ്പം അറബിയും ചേർത്ത് അവർക്കൊരു സങ്കരഭാഷയുണ്ടായി, അത് ദ്വീപുഭാഷയായി.

ഓരോരോ ദ്വീപുകളെപ്പോലെയായിരുന്നു അവിടെ ജീവിച്ചിരുന്നവരും. തങ്ങളുടേതായ സ്വാർഥതയും സ്വപ്നവും സങ്കടവുമെല്ലാം നെഞ്ചിൽ നിറച്ചു ജീവിക്കുന്നവർ. ആ ദ്വീപിനപ്പുറത്തേക്ക് തങ്ങളുടെ വേണ്ടപ്പെട്ടവർ പോകുന്നത് പോലും അവരിഷ്ടപ്പെടുന്നില്ല. ദ്വീപ് കടന്നു പോയവർ മരിച്ചാൽ തിരികെ കൊണ്ടുവരാൻ പോലുമാകില്ല. വേണ്ടപ്പെട്ടവരുടെ കണ്ണീർ പോലും കിട്ടാതെ അവസാന നിദ്രയിലാണ്ട എത്രയോ പേരങ്ങനെ ദൂരെ...

ദ്വീപിന്റെ വിചിത്രമായ ഈ സ്വഭാവം അനാർക്കലിയിലെ പ്രണയത്തിലും കാണാം. അടിയന്തരമായ ആവശ്യങ്ങളൊന്നുമില്ലെങ്കിൽ ദ്വീപിൽ നിന്ന് പുറത്തുകടക്കണമെങ്കിൽ ഇടയ്ക്കിടെ വന്നുപോകുന്ന കപ്പലുകളേയുള്ളൂ ഏകവഴി. ദ്വീപിനെ പുറംലോകത്തു നിന്ന് ഒറ്റപ്പെടുത്തണമെങ്കിൽ അവിടെയുള്ള നേവി ഉദ്യോഗസ്ഥർ വിചാരിച്ചാൽ പോലും മതി. സമാനമാണ് ശാന്തനുവിന്റെ പ്രണയവും. വിരഹത്തിന്റെ ആ ദ്വീപിൽ നിന്ന് രക്ഷപ്പെടണമെന്നുണ്ട് അവന്. പക്ഷേ സാധിക്കുന്നില്ല.

anarkali

ചിലരുടെ സ്വാർഥത കൊണ്ടുമാത്രം ആ പ്രണയദ്വീപ് തീർത്ത തടവറയിൽ നിന്ന് അവനോ അവൾക്കോ രക്ഷപ്പെടാനാകുന്നില്ല. തേടിക്കൊണ്ടിരിക്കുന്ന ആളെക്കുറിച്ച് ഉത്തരം പോലും ലഭിക്കുന്നില്ല പലപ്പോഴും, ഇനിയും ആ പ്രണയത്തിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ അവന് സ്വന്തം ജീവിതം കൊണ്ടുതന്നെ ചൂതാടണമായിരുന്നു. ദ്വീപിനെ വരിഞ്ഞ കടലിനെപ്പോലെ തന്റെ പ്രണയത്തെ ശ്വാസം മുട്ടിക്കുന്ന എല്ലാറ്റിനെയും തച്ചുതകർക്കാൻ അവന് അവസാനത്തെ പോരാട്ടം നടത്തിയേ മതിയാകൂ...

prithviraj-anarkali

കാരണം, പ്രണയം മരണത്തേക്കാൾ കാഠിന്യമേറിയതാണല്ലോ...സത്യമാണ്. മരണം ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം തീർക്കും. പക്ഷേ പ്രണയം, അതെത്രമാത്രം ശക്തമാണെങ്കിലും, ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുകയല്ലേ പതിവ്...!