Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൗഷാദ് പകർന്നുതന്നത് ജാതിയും നാമവുമില്ലാത്ത മരുന്നാണ്: അനൂപ് മേനോൻ

noushad-anoop നൗഷാദ് , അനൂപ് മേനോൻ

സ്വന്തം ജീവനെക്കുറിച്ചും പോലും ആലോചിക്കാതെ രണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ ഇറങ്ങിതിരിക്കുമ്പോൾ കുടുംബമോ, മറ്റ് ബാധ്യതകളോ ഒന്നും നൗഷാദിനെ പിന്നിൽനിന്ന് വിളിച്ചില്ല. ചുറ്റുമുള്ള മനുഷ്യനെ കാണാനുള്ള കണ്ണുണ്ടാവണം എന്ന ദൈവവചനമായിരിക്കും ഒരുപക്ഷേ അയാളുടെ ഉള്ളിൽ മുഴങ്ങിയത്. അതുകൊണ്ടുതന്നെ ആ മരണം ഒരു ദുരന്തത്തിനപ്പുറത്തേക്ക് നന്മയുടെയോ മനുഷ്യത്വത്തിന്റെയോ ഒക്കെ പ്രതീകമായി മാറുന്നു.

കോഴിക്കോട് ഓട വൃത്തിയാക്കാനിറങ്ങി കുടുങ്ങിപ്പോയവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട നൗഷാദിനെ അനുസ്മരിച്ച് നടൻ അനൂപ് മേനോനും. ഫേസ്ബുക്കിലാണ് അദ്ദേഹം നൗഷാദിനെ ഓർമപ്പെടുത്തി കുറിപ്പ് എഴുതിയിത്.

‘നൗഷാദ്... മരിക്കുന്നതിന് തൊട്ടുമുന്‍പുവരെ നീ സ്‌നേഹമുള്ള ഒരു മനുഷ്യന്‍ മാത്രമായിരുന്നു... ഇന്ന് നിനക്കൊരു ജാതിയുണ്ട്.. അത് മാത്രമാണ് നീ എന്ന് പറയിപ്പിക്കാന്‍ നീ മരിക്കണ്ടായിരുന്നു... രക്ഷപ്പെടുത്താന്‍ ശ്രമിച്ചു എന്ന കുറ്റബോധമില്ലാത്ത ആശ്വാസം കീശയിലിട്ട് നിനക്ക് കാത്തിരിക്കുന്ന ഭാര്യയിലേക്ക് തിരിച്ചുപോകാമായിരുന്നു.... ഞാനുള്‍പ്പെടുന്ന ഭൂരിപക്ഷം ആളുകളും ചെയ്തു പോരാറുള്ളത് അത് തന്നെയാണല്ലോ... നിനക്കുമൊരു കാഴ്ചക്കാരനായി നില്‍ക്കാമായിരുന്നു...

ആ മാന്‍ഹോളില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുമ്പോള്‍ ഒരു സെല്‍ഫി എടുത്ത് ഞാനും അവിടെ ഉണ്ടായിരുന്നു എന്ന് പ്രസിദ്ധപ്പെടുത്താമായിരുന്നു... ഇന്ന് നിന്റെ ഓട്ടോയില്‍ സവാരി പോവുന്ന യാത്രക്കാരനോട് 'രണ്ട് വരുത്തന്മാര്‍ മയ്യത്തായതിന്റെ ഒരു ദൃക്‌സാക്ഷി വിവരണം നടത്താമായിരുന്നു... നിനക്ക് ഈ വൈകുന്നേരവും നിന്റെ പ്രിയപ്പെട്ട മിഠായി തെരുവിലൂടെ ഭാര്യയുടെ കൈയ്യും പിടിച്ച് ചുറ്റാമായിരുന്നു... നീ അതു ചെയ്തില്ല... പകരം മറ്റ് രണ്ട് ജീവനും വേണ്ടി നി മരിച്ചു...

കാണാമറയത്തിരുന്ന് ഇവിടെ നടക്കുന്ന കോമഡികള്‍ നി കാണുന്നുവെങ്കില്‍... ചിരിക്കുക... കാരണം, ആ മാന്‍ഹോളില്‍ അവസാനം ഉണ്ടായിരുന്നത് ഒരു മുസല്‍മാനും രണ്ട് ഹിന്ദുക്കളുമായിരുന്നില്ല എന്ന് നിനക്ക് മാത്രമല്ലേ അറിയൂ.. കൂട്ടുകാരാ, നീ ഞങ്ങള്‍ക്ക് പകര്‍ന്നു തന്നത് ഈ ലോകത്തിനെ സര്‍വ്വനാശത്തില്‍നിന്നും രക്ഷപ്പെടുത്താന്‍ കഴിയുന്ന ഒരേ ഒരു മരുന്നാണ്... അതിന് ഒരു നാമമില്ല, ജാതിയും...അനൂപ് മേനോൻ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.