Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെയ്തിറങ്ങി ചാർലിയും ടെസയും പിന്നെ പ്രണയവും

dulquer-parvathi

ആഴക്കടലിൽ ഒളിച്ചിരിക്കുന്ന മത്സ്യകന്യകയുടെ കൊട്ടാരത്തിൽ പോകാൻ, രാത്രിയുടെ ഇരുട്ടിൽ ആത്മാവിന്റെ ആഴം കണ്ടെത്താൻ, കടപ്പുറത്തെ ന്യൂഇയർ കാറ്റുകൊണ്ട് ആകാശത്തെ പടയാളിയെ കാണാൻ, മീശപുലിമലയിലെ മഞ്ഞുകൊള്ളാൻ ചീറിപായുന്ന ബുള്ളറ്റിൽ ഞാനും വന്നോട്ടെ നിന്നോടൊപ്പം. നിന്റെ ഭ്രാന്തുകൾ എന്റെയും ഭ്രന്തുകളായി മാറിയല്ലോ ചാർലി. അപ്രതീക്ഷിതമായി കടന്നു വന്ന് ഇത്രയും വലിയൊരും വിസ്മയം തന്നത് എന്റെ കണ്ണിലെ തിളക്കം കാണാനായിരുന്നോ?

അടുക്കും തോറും അകന്നുമാറുന്ന കാറ്റിനെപ്പോലെയാണ് നീ എന്ന് അറിയാം, എങ്കിലും നിന്നിലേക്ക് അടുക്കുവാനുള്ള മോഹം കാറ്റിനേക്കാൾ ശക്തമാണ്. നിന്നെപ്പോലെ ജീവിക്കാൻ, മടുക്കുവോളം യാത്രചെയ്യാൻ, ബന്ധങ്ങളുടെ കെട്ടുപാടുകളില്ലാതെ ഒഴുകി നടക്കാൻ കൊതിയാകുന്നു ചാർലി.മറ്റുള്ളവർക്ക് വേണ്ടി സന്തോഷങ്ങൾ കണ്ടെത്തി കണ്ണിലെ നക്ഷത്രതിളക്കം കാണുമ്പോഴും ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു ഒറ്റപ്പെടൽ നീയും അറിഞ്ഞിരുന്നില്ല.

dulquer-parvathi

എങ്ങും കെട്ടിയിട്ടാത വഞ്ചിപോലെ ഒഴുകി നടന്നത് അവൾ വരുന്ന കടവിൽ അടുക്കാനായിരുന്നില്ലേ? നിന്നെ തേടി നിന്റെ ഹൃദയത്തിന്റെ നന്മ തേടി ഒരുവൾ എന്നെങ്കിലും വരുമെന്ന് നീയും വിശ്വസിച്ചിരുന്നില്ലേ? അല്ലെങ്കിൽ പിന്നെ എന്തിനായിരുന്നു ഒരു ജിന്നിനെപ്പോലെ അവളെ നിന്റെ മായാലോകത്തിലേക്ക് മയക്കിയെടുത്തത്.

charlie-dulquer

അവൾക്ക് പൂരിപ്പിച്ചെടുക്കാനല്ലേ നീ മുറിയിൽ കഥകൾ കോറിയിട്ടത്. കഥകളുടെ ചങ്ങലകളെ ഒന്നിപ്പിച്ച് അതവസാനം നിന്നിലേക്കുള്ള കണ്ണിയാക്കി അവൾ എത്തുമെന്ന് അറിയാമായിരുന്നില്ലേ? എന്നിട്ടും എന്തിനായിരുന്നു ഒളിച്ചുകളി. നിന്റെ ഒളിച്ചുകളിയിലും ഒരു മനോഹാരിതയുണ്ടായിരുന്നു. ഒട്ടും വേദനിപ്പിക്കാത്ത ഒരു ഒളിച്ചുകളി. ഹൃദയം തുറന്ന് സഞ്ചരിക്കുകയും, മറ്റുളളവരിലേക്ക് കരുതലുമായി കാറ്റ് പോലെ പറന്നിറങ്ങുകയും ചെയ്യുന്ന പ്രിയപ്പെട്ട ചാർലി നിന്റെ ഉറക്കെ ഉറക്കെയുള്ള ചിരികളെ എങ്ങനെ മാറാക്കാനാവും.

dulquer-charlie

അടുക്കുന്തോറും അകലങ്ങളിലേക്ക് പുറംതിരിയുന്നവനിൽ പ്രണയത്തെ അംഗീകരിക്കുന്ന ധീരനായി നീ മാറുന്നത് കണ്ണിമചിമ്മാതെ ഞാൻ കണ്ടു. എല്ലാവരെയും പോലെ ഞാനും ഒരുപ്രാവശ്യമേ നിന്നെ കണ്ടിട്ടുള്ളൂ. എങ്കിലും ഒന്നു പറയാം ചാർലി, ആദ്യം കുടിച്ച ഭാംഗിന്റെ ലഹരിപോലയാണ് നീ. ലഹരിയില്ലെന്നു പറഞ്ഞ് വെള്ളത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടപ്പോൾ കണ്ടു ആയിരം വർണ്ണങ്ങൾ ഒന്നിച്ച മന്തുപിടിപ്പിക്കുന്ന ലഹരി. സിരകളിലേക്ക് പടർന്നു കയറിയ നിന്റെ ഭ്രാന്തിന്റെ ലഹരി എങ്ങനെ മറക്കാനാവും. കാവ്യാത്മകമായ സംഗീതം പോലെ മനസ്സിലേക്ക് പെയ്തിറങ്ങി ചാർലിയും ടെസയും പിന്നെ പ്രണയവും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.