Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനൂപ് മേനോന്റെ കൊച്ചുവാവ

kalpana-anoop കൽപന, അനൂപ് മേനോൻ

കൽപനയെ അനുസ്മരിച്ച് നടന്‍ അനൂപ് മേനോൻ. അനൂപ് മേനോൻ തിരക്കഥ എഴുതിയ ചിത്രമായ ഡോൾഫിൻസിൽ കൽപന പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ആ സിനിമയുമായി ബന്ധപ്പെട്ട ഓർമകൾ പ്രേക്ഷകർക്കായി പങ്കുവക്കുകയാണ് അദ്ദേഹം...

‘ഡോല്‍ഫിന്‍സിന്‍റെ ക്ലൈമാക്സ് ഷൂട്ട്. സെക്രട്ടറിയേറ്റിന് മുന്നില്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു.തകര്‍ത്ത് പെയ്യുന്ന മഴയിലേക്ക് നോക്കി 'കല്‍പ്പു' എന്ന് ഞാന്‍ വിളിക്കാറുള്ള കല്‍പ്പന ചേച്ചി പറഞ്ഞു "ഈ സിനിമയിലെ കൊച്ചുവാവയാണ് എന്‍റെ ജീവിതത്തിനോടു ഏറ്റവും അടുത്ത് നില്‍ക്കുന്ന കഥാപാത്രം. ഇവളെ പോലെ ഞാനും മരണത്തെ എന്നും പ്രതീക്ഷിക്കുന്നുണ്ട്. അവള്‍ ചിരിക്കുന്ന അതേ ചിരിയോടെ ഞാന്‍ അയാളെ കാണുന്നുണ്ട്.

മരണം വാതിലില്‍ മുട്ടുമ്പോള്‍ അവള്‍ ബാക്കി വെച്ച ആഗ്രഹം ഒന്ന് മാത്രമാണ്. വിവാഹ ശേഷമുള്ള ഒരു പ്രണയ ദിനത്തില്‍ നടന്ന പോലെ കനത്തു പെയ്യുന്ന ഒരു രാമഴയില്‍ ഒരു കുടക്കീഴില്‍ തന്‍റെ ഭര്‍ത്താവിനൊപ്പം ഒരു യാത്ര. റഫീക്ക് പാടിയ പോലെ "ഒടുവിലായ് അകത്തേക്കെടുക്കും ശ്വാസ കണികയില്‍ നിന്‍റെ ഗന്ധമുണ്ടാകുവാന്‍.."

അന്ന് ആദ്യമായാണ് ഞാന്‍ ചേച്ചിയെ അങ്ങനെ ഒരു ഭാവത്തില്‍ കണ്ടത്. തമാശകള്‍ മാത്രമുണ്ടാകാറുള്ള ആ മുഖത്ത് മറ്റൊരു വ്യക്തി നിലകൊണ്ടു. ആ സീന്‍ ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ സുരേഷേട്ടനും ചേച്ചിയും ഒരുപാട് കരഞ്ഞു.

അവിടെ എനിക്ക് ചോദ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ചിലപ്പോള്‍ അവര്‍ക്ക് ഉത്തരങ്ങളും. പിന്നെ ഒരിക്കല്‍ ഒരു ഫോണ്‍ സംഭാഷണത്തില്‍ ചേച്ചി പറഞ്ഞു. "ഹോട്ടല്‍ മുറികളെ എനിക്ക് ഭയമായിരിക്കുന്നു അനൂ.. നമ്മള്‍ ഇഷ്ടപ്പെടാത്ത ആരോ വാതിക്കല്‍ നില്‍ക്കുന്ന പോലെ. " വാതില്‍ പുറത്തുണ്ടായിരുന്ന ആ ആരാധകന്‍ ഒരു ഔചിത്യമില്ലാത്ത കോമാളി തന്നെയാണ് ചേച്ചീ. ഇത്രയും നന്‍മയുള്ള ഒരു ജീവനെ കരിച്ചു കഴിയാന്‍ ഒരു വിഡ്ഡിക്കേ കഴിയൂ....അനൂപ് മേനോന്‍ ഫേസ്ബുക്കിൽ കുറിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.