Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏരീസിൽ ബാഹുബലിയുടെ കലക്ഷൻ 1.4 കോടി

bahubali-collection

പ്രേക്ഷകരെ വിസ്മയിപ്പിച്ച ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി തിരുവനന്തപുരത്തെ എസ്എൽ ഏരീസ് പ്ലക്സ് സ്ക്രീൻ വൺ തിയറ്ററിൽ നിന്നു മാത്രം ഇതുവരെ നേടിയത് 1.4 കോടി രൂപ. ചിത്രത്തിന്റെ വൻ വിജയത്തിലുള്ള ആഹ്ലാദം തലസ്ഥാനത്തെ പ്രേക്ഷകരുമായി പങ്കിടുന്നതിനു ബാഹുബലിയുടെ സംവിധായകൻ രാജ മൗലി എട്ടാം തീയതിക്കു ശേഷം ഇവിടെ എത്തുന്നുണ്ട്.

ദക്ഷിണേന്ത്യയിൽ ഫോർ കെ പ്രൊജക്‌ഷനും ഏറ്റവുമധികം സാങ്കേതികമേന്മയുമുള്ള രണ്ടാമത്തെ തിയറ്ററായ ഏരീസ് പ്ലക്സിൽ ഈ സിനിമ കാണാൻ കൂടിയാണു സംവിധായകൻ എത്തുന്നത്. അദ്ദേഹത്തിന്റെ വരവ് വൻ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഏരീസ് പ്ലക്സ് അധികൃതർ. തിരുവനന്തപുരത്ത് ഈ തിയറ്ററിനു പുറമെ കൈരളിയിലും ശ്രീപത്മനാഭയിലും ബഹുഭാഷാചിത്രമായ ബാഹുബലി റിലീസ് ചെയ്തിരുന്നു.

എന്നിട്ടും പതിനാറാം ദിവസമായപ്പോഴേക്കും ഏരീസ് പ്ലക്സ് സ്ക്രീൻ വണ്ണിൽ നിന്നു മാത്രമുള്ള വരുമാനം ഒരു കോടി മറികടന്നു. തിങ്കളാഴ്ച വരെ ഈ സിനിമയുടെ വിനോദനികുതിയായി ഈ തിയറ്ററിൽ നിന്നു നഗരസഭയ്ക്കു നൽകിയത് 28 ലക്ഷം രൂപയാണ്. കേരളത്തിൽ ആദ്യമായാണ് ഒരു തിയറ്ററിൽ നിന്ന് ഇത്രയേറെ രൂപ ഒരു സിനിമയ്ക്കു മാത്രമായി കലക്‌ഷൻ ലഭിക്കുന്നത്.

മൾട്ടിപ്ലക്സ് ആയ ഏരീസ് പ്ലക്സ് സ്ക്രീൻ വണ്ണിൽ ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ സമീപകാലത്തൊന്നും ഈ റെക്കോർഡ് മറികടക്കാൻ മറ്റു തിയറ്ററുകൾക്കു സാധിക്കില്ല. തിങ്കളാഴ്ചയും ബാഹുബലിയുടെ ഒന്നും രണ്ടും ഷോ ഹൗസ്‌ഫുൾ ആയിരുന്നു. അങ്ങേയറ്റത്തെ സാങ്കേതികമേന്മയോടെ ത്രീഡി സിനിമ കാണാമെന്നതാണ് ഈ തിയറ്ററിലേക്കു പ്രേക്ഷകരെ ആകർഷിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഓണം കഴിയുന്നതുവരെ ബാഹുബലി തിയറ്ററിൽ ഉണ്ടാകുമെന്ന് എസ്എൽ ഏരീസ് പ്ലക്സ് മാനേജിങ് ഡയറക്ടർ ബി. ഉണ്ണിക്കൃഷ്ണൻ പറയുന്നു.