Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ലീല'യെ ഒാൺലൈനിൽ വരവേറ്റ് പ്രവാസി സമൂഹം

leela-online

ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ ഭാഷാ ചിത്രം തിയറ്റർ റിലീസിനോടൊപ്പം ഇന്റർനെറ്റിലും പുറത്തിറങ്ങി–രഞ്ജിത് സംവിധാനം ചെയ്ത ലീല. ചിത്രത്തിന് പ്രവാസി സമൂഹം വൻ സ്വീകരണമാണ് നൽകിയത്. നൂറുകണക്കിന് പേർ ചിത്രം റിലീസ് ദിവസമായ ഇന്നലെ(വെള്ളി) തന്നെ ആസ്വദിച്ചു. മികച്ച ചിത്രമാണെന്ന അഭിപ്രായമാണ് എല്ലാവർക്കും.

ഉണ്ണി ആർ എഴുതിയ ലീല എന്ന ചെറുകഥയാണ് ക്യാപിറ്റോൾ മൂവീസിന്റെ ബാനറിൽ രഞ്ജിത്​ സിനിമയാക്കിയത്. മദ്യം, സ്ത്രീ എന്നിവയോട് ശരാശരി മലയാളിക്കുള്ള ആസക്തിയാണ് ചിത്രത്തിന്റെ പ്രമേയം. കുട്ടിയപ്പൻ എന്ന താന്തോന്നി ചെറുപ്പക്കാരന്റെ ലീലാ വിലാസങ്ങൾ. കുട്ടിയപ്പനായി ബിജു മേനോൻ മികച്ച പ്രകടനം കാഴ്ചവച്ചു. വിജയരാഘവൻ, ജഗദീഷ്, ഇന്ദ്രൻസ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഉജ്വലമാക്കിയതായി സിനിമാസ്വാദകർ അഭിപ്രായപ്പെടുന്നു.

ചെറുകഥയിൽ കാണിച്ച കൈയടക്കം തിരക്കഥയിലും ഉണ്ണി ആർ പ്രകടിപ്പിച്ചു. രഞ്ജിതിന്റെ പ്രതിഭ കൂടി ചേർന്നപ്പോൾ മലയാളത്തിന് മികച്ചൊരു ചിത്രം ലഭിച്ചു. ചിത്രം കണ്ട് സാമൂഹിക മാധ്യമങ്ങളിൽ അത് മറ്റുള്ളവരെ അറിയിക്കാനും പ്രവാസികൾ മടിക്കുന്നില്ല. ​ചിത്രം കുടുംബ സമേതം കാണുന്ന പടം ഫെയസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നവർക്ക് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ദുബായ് ആസ്ഥാനമായുള്ള ഇറാം ഗ്രൂപ്പിന് കീഴിലുള്ള റീലാക്സ് ഡോട് ഇൻ ആണ് ചിത്രം ഇന്റർനെറ്റിലൂടെ റിലീസ് ചെ​യ്തത്. ലോകത്തെവിടെയുമുള്ള പ്രേക്ഷകർക്ക് ചിത്രം കാണാൻ പുതിയ സംവിധാനം വഴിയൊരുക്കു​ന്നു​. സൈറ്റിൽ റജിസ്റ്റർ ചെയ്ത ശേഷം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 45 ദിർഹം(15 യുഎസ് ഡോളർ) അടച്ചാൽ കുടുംബത്തിന് ഒന്നിച്ചിരുന്ന് എച്ച്ഡി മേന്മയോടെ ആസ്വദിക്കാം. 

റജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ 24 മണിക്കൂറിൽ എപ്പോൾ വേണമെങ്കിലും ചിത്രം കാണാം. ഉപയോഗിക്കുന്ന കംപ്യുട്ടർ സിസ്റ്റത്തിന്റെ എെപി അഡ്രസ് വാട്ടർമാർക്കായി സ്ക്രീനിലുണ്ടാകുമെന്നതിനാൽ ചിത്രം ആരെങ്കിലും പകർത്താൻ ശ്രമിച്ചാൽ അവരെ കണ്ടെത്താൻ സാധിക്കും. കൂടാതെ, പൊതുയിടങ്ങളിൽ ചിത്രം പ്രദർശിപ്പിക്കാനും പാടില്ല. നിയമലംഘകർ നടപടി നേരിടേണ്ടിവരും.