Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുടി ഡൈ ചെയ്ത് റൊമാന്റിക് ആകാൻ ഞാനില്ല: മാധവൻ

madhavan-latets മാധവൻ

ദക്ഷിണേന്ത്യൻ ചലച്ചിത്ര ലോകത്ത് ഏറ്റവും സുന്ദരമായി ചിരിക്കുന്ന നടനേതെന്ന ചോദ്യത്തിന് ഒരുപാടു മനസുകളിൽ തെളിയുന്ന മുഖം ഇദ്ദേഹത്തിന്‍‌റേതു തന്നെ. പ്രണയാർദ്രമായ ആ ചിരിയിലൂടെ അഭിനയത്തിന്റെ മനോഹാരിതയിലൂടെ ഒരുപാട് മാധവൻ ചിത്രങ്ങളിന്നും മനസിന്റെ അഭ്രപാളികളിലുണ്ട്. ഇനിയും അത്തരം ചിത്രങ്ങൾക്കായി കാത്തിരിക്കുന്ന പ്രേക്ഷകന് പ്രതീക്ഷകൾ നൽകുന്ന മറുപടിയല്ല മാധവനില്‍ നിന്നുണ്ടായിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ മറുപടിയിലാണ് പ്രായം മറന്ന് കോളെജ് പയ്യനാകാനില്ലെന്ന് മാധവന്‍ തുറന്നടിച്ചത്. ഒരുപക്ഷേ ഇന്ത്യയിൽ ഇങ്ങനെ സംസാരിക്കുവാന്‍ മാധവന് മാത്രമേ സാധിക്കൂ.

'എനിക്ക് എന്‍റെ പ്രായത്തിന് ചേരുന്ന വേഷങ്ങൾ ചെയ്യുവാനാണ് ഇഷ്ടം. തീയറ്ററുകളിൽ നിന്ന് 100 കോടി വാരുവാൻ അത്തരം ചിത്രങ്ങളിലൂടെയും സാധിക്കും. ത്രീ ഇഡിയറ്റ് ഒഴികെ ഞാൻ ചെയ്തിട്ടുള്ളതെല്ലാം എന്റെ പ്രായത്തിന് അനുയോജ്യമായ ചിത്രങ്ങൾ തന്നെയാണ്. ജനങ്ങൾക്കിഷ്ടവും അതുതന്നെ. മുടിയും ഡൈ ചെയ്ത് മുപ്പത്തിയൊന്നുകാരന്റെ ലുക്കിലെത്തി റൊമാന്റിക് നായകനായി നടക്കാനെനിക്കാകില്ല. അങ്ങനെ ചെയ്താൽ ആ ചിത്രം കാണുന്ന പ്രേക്ഷകർക്ക് അതൊരു വൃത്തികേടായിട്ടേ തോന്നുകയുള്ളൂ' - നടൻ പറഞ്ഞു.

ഇരുപത്തിമൂന്ന് വയസുള്ള ഒരു പെൺകുട്ടി ഒരുപക്ഷേ എന്നെ നായകനായി കിട്ടാന്‍ ആഗ്രഹിക്കുന്നുണ്ടാകാം. അവരുടെ മനസിലിപ്പോഴും ഞാൻ പഴയ മാധവനാണ്. പണ്ടത്തെ പ്രണയചിത്രങ്ങളിലെ നായകന്റെ മനസോ രൂപമോ അല്ല എനിക്കിന്ന്. അതുകൊണ്ട് തന്നെ ഞാൻ അത്തരം ആഗ്രഹങ്ങളേയോ ആവശ്യങ്ങളേയോ ഗൗരവതരമായി കണ്ടാൽ ഞാനൊരു പക്വതയില്ലാത്ത വൃദ്ധനായി പോകും'- മാധവൻ പറഞ്ഞു.