Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുശ്രീയുടെ പരാതി: വിമാനത്താവള അധികൃതർ അംഗീകരിച്ച വിലയാണെന്ന് റസ്റ്ററന്റുകാർ

anusree

കട്ടൻചായയും കോഫിയും പഫ്സും കഴിച്ചതിനു തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തിൽ 680 രൂപ ഈടാക്കിയെന്ന സിനിമാതാരം അനുശ്രീയുടെ പരാതിയിൽ എയർപോർട്ട് അധികൃതർ റസ്റ്ററന്റ് നടത്തിപ്പുകാരിൽ നിന്ന് വിശദീകരണം തേടി. എയർപോർട്ട് അതോറിറ്റി അംഗീകരിച്ച വില മാത്രമേ ഈടാക്കിയിട്ടുള്ളൂവെന്നും ഇതിനു ബിൽ നൽകിയിട്ടുണ്ടെന്നുമാണ് റസ്റ്ററന്റുകാരുടെ വിശദീകരണം. സംഭവത്തിൽ കിച്ചൻ ലഘുഭക്ഷണശാലയ്ക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശകമ്മീഷൻ ഉത്തരവിട്ടിരുന്നു.

റസ്റന്റുകാർ അന്യായമായ വില ഈടാക്കിയെന്ന അനുശ്രീയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് എയർപോർട്ട് അധികൃതർ വിശദീകരണം തേടിയത്. നാലു പഫ്സും ഒരു കാപ്പിയും കട്ടൻചായയുമാണ് കഴിച്ചതെന്നും വിലവിവരപ്പട്ടികപ്രകാരമുള്ള വില മാത്രമേ ഈടാക്കിയിട്ടുള്ളൂവെന്നുമാണ് കിച്ചൻ അധികൃതർ നൽകിയ വിശദീകരണം. കട്ടൻചായയ്ക്ക് 80 രൂപയും കോഫിക്ക് 100 രൂപയും പഫ്സിന് 125 രൂപ വീതവുമാണ് ഈടാക്കിയത്. കർശനമായ വ്യവസ്ഥകളാണ് വിമാനത്താവളത്തിനുള്ളിലെ ഭക്ഷണശാലകളുടെ നടത്തിപ്പിന് ഏർപ്പെടുത്തിയിട്ടുള്ളതെന്നും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കാൻ സംവിധാനമുണ്ടെന്നും അധികൃതർ പറഞ്ഞു.

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന് എല്ലാ ഷോപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഷോപ്പുകൾ ടെൻഡറിലൂടെയാണ് മൂന്നുവർഷ കാലാവധിയിൽ ലേലം ചെയ്യുന്നത്. ത്രീ സ്റ്റാറിനു മുകളിലുള്ള നിലവാരമാനദണ്ഡമാണ് ഭക്ഷണശാലകൾ പാലിക്കേണ്ടത്. നേരത്തെ റസ്റ്ററന്റ് നടത്തിയിരുന്നവർ വൻ നഷ്ടം വന്നതിനെത്തുടർന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ നഷ്ടപരിഹാരം നൽകി സ്വയം ഒഴിവായതിനെത്തുടർന്നാണു വീണ്ടും ടെൻഡർ വിളിച്ചത്. മുൻപരിചയം, ഗുണനിലവാരം, സേവനമികവ് തുടങ്ങി ഒട്ടേറെ മാനദണ്ഡങ്ങളുണ്ട്. സുരക്ഷാമേഖലയായതിനാൽ ഭക്ഷണസാധനങ്ങൾ എക്സറേ പരിശോധന നടത്തിയ ശേഷം മാത്രമേ വിൽപ്പനെത്തിക്കാനാകൂ.

24 മണിക്കൂറും പ്രവർത്തിക്കുകയും വേണം. ഈ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ പുറത്തെ വിപണിയേക്കാൾ വില കൂടുതലാകും. ഇരിപ്പിടങ്ങളും പരിചാരകരുമുള്ള റസ്റ്ററന്റുകളിലെ ഭക്ഷണത്തിന് വില വീണ്ടും കൂടും. അതേസമയം, സ്നാക് ബാറുകളിൽ വില അൽപം കുറയും. ഭക്ഷണസാധനങ്ങളുടെ വില സംബന്ധിച്ചു പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.

പരാതി ലഭിച്ചാൽ അക്കാര്യം അന്വേഷിച്ച് നടപടിയെടുക്കാറുണ്ട്. അനുശ്രീയും പരാതി നൽകിയിട്ടില്ല. ഗുണനിലവാരവും പരിശോധിക്കാൻ സ്ഥിരം സംവിധാനമുണ്ട്. പായ്ക്കറ്റ് ഭക്ഷണങ്ങളിൽ പരമാവധി വിൽപന വില രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ വിലയ്ക്കു മാത്രമേ വിൽക്കാവൂ. ഇറക്കുമതി ചെയ്യുന്ന പായ്ക്കറ്റുകളാണെങ്കിൽ വില പ്രിന്റ് ചെയ്യണമെന്നും നിബന്ധനയുണ്ട്.  

Your Rating: