Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിയിലെ ശബ്ദവിസ്മയങ്ങൾക്ക് പിന്നിൽ മലയാളികള്‍

baahubali-sounddesign

ബാഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രം റെക്കോർഡുകൾ ഭേദിച്ചു മുന്നേറുമ്പോൾ അതിനു പിന്നിലെ അറിയാക്കഥകൾക്കും പ‍ഞ്ഞമില്ല. ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരിൽ മലയാളികൾ ഉണ്ടെന്നതു പുതിയ കാര്യമല്ല. എന്നാൽ തലസ്ഥാനത്തു നിന്ന് ഉൾപ്പെടെയുള്ള ഒരുകൂട്ടം മലയാളികളാണു ചിത്രത്തിൽ ആരുടെയും കയ്യടി നേടുന്ന സൗണ്ട് മിക്സിങ്ങിനു പിന്നിൽ പ്രവർത്തിച്ചതെന്ന് അറിയുന്നവർ ചുരുക്കം. ചിത്രം ചരിത്രമായി മുന്നേറുമ്പോൾ വിജയം തങ്ങളുടെകൂടെ മികവിനുള്ള അംഗീകാരമാണെന്നു തിരിച്ചറിഞ്ഞ് എന്നാൽ ആരാലും തിരിച്ചറിയാതെ തങ്ങളുടെ ജോലിയിൽ മുഴുകുകയാണ് ഈ മലയാളിപ്പുലികൾ.

വട്ടിയൂർക്കാവ് സ്വദേശിയായ കെ.ആർ. ഗോകുലും കൂടെ മറ്റു മിടുക്കൻമാരും. വട്ടിയൂർക്കാവ് നേതാജി നഗർ സ്വദേശിയായ ഗോകുലും അമ്പലത്തറ സ്വദേശിയായ പ്രതിഭാ കൃഷ്ണമൂർത്തി , തലശേരി സ്വദേശികളായ വിമൽകുമാർ, പി.എം. സതീഷ് തൃശൂരുകാരൻ ജസ്റ്റിൻ ജോസ്, കോട്ടയം സ്വദേശി ശരത് മോഹൻ എന്നിവരാണു സംഭ്രമിപ്പിക്കുന്ന ബാഹുബലിയുടെ ശബ്ദവിന്യാസത്തിനു പിന്നിൽ.

ബോളിവുഡ് സിനിമകളിലൂടെ രാജമൗലിയുടെ ബാഹുബലിയിൽ എത്തിയ വട്ടിയൂർക്കാവ് സ്വദേശി ഗോകുൽ കഴിഞ്ഞ അഞ്ചു വർഷങ്ങളായി മുംബൈയിലാണ്. ഇതിനിടയിൽ മുപ്പത്തിയഞ്ചോളം ചിത്രങ്ങൾക്കു ശബ്ദം എഡിറ്റ് ചെയ്തു, അതിൽ മലയാള ചിത്രം കന്യകാ ടാക്കീസ്, അനുരാഗ് കാശ്യപിന്റെ ബോംബേ വെൽവെറ്റ് എന്നിവയും ഉൾപ്പെടുന്നു.

ബാഹുബലിയിലേക്കുള്ള എത്തപ്പെടൽ

മുംബൈയിൽ ഫ്രീലാൻസറാണു ഗോകുൽ. എന്നാൽ രാജമൗലി ഇന്ത്യയിലെ ആദ്യത്തെ സൗണ്ട് റിക്കാർഡിങ് സ്റ്റുഡിയോ ആയ ഫയർഫ്ലെയിലേക്കു വന്നതോടെ ഗോകുലിനും ബാഹുബലിയുടെ ഭാഗമാക്കാൻ സാധിച്ചു.

സാധാരണ ചിത്രങ്ങൾക്ക് വെറും ഇരുപതു ദിവസം; ബാഹുബലിക്ക് ഇരട്ടി

സാധാരണ ഒരു ചിത്രത്തിനു ശബ്ദമിശ്രണം നടത്താൻ വേണ്ടതു വെറും ഇരുപതു ദിവസം. എന്നാൽ ബാഹുബലിക്ക് എടുത്തതു നാൽപതു ദിവസം. സാധാരണ ചിത്രങ്ങൾക്ക് ഇരുപതു ദിവസം തന്നെ അധികമായിരിക്കെയാണു ബാഹുബലിക്കു നാൽപതു ദിവസങ്ങൾ എടുത്തത്,

പതിനൊന്നു മാസങ്ങൾ

നീണ്ട പതിനൊന്നു മാസങ്ങളാണു ബാഹുബലിയുടെ സൗണ്ട് വർക്കുകൾക്ക് എടുത്തത്. കഴിഞ്ഞ ഓഗസ്റ്റിൽ തുടങ്ങിയ വർക്ക് ജൂലൈയിൽ അവസാനിച്ചു.

വെല്ലുവിളികൾ

പഴയകാല കഥ പറയുന്ന ബാഹുബലിയുടെ ആയുധങ്ങളുടെ ശബ്ദം ഉണ്ടാക്കിയതു വെല്ലിവിളിയായതായി ഗോകുൽ പറയുന്നു. ആയുധങ്ങളുടെ ശബ്ദം എങ്ങനെ ആയിരിക്കുമെന്ന് ഒരു എെഡിയായും ഇല്ലായിരുന്നു. പിന്നെ പല ശബ്ദങ്ങൾ ഉണ്ടാക്കി മൗലിയെ കേൾപ്പിച്ചു. അതിൽ നിന്ന് ഇഷ്ടമുള്ളത് അദ്ദേഹം തിരഞ്ഞെടുത്തു. ആദ്യരംഗത്തെ വാട്ടർഫോൾ മുതൽ അവസാനത്തെ യുദ്ധരംഗം വരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. യുദ്ധരംഗത്തെ ക്രൗഡിന്റെ ശബ്ദം ഉണ്ടാക്കാൻ ബുദ്ധിമുട്ടി. ഹൈദരാബാദിലെ ഒരു ഗ്രൗണ്ടിൽ ഒരുമിച്ച് ആയിരം പേരുടെ ശബ്ദം റിക്കാർഡ് ചെയ്താണു യുദ്ധരംഗത്തെ ഒരു ലക്ഷം പേരുടെ വോയ്സ് ഉണ്ടാക്കിയത്. ഇതുപോലെയായിരുന്നു ഇന്റർവെൽ സമയത്തു ഗോൾഡൻ പ്രതിമ വീഴുന്ന സീനിലെ ശബ്ദവും ഉണ്ടാക്കിയത്.‍ ഇത്തരം ഒരു റിക്കാർഡിങ് ഇന്ത്യയിലെ ആദ്യസംഭവമാണ്.

ഫ്രണ്ട്‌ലി രാജമൗലി

ആർക്കും ചിന്തിക്കാൻ കഴിയാത്ത അത്രയും സിംപിളായ മനുഷ്യനാണു രാജമൗലിയയെന്നു ഗോകുൽ പറയുന്നു. തികച്ചു ഫ്രണ്ട്‌ലിയായ മനുഷ്യൻ. ഇരുപത്തിയഞ്ചു ദിവസമാണ് ഈ ടീമിനൊപ്പം മൗലി ഒരുമിച്ചുണ്ടായിരുന്നത്. അറിയാത്ത ബഹുമാനം തോന്നുന്ന വ്യക്തിത്വമാണു മൗലിയുടേതെന്നാണു ഗോകുലിന്റെ പക്ഷം.

ഫിലിം മിക്സിങ്ങിലെ ഡോൾബി അറ്റ്മോസ് സംവിധാനം

ഡോൾബിയിലെ ഏറ്റവും പുതിയ ഫോർമാറ്റാണ് അറ്റ്മോസ്. ഇതു വന്നിട്ടു രണ്ടു വർഷമേ ആകുന്നുള്ളു. ഇതു മിക്സ് ചെയ്യാൻ സർട്ടിഫിക്കറ്റ് നേടിയ ഇന്ത്യയിലെ ആദ്യ എൻജിനീയറും ഈ ടീമിൽ ഉള്ളതാണ്. തൃശൂർകാരൻ ജസ്റ്റിൻ ജോസ്

ഗോകുലിന്റെ അച്ഛൻ, അമ്മ...

അച്ഛൻ – രത്നാകരൻപിള്ള. അമ്മ– ശോഭ, ചേച്ചി– ലക്ഷമി, ഭർത്താവ് –രാജേഷ്

ശബ്ദമിശ്രണത്തിൽ പ്രവർത്തിച്ച ഈ മലയാളികൾ ഓരോത്തരുടെയും ചുമതലകൾ

സൗണ്ട് ഡിസൈനർ – പി.എം. സതീഷ് , ശരത് മോഹൻ ഫിലിം അസോഷ്യേറ്റ്, ജസ്റ്റിൻ ജോസ്–മിക്സിങങ്, വിമൽകുമാർ–അഡ്മിനിസ്ട്രേഷൻ, പ്രതിഭാ കൃഷ്ണമൂർത്തി, കെ.ആർ. ഗോകുൽ –സൗണ്ട് എഡിറ്റിങ്

ജസ്റ്റിൻ ജോസ്, ഗോകുൽ, ശരത് എന്നിവർ തൃശൂർ ചേതന സൗണ്ട് സ്റ്റുഡിയോയിൽ നിന്നുള്ളവരാണ് .

ലോകമാകെ ബാഹുബലി തകർക്കുമ്പോൾ മലയാളികൾ എന്ന നിലയിൽ തങ്ങളുടെ കൈമുദ്ര ഇന്ത്യൻ സിനിമയിലെ ചരിത്രമായ സിനിമയിൽ പതിപ്പിക്കാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ഈ ചെറുപ്പക്കാർ.