Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാർ കോഴ സിനിമയായാൽ ?

maani

ഇൗ ബാർ കോഴ സിനിമയാക്കിയാലോ ? കഴിഞ്ഞ ദിവസങ്ങളി‍ൽ ഇൗ ഐഡിയ ചുരുക്കം ചില സിനിമാക്കാരുടെയെങ്കിലും തലയിലുദിച്ച് കാണും. ഒന്നു നോക്കിയാൽ സസ്പെൻസും ത്രില്ലും ആക്ഷനും ഒക്കെ ചേർന്ന ഒരുഗ്രൻ ചിത്രമൊരുക്കാനുള്ള വകയൊക്കെയില്ലേ നമ്മുടെ ഇൗ കോഴക്കേസിൽ ? 100 ശതമാനം ഉണ്ട്.

സംഭവം സിനിമയായെന്നു തന്നെ വച്ചോ. തിരശ്ശീലയ്ക്ക് മുന്നിലും പിന്നിലും ആരൊക്കെയാവും അണിനിരക്കുക ? വല്ല ഉൗഹവുമുണ്ടോ ?

കഥ തേടി അലയേണ്ട ആവശ്യമില്ല. കാരണം കഥയും കഥയ്ക്ക് പിന്നിലെ കഥകളുമൊക്കെ ചേർന്ന് ആവശ്യത്തിന് ഇപ്പോൾ തന്നെ ഉണ്ടല്ലോ. ക്രെഡിറ്റ് മാണി സാറിനും ബിജു രമേശിനും പേരെഴുതാം. കടപ്പാടിന്റെ സ്ഥാനത്ത് ഉമ്മൻ ചാണ്ടിയുടെയും ജേക്കബ് തോമസിന്റെയും പേരെഴുതാം.

അടുത്തത് തിരക്കഥ. ഒപ്പം തീ പാറുന്ന ഡയലോഗ്സ്. അതിന് രൺജി പണിക്കർ അല്ലാതെയാര്. അല്ലേ ? രാഷ്ടീയ സംഭവ വികാസങ്ങളെ ഇത്ര മനോഹരമായി തിരക്കഥയുടെ ഛന്ദസ്സിലേക്ക് എത്തിക്കുന്ന വേറെ ഏത് എഴുത്തുകാരനുണ്ട് മലയാളത്തിൽ ? മാണിയുടെ മന്ത്രി വചനങ്ങളും ബിജു രമേശിന്റെ അബ്കാരി മറുപടികളും ജേക്കബ് തോമസിന്റെ ഇംഗ്ലീഷിൽ പൊരിച്ചെടുത്ത പൊലീസ് ഭാഷയും ഒക്കെ ചേരുമ്പോൾ തീപാറുകയല്ല ആളിക്കത്തും‌ം. അദ്ദേഹത്തിന്റെ തനതായ ശൈലിയിലുള്ള സീൻസും സിറ്റ്വേഷൻസും കൂടിയാവുമ്പോൾ പ്രേക്ഷകൻ മുൾമുനയിൽ നിൽക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

തിരക്കഥ രൺജി പണിക്കറെങ്കിൽ സംവിധാനം ഷാജി കൈലാസ് എന്നാണല്ലോ പൊതുവേയുള്ള വയ്പ്. ആ കൂട്ടുകെട്ടിന്റെ കെമിസ്ട്രി ഒന്നു വേറെ തന്നെ. ഇനി വേണമെങ്കിൽ ഒരു വ്യത്യസ്തയ്ക്ക് വേണ്ടി ജോഷിയെ ആക്കാം. അല്ലെങ്കിൽ ഐ വി ശശി. ഇനി ഒന്നൂടെ ന്യൂ ജനറേഷനായാൽ ബി ഉണ്ണിക്കൃഷ്ണൻ. അല്ലാതെ നിലവിൽ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ആരും ഇപ്പോൾ മലയാളത്തിൽ ഇല്ല.

എഴുത്തും സംവിധാനവും ഒക്കെ അവിടെ നിൽക്കട്ടെ. അഭിനേതാക്കൾ ആരൊക്കെ ? അവിടയല്ലെ ശരിക്കുള്ള കൺഫ്യൂഷൻ. മാണിയാകാൻ യോഗ്യനായ ആരുണ്ട് മലയാള സിനിമയിൽ? നേരത്തെയായിരുന്നെങ്കിൽ സോമനോ രാജൻ പി ദേവോ മതിയായിരുന്നു. ഇപ്പോഴത്തെ സ്ഥിതി വിശേഷം വച്ചാണെങ്കിൽ സിദ്ധിഖ്, വിജയരാഘവൻ, ഹരേഷ് പേരാടി അതുമല്ലെങ്കിൽ ജനാർദ്ദനൻ. പക്ഷേ ഒന്നാലോചിച്ചാൽ നമ്മുടെ അമ്പിളിച്ചേട്ടനല്ലായിരുന്നോ മാണി സാറാകാൻ ഏറ്റവും യോഗ്യൻ ? പോട്ടെ. ഇനി അടുത്തത് ബിജു രമേശ്.

ആ വേഷത്തിന് ഏറ്റവും യോഗ്യൻ നമ്മുടെ ന്യൂജെൻ സെൻസേഷനായ ചെമ്പൻ വിനോദല്ലേ ? സുധീർ കരമനയെയും ആ വേഷത്തിൽ ട്രൈ ചെയ്യാവുന്നതാണ്. സിദ്ധിഖ് ഇൗ വേഷത്തിനും അനുയോജ്യൻ തന്നെ. അല്ലെങ്കിൽ ഒന്നു പിന്നോട്ട് നടന്ന് നമ്മുടെ റിസബാവയെ തേടിപ്പിടിച്ചാൽ ബിജു രമേശിന്റെ വേഷത്തിൽ അദ്ദേഹവും തിളങ്ങുമെന്നുറപ്പ്.

മേലധികാരികളെ തീരെ അനുസരണയില്ലാത്ത രാഷ്ട്രീയക്കാരെ മൈൻഡ് ചെയ്യുക പോലുമില്ലാത്ത ജേക്കബ് തോമസിന്റെ വേഷത്തിൽ സുരേഷ് ഗോപിയല്ലാതെ ഒരാളെ ചിന്തിക്കാൻ പോലുമാകില്ല. അദ്ദേഹത്തിന്റെ തീ പാറും ഡയലോഗുകൾക്കും ആക്ഷനും ഒക്കെ പഴയ പോലുള്ള മാർക്കറ്റില്ലെങ്കിലും ഒന്നുമില്ലായ്മയിൽ നിന്ന് ഭരത്ചന്ദ്രനായി തിരിച്ചു വന്നതു പോലെ ഒരത്ഭുതം പ്രതീക്ഷിക്കാവുന്നതാണ്.

ഉമ്മൻ ചാണ്ടിയുടെ വേഷത്തിൽ നെടുമുടി വേണുവിനെ ആക്കാം. അല്ലെങ്കിൽ ജോയ് മാത്യുവിനെയും പരിഗണിക്കാവുന്നതാണ്. വിൻസെന്റ് എം പോളിന്റെ വേഷത്തിൽ ലാലു അലക്സാവും കൂടുതൽ നന്നാവുക. കമാൽ പാഷയായി സുനിൽ സുഗദയെ പരിഗണിക്കാവുന്നതാണ്. സംഭവം കോമഡിയായി പോകുമെന്ന് തോന്നിയാൽ നേരെ സുധീർ കരമനയെ വിളിക്കാം. അല്ലെങ്കിൽ മലയാള സിനിമയുടെ മുത്തച്ഛനായ മധുവിനെ തന്നെ ആക്കിയാലോ ?

യഥാർത്ഥ കഥയിൽ നായകന് പ്രധാന്യം കുറവാണെങ്കിലും സിനിമയാകുമ്പോൾ അദ്ദേഹത്തെ താഴ്ത്തിക്കെട്ടാൻ പറ്റില്ലല്ലോ. അപ്പോ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന് കുറച്ചു കൂടി പ്രാധാന്യം കൊടുക്കാം. മന്ത്രിയുടെ രാജിയിൽ ക്ലൈമാക്സൊതുക്കാതെ ഒരു ട്വിസ്റ്റും ഒരു ഗസ്റ്റ് റോളും ഒക്കെ ചേർത്ത് സംഭവ ബഹുലമാക്കിയാൽ സിനിമ കലക്കും. ചിത്രത്തിന് പേരും ഇടാം. ‘ബാറുബലി’.

ഇതൊക്കെ ഇപ്പോൾ വെറും സ്വപ്നമാണെങ്കിലും മിക്ക പ്രേക്ഷകരും ചില സിനിമാക്കാരുമെങ്കിലും ഇതു സിനിമയായി കാണാൻ കൊതിക്കുന്നുവെന്ന് നിസ്സംശയം പറയാം. ബാഹുബലി ടിവിയിൽ വന്നിട്ട് പോലും തിരിഞ്ഞു നോക്കാഞ്ഞ പലരും ഇക്കഴിഞ്ഞ ദിവസങ്ങളിൽ അതിന്റെ മുന്നിൽ കുത്തിയിരുന്നത് തന്നെ ബാർ കോഴയുടെ ജനപ്രീതി വ്യക്തമാക്കുന്നു. അപ്പോ സംഭവം സിനിമയായാലോ ? ആളുകൾ ഇടിച്ചു കേറില്ലേ ?

അഭിപ്രായങ്ങള്‍ നിങ്ങൾക്കും പങ്കുവക്കാം