Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിക്ക് അഭിമാനിക്കാം, മകനെ ഓർത്ത്: ബാലചന്ദ്രമേനോൻ

balachandramenon-dulquer ബാലചന്ദ്രമേനോൻ, ദുൽക്കർ

ദുൽക്കർ സല്‍മാൻ നായകനായി എത്തിയ ചാർലി നിരൂപകരുടെയും പ്രേക്ഷകരെയും മനസ്സ്കീഴടക്കി മുന്നേറുകയാണ്. സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ ഉൾപ്പടെയുള്ളവർ ചിത്രത്തിലെ ദുൽക്കറിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനും ചാർലിയെ പുകഴ്ത്തി എത്തിയിരിക്കുന്നു.

ബാലചന്ദ്രമേനോന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കാം–

ഹൈദരാബാദിലെ വനവാസം കഴിഞ്ഞ് മടങ്ങിവന്നപ്പോൾ "വനിത" ക്ക് വേണ്ടി എന്റെ തലയിൽ കർചീഫ് കെട്ടി ഫോട്ടോ എടുത്തത് എബ്രിഡ് ഷൈൻ എന്ന ഫോട്ടോഗ്രാഫർ ആയിരുന്നു. പിന്നീട് അദ്ദേഹം 1983 എന്ന സിനിമ സംവിധാനം ചെയ്ത് 'വനിത' അവാർഡ്‌ വാങ്ങുമ്പോൾ ഞാൻ ആ വേദിയിൽ എന്റെ മനസ്സിൽ അപ്പോൾ തോന്നിയ 'ഷൈൻ വിശേഷങ്ങൾ' സദസ്യരുമായി പങ്കിട്ടു. എന്നാൽ അതിനൊക്കെ എത്രയോ വര്ഷങ്ങൾക്ക് മുൻപ് എന്റെ മക്കൾ സ്കൂളിൽ പഠിക്കുമ്പോൾ 'വനിതക്ക് ' വേണ്ടി ആദ്യം ഗ്രൂപ്പ് ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫർ ആണ് മാർട്ടിൻ പ്രക്കാട്ട്. പിന്നീട് അദ്ദേഹവും സംവിധായകനായി. പക്ഷെ അദ്ദേഹത്തിൻറെ സിനിമ ഞാൻ ആദ്യമായി കാണുന്നത് ഇന്നലെയാണ് .

ചാർളി ..

അതെക്കുറിച്ചുള്ള എന്റെ നിരീക്ഷണങ്ങൾ താഴെ ....

മലയാള സിനിമയുടെ സാങ്കേതികമായ വളർച്ചയിൽ എനിക്കഭിമാനം തോന്നി. ഓരോ ഷോട്ടിന്റെയും പിന്നിൽ ഈ തലമുറ കാട്ടുന്ന സൂക്ഷ്മത എന്നെ അതിശയിപ്പിക്കുക തന്നെ ചെയ്തു .ക്യാമറ ഉണ്ടെന്ന തോന്നൽ ഇല്ലാതെ കഥാഖ്യാനം നടക്കുന്നതാണ് നല്ല സിനിമ എന്നൊക്കെ പറയാറുണ്ടെങ്കിലും ഇവിടെ ജോമോന്റെ ക്യാമറ നാം തിരിച്ചറിയുന്നു. ആ തിരിച്ചറിയൽ കണ്ണിനു ആനന്ദമാണ് താനും. പ്രതേകിച്ചും ഗാനരംഗങ്ങളിൽ. സർഗസിദ്ധിയുള്ള ക്യാമറാമാന്റെ കൂടെ സംവിധായകനായ ക്യാമറാമാൻ കൂടി ചേരും പോഴുള്ള നയനസുഖം പറയാതെ വയ്യ.

anandhan-charlie

അടുത്തത്‌ ചാർളിയായി മനം കവരുന്ന ദുൽക്കർ സൽമാൻ ...

അംഗപ്രത്യംഗം വിമർശിക്കാനോ വാ തോരാതെ സ്തുതി പറയാനോ തുനിയുന്നില്ല . മറിച്ച്, തോളത്തൊന്നു തട്ടി, താടിയിലോന്നു തലോടി 'സബാഷ്' എന്ന് പറഞ്ഞോട്ടെ . ആകർഷകമായി, അയത്നലളിതമായി ,ആത്മ വിശ്വാസത്തോടെ ദുൽക്കർ ചാർളിയെ അവതരിപ്പിച്ചിട്ടുണ്ട്. നോക്കിലും വാക്കിലും ശരീര ഭാഷയിലും കുതിരക്കൊപ്പവും ഒറ്റക്കുമുള്ള ഓട്ടത്തിലുമൊക്കെ ഒരു പ്രത്യേക ദൃശ്യസുഖമുണ്ട്. ദുൽക്കർ തുടങ്ങി എല്ലാവരും പ്രത്യേക അഭിനന്ദനം അര്ഹിക്കുന്നു.....ഞാനതു അറിയിക്കുന്നു.

ചാർളി എന്ന കഥാപാത്രത്തോട് എനിക്ക് ഒരു 'പെരുത്ത' ഇഷ്ട്ടം തോന്നാൻ ഒരു കാരണം കൂടിയുണ്ട്. ഈ കഥാപാത്രം എനിക്ക് പരിചിതനാണ്. വർഷങ്ങൾക്ക് മുൻപ് 1984 ൽ ഞാൻ സംവിധാനം ചെയ്ത 'ആരാന്റെ മുല്ല കൊച്ചു മുല്ല ' എന്ന ചിത്രത്തിൽ ഞാൻ അവതരിപ്പിച്ച ഒരു കഥാപാത്രമുണ്ട്. ഒരുപറ്റം നാട്ടുംപുറത്തുകാർ കഴിയുന്ന 'കിങ്ങിണിക്കര' എന്ന ഗ്രാമത്തിൽ എവിടെ നിന്നോ പ്രത്യക്ഷപ്പെടുന്ന ഒരു നിഗൂഡമനുഷ്യൻ. ആ ഗ്രാമത്തിലെ എല്ലാ മുക്കിനും മൂലയിലും അയാൾ അവതരിച്ചു. പള്ളി സെമിത്തേരിയിൽ അസമയത്ത് കണ്ടപ്പോൾ വികാരിയച്ചൻ( പി കെ എബ്രഹാം) അവനോടു ചോദിച്ചു: "നീ ആരാണ് കുഞ്ഞേ?"

അതിനുത്തരമായി അവൻ ചെറുതായൊന്നു ചിരിച്ചു. ആ ചിരിക്കു ഒരു മൂർച്ച ഉണ്ടായിരുന്നു. അത് സഹിക്കവയ്യാതെ വന്നപ്പോൾ ബാങ്ക് മാനേജർ (ശങ്കരാടി ) അവനോടു ചോദിച്ചു ; "നിങ്ങളുടെ പേരെന്താ ?" അതേ ചിരിയോടെ അവൻ പറഞ്ഞു : " അനാഥൻ "

അനാഥൻ ചെയ്തതൊക്കെ ചാർളി ഈ ചിത്രത്തിൽ ചെയ്യുന്നുണ്ട് അല്ലെങ്കിൽ ചാർളി ഈ ചിത്രത്തിൽ ചെയ്തത് കണ്ടപ്പോൾ എനിക്ക് അനാഥൻ ചെയ്തതൊക്കെ ഓർമ്മ വന്നു. അനാഥൻ പ്രതികരണ ശേഷിയുളളവനായിരുന്നു. പള്ളിയോടു ചേർന്നുള്ള അനാഥാലയത്തിലെ പിഞ്ചു കുഞ്ഞുങ്ങളെ 'ബാലവേല' ക്കിരയാക്കുന്നത് കണ്ടപ്പോൾ അവൻ പഞ്ചായത്ത് അംഗത്തോട് (തിലകൻ) തട്ടിക്കേറി.

അനാഥൻ കുട്ടികൾക്ക് ഒരു കളിക്കൂട്ടുകാരനായി 'കാട്ടിൽ മുളങ്കാട്ടിൽ ' പാട്ടും പാടി നടന്നു.

സാമൂഹ്യ പ്രവർത്തക മഹേശ്വരിയമ്മ സമൂഹവിവാഹം നടത്തി ശോഭിക്കുന്ന വേദിയിൽ പൊടുന്നനെ അവതരിക്കുന്ന അനാഥൻ മഹേശ്വര്യമ്മയുടെ മകളും (ലിസി) ജോയ് എന്ന കൃസ്ത്യൻ യുവാവു ( വേണു നാഗവള്ളി) മൊത്തുള്ള കല്യാണം പരസ്യമായി നടത്തിക്കൊടുത്തു നാട്ടുകാരുടെ കൈയടി വാങ്ങുന്നു .ആ ചിത്രത്തിലും പ്രേമ നായിക ( രോഹിണി ) അനാഥന്റെ പിറകെ നടക്കുകയാണ്.

1984 ൽ നിന്നും 2015 ലേക്ക് അനാഥൻ ചേക്കേറുംപോൾ സിനിമയോടുള്ള സമീപനത്തിൽ വന്ന മാറ്റം അഭിനന്ദനാർഹവും അനുകരണീയവുമാണ്. ആലുവാപ്പുഴയുടെ തീരങ്ങളിലും ഉൾനാടൻ വഴികളിലൂടെയുമൊക്കെ ഇരുന്നും നടന്നുമോക്കെയാണ് അനാഥൻ കഥ പറഞ്ഞു തീർത്തത് ഒരു കുതിരപ്പന്തയത്തിന്റെ സൂചന കാണിക്കാൻ രണ്ടു കുതിരകളെ കിട്ടാഞ്ഞിട്ടു 'പായുന്ന കുതിരയുടെ' കലണ്ടറിൽ പാട്ടിലെ വരികൾ ഒതുക്കിയത് ഓർത്തപോകുന്നു. ഇവിടെ ദുൽക്കർ എന്ന നടനെ ആകാശത്തേക്ക് പറത്തിവിട്ടിട്ട് മാർട്ടിനും ജോമോനും ക്യാമറയുമായി പിന്തുടരുകയാണ് ദൃശ്യവിസ്മയങ്ങൾക്കായി...സബാഷ് ! നിങ്ങളുടെ ചേരുവ ഇനീം ഞങ്ങൾ പ്രതീക്ഷിക്കുന്നു.....

എന്റെ സുഹൃത്ത് മമ്മൂട്ടിയെ അഭിനന്ദിക്കാൻ കിട്ടുന്ന ഈ അവസരം ഞാൻ നഷ്ട്ടപ്പെടുത്തുന്നില്ല. Yes Mammootty.....YOU CAN BE PROUD OF YOUR SON .... that's ALL your honour!