Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരുവുനായ്ക്കളെപ്പോലെ ഇവറ്റകളെ വന്ധ്യംകരിക്കണം: ഭാഗ്യലക്ഷ്മി

bhagyalakshmi-reaction

മലയാളത്തിലെ യുവനടിക്കെതിരെയുണ്ടായ അതിക്രമത്തില്‍ ശക്തമായി പ്രതികരിച്ച് നടി ഭാഗ്യലക്ഷ്മി. ഒരോരുത്തനെയും പാഠം പഠിപ്പിക്കണമെന്നും കുറ്റക്കാർക്കെതിരായ നിയമത്തില്‍ ഭേദഗതി വരുത്തുന്നത് വരെ നമ്മള്‍ പോരാടിക്കൊണ്ടിരിക്കണമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. നടിയ്ക്കെതിരായ അതിക്രമത്തിൽ അപലപിച്ച് തിരുവനന്തപുരം ചലച്ചിത്ര കൂട്ടായ്മയുടെ പ്രതിഷേധപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

ഭാഗ്യലക്ഷ്മിയുടെ വാക്കുകളിലേക്ക്–

ചെറിയ സമൂഹത്തിന്റെ പ്രശ്നമായിരുന്നു ജെല്ലിക്കെട്ട് സമരം. ആ ജെല്ലിക്കെട്ട് സമരത്തിന് വേണ്ടി ഒരു സമൂഹം മുഴുവനും പ്രതിരോധനത്തിന് ഇറങ്ങി അതിശക്തമായി അവർ അവരുടെ അവകാശം നേടിയെടുത്തു. നമ്മളിവിടെ രാജ്യത്തെ മുഴുവന്‍ സ്ത്രീകളുടേയും സുരക്ഷിതത്വത്തിന് വേണ്ടിയാണ് പോരാടുന്നത്. അതിന് എറണാകുളത്തൊരു പ്രതിഷേധ കൂട്ടായ്മ നടത്തിയതുകൊണ്ടോ തിരുവനന്തപുരത്തൊരു പ്രതിഷേധ കൂട്ടായ്മ നടത്തിയതുകൊണ്ടോ നിർത്തരുത്.

ഈ നിയമത്തില്‍ ഭേദഗതി വരുത്തുന്നത് വരെ നമ്മള്‍ പോരാടിക്കൊണ്ടിരിക്കണം, ഇനി ഒരുത്തനേയും ഇവിടെ ഒരു പെണ്ണിന്റെയും ദേഹത്ത് വെറുതെ പോലും കൈവെക്കാന്‍ സമ്മതിക്കരുത്. ഒരോരുത്തനെയും പാഠം പഠിപ്പിക്കണം. ഇവന്റെ ശരീരത്തില്‍ ജന്മനാ കൊടുത്തിരിക്കുന്ന ഈ യന്ത്രമുണ്ടല്ലോ അതിനെ നിഷ്‌ക്രിയമാക്കുകയാണ് വേണ്ടത്.'ക്യാപ്പിറ്റല്‍ പണിഷ്‌മെന്റെന്നും പറഞ്ഞ് ഒരു സെക്കന്റുകൊണ്ട് അവനെ തൂക്കിക്കൊല്ലലല്ല ഞങ്ങളുടെ ആവശ്യം.

ഒരു സ്ത്രീക്ക് നേരെ രൂക്ഷമായി നോക്കുന്നവനോ, വൃത്തികേടായി കൈവെക്കുന്നവനോ ഈ രാജ്യത്തിനി ജീവിച്ചിരിക്കണ്ട. അവന്‍ ഇനി ഒരു പെണ്ണിനേയും നോക്കരുത്. ഒരു പെണ്ണിനേയും അവന്‍ തൊടരുത്. അത്ര വേദനയോടു കൂടിയാണ് ഞാന്‍ പറയുന്നത്. നമുക്ക് ഈ പോരാട്ടം അവസാനം വരെ തുടരണം. ഇതിന് ഒരു പ്രതിവിധിയില്ലാതെ ഇതില്‍ നിന്നും പിന്‍മാറരുത് എന്നാണ് എന്റെ ഒരു ചെറിയ അപേക്ഷ. അതുകൊണ്ട് സിനിമയിലുള്ള എല്ലാപ്രവർത്തകരോടും പറയാനുള്ളത് ഒന്നുമാത്രമാണ്, നാളെ നമ്മൾ ഓരോർത്തർക്കും സംഭവിക്കാവുന്ന അവസ്ഥയാണ്. അതുകൊണ്ട് പ്രതികരിക്കണം. ഭാഗ്യലക്ഷ്മി പറഞ്ഞു.