Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്യൂപ്, റീ ടേക്, ക‍ട്ട് ഇവയേതുമില്ല: ഉള്ളത് ആക്​ഷൻ മാത്രം

jagadeesh-bheeman ജഗദീഷ്, ഗണേഷ് , ഭീമൻ രഘു

സിനിമയിൽ സ്റ്റണ്ടുചെയ്യാൻ ഡ്യൂപ്പിനെ വയ്ക്കാം. അപകടകരമായ സീനുകളിലും ഡ്യൂപ്പ് ഫലപ്രദം. ഇനി ശാരീരിക അസ്വാസ്ഥ്യമോ, മറ്റെന്തെങ്കിലും കാരണങ്ങളാലോ അഭിനയിക്കാനാകാതെ വന്നാലും ഡ്യൂപ്പ് റെഡി. സാങ്കേതികത്തികവിൽ യഥാർഥ നടനെ വെല്ലുന്ന ഒറിജിനലായി വെള്ളിത്തിരയിൽ ഡ്യൂപ്പ് ആടിപ്പാടി തകർക്കും. ഇവയെല്ലാം പഴങ്കഥകളാക്കി പതിനെട്ടടവും പയറ്റി തിരഞ്ഞെടുപ്പു ഗോദയിൽ തകർക്കുകയാണു പത്തനാപുരത്തെ മൂന്നു സ്ഥാനാർഥികളും.

രാത്രി എത്ര വൈകി പ്രചാരണം അവസാനിച്ചാലും രാവിലെ ഏഴിനു തന്നെ യുഡിഎഫ് സ്ഥാനാർഥി പി.വി.ജഗദീഷ് കുമാർ തയാറാണ്. അപ്പോഴും പ്രാദേശിക പ്രവർത്തകർ തയാറായിട്ടുണ്ടാവില്ല. അവർ എത്തുമ്പോഴേക്കും മണ്ഡലത്തിലെ പലരെയും ഫോണിൽ ബന്ധപ്പെട്ടു വോട്ട് അഭ്യർഥിക്കും. സോഷ്യൽ മീഡിയയിൽ തന്റെ അനുഭവക്കുറിപ്പും ചോദ്യങ്ങൾക്കുള്ള മറുപടിയും തയാറാക്കി നൽകും

ശേഷം നേതാക്കൾക്കൊപ്പം പ്രചാരണത്തിനായി പുറപ്പെടും. രാഷ്ട്രീയം നോക്കാതെയുള്ള പ്രചാരണശൈലിയാണു ജഗദീഷിന്റേത്. എവിടെയും രാഷ്ട്രീയം പറയില്ല. വോട്ട് ചെയ്യണമെന്ന അഭ്യർഥന മാത്രം. പലയിടത്തും ഊരിയിടേണ്ടി വരുന്നതിനാൽ പലപ്പോഴും ചെരിപ്പ് ഇടാതെയാണു യാത്ര. പട്ടാഴി വടക്കേക്കര, പത്തനാപുരം പഞ്ചായത്തുകളിൽ ചിലയിടങ്ങളിൽ ജഗദീഷിന്റെ പ്രചാരണത്തിൽ സിഐടിയു പ്രവർത്തകരുടെ സാന്നിധ്യം. എൽഡിഎഫുകാരാണെന്നറിഞ്ഞതോടെ അവരുടെ വിശേഷങ്ങളും മറ്റും ചോദിച്ചറിഞ്ഞാണു മടങ്ങിയത്.

അധ്യാപകനായതിനാൽ ട്യൂഷൻ സെന്ററുകളിലും വെക്കേഷൻ ക്ലാസ് നടക്കുന്ന സ്കൂളുകളിലുമെത്തിയാൽ ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് അധ്യാപനം നടത്താതെ വിദ്യാർഥികൾ മടക്കിവിടാറുമില്ല. പ്രായമേറിയവർക്കും കുട്ടികൾക്കും ജഗദീഷിനെ ഒന്നു തൊട്ടുനോക്കി ആഗ്രഹം തീർക്കുന്നതിനൊപ്പം ഏതെങ്കിലും സിനിമയിലെ ഡയലോഗും കേൾക്കണം. സിനിമയിലെ കോമാളിയെക്കാൾ കാർക്കശ്യക്കാരനും തെറ്റുകളെ ചൂണ്ടിക്കാട്ടി തിരുത്തുന്ന ജ്യേഷ്ഠന്റെ സ്ഥാനമാണു ദിവസങ്ങൾക്കുള്ളിൽ ജഗദീഷ് പ്രവർത്തകർക്കിടയിൽ നേടിയെടുത്തത്.

പതിനഞ്ചു വർഷമായി കാണുന്നതു കൊണ്ടാകണം കെ.ബി.ഗണേഷ്കുമാറിനെ സിനിമക്കാരനായല്ല, പലർക്കും കാണാനിഷ്ടം. ഒന്നാംഘട്ട പ്രചാരണം പൂർത്തിയാകുമ്പോൾ ഓരോ പ്രദേശത്തുമെത്തി വ്യക്തികളെ നേരിൽ കണ്ടു വോട്ടു ചോദിക്കുന്ന ഗണേഷിനു പറയാനേറെയുണ്ട്. അതത് പ്രദേശത്തെ റോഡുകളുടെയും മറ്റും വികസനപ്രവർത്തനങ്ങൾക്കനുവദിച്ച ഫണ്ടുകൾ ചൂണ്ടിക്കാട്ടിയാണു പ്രചാരണം. ഇനിയുമേറെ ചെയ്യാനുണ്ടെന്ന ഓർമപ്പെടുത്തലും കൂടിയാകുമ്പോൾ പൂർണം. ഇതിനിടെ മരണവീടുകളും കല്യാണ വീടുകളും മാറിമാറിയുള്ള ഓട്ടം. എംഎൽഎ എന്ന നിലയിൽ വിവിധ പരിപാടികളിലും പങ്കെടുക്കേണ്ടതിനാൽ പല ദിവസങ്ങളിലും പ്രചാരണത്തിന്റെ ദൈർഘ്യം കുറവാണ്.

മണ്ഡലത്തിന്റെ മുക്കും മൂലയും അറിയാവുന്നതിനാൽ കടുത്ത പ്രചാരണത്തിന്റെ ആവശ്യമില്ലെന്നു എൽഡിഎഫ് ക്യാംപും അവകാശപ്പെടുന്നു. ബിജെപി സ്ഥാനാർഥി രഘു ദാമോദരൻ (ഭീമൻ രഘു) രാവിലെ എട്ടിനു തന്നെ പ്രവർത്തകർക്കൊപ്പം തന്റെ ക്യാംപ് ഓഫിസായ ഇളമ്പലിൽ നിന്ന് ഇറങ്ങും. സ്വതസിദ്ധമായ ശൈലിയിൽ വോട്ടു ചെയ്യണമെന്ന അഭ്യർഥനയിൽ ഒതുക്കാനാണിഷ്ടം. മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും പര്യടനം പൂർത്തിയാക്കി പ്രചാരണത്തിൽ മുന്നിലാണെന്നു നേതൃത്വം അവകാശപ്പെടുന്നു. വരവിലും സംസാരത്തിലുമെല്ലാം സിനിമാ സ്റ്റൈൽ തന്നെയായതിനാൽ രഘുവിനെ തിരിച്ചറിയാൻ പ്രയാസമില്ല. പ്രശ്നങ്ങളോടെ മുഖംതിരിക്കാതെ പരിഹരിക്കാമെന്ന ഉറച്ച മറുപടിയാണു രഘുവിന്റെ മേന്മ. രണ്ടാംഘട്ടത്തിൽ ഉന്നത നേതാക്കളെ രംഗത്തിറക്കി മൽസരരംഗം കടുപ്പിക്കാനാണു ശ്രമം.

Your Rating: