Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജു പറയുന്നു അജിതയുടെ കഥ

manju-ajitha

ബലാത്സംഗത്തിനിരയാകുന്നവര്‍ക്ക് അതിന്റെ ആഘാതത്തില്‍ നിന്നും പുറത്തുവരാനും സാധാരണ ജീവിതം നയിക്കാനും സഹായിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചു സമൂഹത്തെ ബോധവല്‍കരിക്കാന്‍ ലക്ഷ്യമിട്ട് ബോധിനി മെട്രോപോളിസ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബോധിനി എന്ന സന്നദ്ധസംഘടന നിര്‍മിച്ച 'ഫ്രീഡം ഫ്രം ഫിയര്‍' എന്ന ഹ്രസ്വചിത്രം ഓഗസ്റ്റ് 12-നു യൂട്യൂബില്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ സമൂഹത്തിനുള്ള സന്ദേശവുമായെത്തുന്നത് മഞ്ജു വാര്യരാണ്.

Freedom From Fear - Bodhini Short Film

ബോധിനിക്ക് വേണ്ടി പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദ് ഒരുക്കുന്ന മൂന്നാമത്തെ സാമൂഹ്യപ്രസക്തിയുള്ള ഹ്രസ്വചിത്രമാണ് 'ഫ്രീഡം ഫ്രം ഫിയര്‍'. വിദ്യാര്‍ഥിയായിരിക്കെ പീഡനത്തിനിരയാവേണ്ടി വന്ന അജിതയെന്ന ബാങ്ക് ജീവനക്കാരി ജീവിതത്തില്‍ പിന്നീട് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും അതില്‍ നിന്നും കരകയറാന്‍ അവര്‍ ജോലി ചെയ്യുന്ന ബാങ്കിലെ മാനേജര്‍ അവരെ സഹായിക്കുന്നുവെന്നതാണ് 'ഫ്രീഡം ഫ്രം ഫിയറി’ന്റെ പ്രമേയം. ബലാത്സംഗത്തിനും പീഡനത്തിനും ഇരയാകേണ്ടി വരുന്നവര്‍ അതേക്കുറിച്ചു പുറത്തു പറയാന്‍ മടിക്കുകയും അതിന്റെ ആഘാതത്തില്‍ ജീവിതകാലം മുഴുവന്‍ ഭയപ്പാടോടെ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് ഇരകളെ തുടര്‍ന്നും ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ വേട്ടക്കാര്‍ക്കു പ്രചോദനമാകുന്നുവെന്നും ബോധിനിയുടെ പ്രവര്‍ത്തകര്‍ പറയുന്നു.

യൂട്യൂബില്‍ ബോധിനി ഫിലിംസ്/ ബോധിനി കൊച്ചി എന്നിവയുടെ പേജില്‍ ലഭ്യമാകുന്ന ഹ്രസ്വചിത്രം ഇരകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാക്കാന്‍ സഹായകമാകുമെന്നും അവര്‍ പറഞ്ഞു.ബോധിനിക്കായി ശ്യാമപ്രസാദ് സംവിധാനം ചെയ്ത് നേരത്തെ പുറത്തിറങ്ങിയ 'ഓണ്‍ലൈന്‍ പ്രിഡേറ്റേഴ്‌സ്' എന്ന ഹ്രസ്വചിത്രം ഓണ്‍ലൈന്‍ നവമാധ്യമങ്ങളിലൂടെ കുട്ടികള്‍ക്കു നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് അറിവു പകർന്നവയാണ്. നടി പാര്‍വതിയാണ് ചിത്രത്തില്‍ സമൂഹത്തിനുള്ള സന്ദേശം നല്‍കുന്നത്. ഈ ചിത്രം യൂട്യൂബില്‍ വന്‍ ഹിറ്റാണ് നേടിയത്.

വിദ്യാര്‍ഥികളിലെ വര്‍ധിച്ചുവരുന്ന ലഹരിമരുന്നുപയോഗത്തിനെതിരായ ബോധവല്‍കരണവുമായി പുറത്തിറങ്ങിയ 'റോഡ് ട്രിപ് ടു ഹെല്‍' എന്ന ഹ്രസ്വചിത്രമാണ് രണ്ടാമത്തെ ചിത്രം. പൃഥ്വിരാജാണ് ഈ ചിത്രത്തില്‍ സന്ദേശവും വിവരണവും നല്‍കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍, സൈബറിടങ്ങളില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ എന്നിവയ്‌ക്കെതിരായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളിലും ബോധിനി സജീവമാണ്.

Your Rating: