Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2016ൽ വിടപറഞ്ഞ മലയാളതാരങ്ങൾ

img-5545

2016 നേട്ടങ്ങളുടെ മാത്രമല്ല വേർപിരിയലുകളുടെ വർഷം കൂടിയാണ്. നെഞ്ചോട് ചേർന്നുനിന്ന ഒരുപാട് കലാകാരന്മാർ തീർത്തും അപ്രതീക്ഷിതമായി വിടപറയുകയായിരുന്നു. ഒരാൾ കടന്നുപോകുന്നതിന്റെ നോവുമായും മുൻപെ അടുത്തയാളും എന്നപോലെയായിരുന്നു വിടപറച്ചിൽ.

അവർ ഒപ്പമില്ലെങ്കിലും അവർ തീർത്ത പാട്ടുകളും കഥകളും വർത്തമാനങ്ങളും അഭിനയനിമിഷങ്ങളും എന്നും നമുക്കൊപ്പമുണ്ടാകും. ഈ വർഷം വിടപറയാൻ ഒരുങ്ങുമ്പോൾ ഒരിക്കൽ കൂടി ഇവരെ ഓർക്കാം.

ഒ എന്‍ വി കുറുപ്പ്

മലയാളത്തിലെ മനോഹരങ്ങളായ പദങ്ങള്‍ ഇനിയും ബാക്കിവച്ച് പോയ മഹാകവി ഒ എന്‍ വി കുറുപ്പ് (84) ഓര്‍മകളിലേക്ക് അകന്നത് 2016 ഫെബ്രുവരി 13 നാണ്. ആത്മാവിൽ മുട്ടിവിളിച്ച പാട്ടെഴുതിയാണ് മലയാള ചലച്ചിത്ര ലോകത്തിലൂടെ ഒഎൻവി എന്ന കവിയുടെ കാൽപാടുകൾ പിന്നിട്ടത്. മലയാള സിനിമാ സാഹിത്യലോകത്തിന് ഒരു വസന്തകാലമാണ് നഷ്ടമായത്.

രാജാമണി

മൂന്നു പതിറ്റാണ്ടിലേറെയായി സിനിമാ സംഗീത രംഗത്തു സജീവ സാന്നിധ്യമായിരുന്ന രാജാമണി (60) യുടെ വിയോഗവും ഈ വർഷം തന്നെ. ഗോപി സുന്ദറും ബിജിപാലും ദീപക്ക് ദേവുമൊക്കെ വരുന്നതിനും വർഷങ്ങൾക്ക് മുമ്പെ പശ്ചാത്തല സംഗീതത്തെ മലയാളിക്ക് പരിചയപ്പെടുത്തി തന്നയാളാണ് രാജാമണി. പാട്ടുകളെ സ്നേഹിച്ച മലയാളികളുടെ മനസ്സിൽ വരികളില്ലാത്ത ഇൗണത്തെ പ്രതിഷ്ഠിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. പ്രേക്ഷകരുടെ രോമകൂപങ്ങളെ ഉണർത്തിയിരുന്ന ഒട്ടനവധി മാസ്മരിക സംഗീതങ്ങളുടെ സൃഷ്ടാവ്

ആനന്ദക്കുട്ടൻ

മലയാളസിനിമയുടെ തീരാനഷ്ടം തന്നെയായിരുന്നു ഛായാഗ്രാഹകനായ ആനന്ദക്കുട്ട(62)ന്റെ വിടവാങ്ങലും. ആളും ആരവവുമുള്ള വലിയ സിനിമകളുടെ ഛായാഗ്രാഹകൻ എന്നാണ് ആനന്ദക്കുട്ടൻ മലയാളസിനിമയിൽ അറിയിപ്പെട്ടിരുന്നത്. അർബുദരോഗത്തെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന് 62 വയസായിരുന്നു. ഫെബ്രുവരി 14 നാണ് ആനന്ദക്കുട്ടന്‍ പടിയിറങ്ങിത്.

സുധാകരൻ

നടൻ സുധീഷിന്റെ അച്ഛനും പ്രശ്സത നാടക നടനുമായിരുന്നു സുധാകരന്‍. കോഴിക്കോടന്‍ നാടകവേദികളില്‍ അരനൂറ്റാണ്ടോളം നിറസാന്നിധ്യമായ സുധാകരന്‍ അമ്പതോളം സിനിമകളിലും അമച്വര്‍–പ്രൊഫഷണല്‍ ഉള്‍പ്പെടെ അഞ്ഞൂറോളം നാടകങ്ങളിലും അഭിനയിച്ചു.

ഷാന്‍ ജോണ്‍സണ്‍

ഗായികയും സംഗീത സംവിധായകയും അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളുമായ ഷാന്‍ ജോണ്‍സ(29)ന്റെ മരണവും അപ്രതീക്ഷിതമായിരുന്നു. അച്ഛന്റെ പാതയിൽ നടക്കാൻ കൊതിച്ചിട്ട് പാതി വഴിയിൽ നിലച്ച സംഗീതം പോലെ ഷാൻ ജോൺസൺ കടന്നുപോയി.

ഗായികയും സംഗീത സംവിധായികയുമായ ഷാനിനെ കോടമ്പാക്കം ചക്രപാണി സ്ട്രീറ്റിലെ അപാർട്മെന്റിൽ ഫെബ്രുവരി ഏഴിനാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. സ്വാഭാവിക മരണമായിരുന്നു ഷാനിന്റേത്.

കൽപന

മലയാളികളെ ഒന്നടങ്കം ഞെട്ടലിൽ ആഴ്ത്തിയാണ് നടി കൽപന (51) വിടവാങ്ങിയത്. കല്‍പന അന്തരിച്ചു എന്ന വാര്‍ത്ത അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ചിത്രീകരണത്തിനായി ഹൈരദാബാദിലെത്തിയപ്പോൾ ഹൃദയാഘാതം മൂലമായിരുന്നു മരണം. ജനുവരി 25നായിരുന്നു കൽപന വിടപറഞ്ഞ് അകന്നത്.</p>

തികഞ്ഞ കലാകുടുംബം. സഹോദരിമാരായ ഉര്‍വ്വശിയും കലാ രഞ്ജിനിയും അഭിനേത്രികള്‍. നാടക പ്രവര്‍ത്തകരായ വിപി നായരുടേയും വിജയലക്ഷ്മിയുടേയും മകളാണ് കല്‍പന. ബാലതാരമായിട്ടാണ് കല്‍പന സിനിമയില്‍ എത്തുന്നത്. വിടരുന്ന മൊട്ടുകള്‍, ദ്വിക് വിജയം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ടു. മുന്നോറോളം മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചു.

ജി കെ പിള്ള

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് പ്രശസ്ത സിനിമാ സീരിയല്‍ നടന്‍ കൊല്ലം ജി കെ പിള്ള(83)യും അന്തരിച്ചത്. നൂറിലേറെ നാടകങ്ങളില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്്. കൊല്ലം യൂണിവേഴ്‌സല്‍ തീയേറ്ററിലൂടെയാണ് നാടകരംഗത്ത് എത്തിയത്.

രാജേഷ് പിള്ള

മലയാളത്തില്‍ നവതരംഗം സൃഷ്ടിച്ച ട്രാഫിക്കിന്റെ സംവിധായകൻ രാജേഷ് പിള്ള വിടപറഞ്ഞത് ഫെബ്രുവരി 27നാണ്. വേട്ട ആയിരുന്നു അവസാനം റിലീസ് ചെയ്ത ചിത്രം.

സംവിധായകന്‍ മോഹന്‍രൂപ്

1984 ല്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ശ്രീനിവാസന്‍ എന്നിവരെ ഒന്നിച്ചഭിനയിപ്പിച്ച 'വേട്ട' യാണ് മോഹന്‍രൂപിന്റെ ആദ്യ ചിത്രം. വര്‍ഷങ്ങള്‍ പോയതറിയാതെ, എക്സ്‌ക്യൂസ് മീ ഏതു കോളേജിലാ,സ്പര്‍ശം, ശില്‍പി, കണ്‍കള്‍ അറിയാമല്‍, തൂതവന്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

മാർച്ചിന്റെ നഷ്ടങ്ങളായി മണിയും ജിഷ്ണുവും രാജപ്പനും

കലാഭവൻ മണി

മലയാള സിനിമയ്‌ക്ക് മറ്റൊരു വലിയ നഷ്‌ടമായ കലാഭവൻ മണിയുടെ വിയോഗവും ഈ വർഷം തന്നെ. മാർച്ച് ആറിനാണ് അദ്ദേഹം മരണമടയുന്നത്. കരള്‍രോഗ ബാധയെ തുടര്‍ന്ന്‌ ഏതാനും നാളായി ചികിത്സയിലായിരുന്നെങ്കിലും മണിയുടെ രോഗം സംബന്ധിച്ച വിവരം പുറത്ത്‌ വന്നിരുന്നില്ല. മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും ദുരൂഹതകൾ തുടരുകയാണ്.

ജിഷ്ണു

മലയാളികളെ ഒന്നടങ്കം വേദനയിലാഴ്ത്തിയ മരണമായിരുന്നു ജിഷ്ണുവിന്റേത്. അർബുദരോഗത്തോട് പടയാളിയെപ്പോലെ പടപൊരുതി ജിഷ്ണു ഏവർക്കും ഒരു മാതൃക കൂടിയായിരുന്നു. മാർച്ച് 25നാണ് ജിഷ്ണു വിടപറയുന്നത്.

സജി പരവൂർ

സുരേഷ് ഗോപിയും മോഹൻലാലും മുഖ്യവേഷത്തിലെത്തിയ 'ജനകൻ' എന്ന സിനിമയുടെ സംവിധായകനാണ് സജി. മാർച്ച് ഏഴിനാണ് അദ്ദേഹം മരണമടയുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സ്‌കൂള്‍ ബസ് എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു.

ഗായകൻ മനോജ് കൃഷ്ണൻ

പ്രശസ്ത ഗായകൻ മനോജ് കൃഷ്ണൻ വിടപറയുന്നത് മാർച്ച് അഞ്ചിനാണ്. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ദൂരദർശനിലും ഗാനമേള സംഘങ്ങളിലും സജീവമായിരുന്നു. പാലക്കാടാണ് സ്വദേശം.

വിഡി രാജപ്പൻ

മാർച്ച് 24നാണ് കഥാപ്രസംഗ കലാകാരനും ചലച്ചിത്ര നടനുമായ വി.ഡി. രാജപ്പൻ അന്തരിക്കുന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു.

സുഭാഷ് കൊല്ലം

നിരവധി ടി.വി പരിപാടികളിലും മിമിക്രി വേദികളിലൂടെയും പ്രേക്ഷകര്‍ക്കു പ്രിയങ്കരനായിരുന്നു സുഭാഷ്. എകെ ആന്റണിയെ അനുകരിച്ച് ആണ് അദ്ദേഹം കൂടുതൽ ജനപ്രിയനാകുന്നത്.

ശശിശങ്കർ

സംവിധായകൻ, സഹസംവിധായകൻ കഥാകൃത്ത് എന്നൊക്കെ വ്യത്യസ്ത സിനിമാ മേഖലകളിൽ പ്രവർത്തിച്ച ശശിശങ്കർ ജനപ്രിയ ചിത്രങ്ങളുടെ സൃഷ്ടാവ് കൂടിയാണ്. നാരായം, കുഞ്ഞിക്കൂനൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. ആഗസ്റ്റ് 10നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

കാവാലം നാരായണപ്പണിക്കര്‍

സുപ്രസിദ്ധ കവിയും നാടകകൃത്തുമായ കാവാലം നാരായണപ്പണിക്കര്‍ വിടപറഞ്ഞതും ഈ വർഷം. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു

ടി എ റസാഖ്

എഴുത്തുകാരനും തിരക്കഥാകൃത്തുമായ ടി.എ റസാഖ് വിടപറയുന്നത് ആഗസ്റ്റ് 15നാണ്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിസ്തയിലായിരുന്നു. രാപ്പകൽ , ബസ് കണ്ടക്ടർ , വേഷം , പെരുമഴക്കാലം തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ രചയിതാവാണ്.

രേഖ മോഹൻ

സിനിമാ സീരിയൽ നടി രേഖ മോഹനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉദ്യാനപാലകന്‍, നീ വരുവോളം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ജഗന്നാഥവർമ

ഡിസംബർ 20നായിരുന്നു ജഗന്നാഥവർമ വിടവാങ്ങിയത്. മുപ്പത്തിയഞ്ചിൽ അധികം വർഷങ്ങളായി മലയാളചലച്ചിത്രവേദിയിലെ സജീവ സാന്നിധ്യമായിരുന്നു.

സിനിമാ വിശേഷങ്ങൾ വായിക്കാൻ കേരള ടാക്കീസ് മൊബൈല്‍ ആപ്

ഡൗൺലോഡ്– ആൻഡ്രോയ്ഡ് ഐഫോൺ വിൻഡോസ്

Your Rating: