Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബീജബാങ്കിലെ പെൺകുട്ടി’ സിനിമയാകുന്നു

beeja-bank

കഥാകൃത്തും മാധ്യമപ്രവർത്തകനുമായ ജി.ആർ. ഇന്ദുഗോപന്റെ ശ്രദ്ധേയമായ നോവലെറ്റ് ‘ബീജബാങ്കിലെ പെൺകുട്ടി’ക്ക് ചലച്ചിത്രരൂപാന്തരമാകുന്നു. 2004 ൽ പ്രസിദ്ധീകരിച്ച നോവലെറ്റിന്റെ ചലച്ചിത്ര സാക്ഷാത്കാരം ഒരുക്കുന്നത് ലഘുചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയ വി.എൻ.പ്രദീപാണ്.

വർഷങ്ങൾക്കു മുൻപ് ഇന്ദുഗോപൻ എഴുതിയ നോവലെറ്റിൽ ചർച്ചചെയ്ത പ്രമേയത്തിന്റെ കാലികപ്രസക്തിയാണ് ചലച്ചിത്ര രൂപാന്തരം ഒരുക്കാൻ പ്രേരണയായതെന്ന് സംവിധായകൻ വി.എൻ.പ്രദീപ് മനോരമ ഓൺലൈനോട് പറഞ്ഞു. ഒരു ഉല്ലാസയാത്ര പോലെ ജീവിതത്തെ കാണുന്ന, യാന്ത്രികമായി ജീവിതപരിസരങ്ങളോട് അഭിരമിക്കുന്ന പുതുതലമുറയെയാണ് ചിത്രം പശ്ചാത്തലമാക്കുന്നത്. എന്തും സാധ്യമാക്കുന്ന തരത്തിൽ ശാസ്ത്ര സാങ്കേതികരംഗത്തുണ്ടാകുന്ന പുരോഗതി അതിനൊപ്പം വാണിജ്യവൽകരിക്കുന്ന ജീവിതസാഹചര്യങ്ങളിലൂടെ വ്യക്തികളിൽ ഉളവാക്കുന്ന കച്ചവടമനോഭാവവും ചിത്രം പ്രമേയമാക്കും. കെ.ജി.ജോർജ്, ചേരൻ എന്നീ സംവിധായരുടെ സംവിധാന സഹായിയായി പ്രവർത്തിച്ച പ്രദീപിന്റെ ആദ്യ ചലച്ചിത്ര സംവിധാന സംരംഭം കൂടിയാണിത്.

beejabank

ആർട് ആൻഡ് ലോജിക് ഫിലിം കമ്പനി നിർമിക്കുന്ന ‘ബീജബാങ്കിലെ പെൺകുട്ടി’ക്ക് ചിത്രസന്നിവേശം ഒരുക്കുന്നത് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവു കൂടിയായ ബി.ലെനിനാണ്. ജ്യോതിഷ് ശങ്കർ(കല), ടി.കൃഷ്ണനുണ്ണി(ശബ്ദം), ബി.ആർ.ബിജുറാം(സംഗീതം), ഇന്ദ്ര‌ൻസ് ജയൻ(വസ്ത്രാലങ്കാരം) തുടങ്ങിയവരാണ് അണിയറയിൽ. അഭിനേതാക്കളെ അടുത്തുതന്നെ തീരുമാനിക്കും. ഓഗസ്റ്റിൽ ചിത്രീകരണമാരംഭിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസിനു തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Your Rating: