Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1681, അബൂബക്കറിന്റെ ഉമ്മയ്ക്ക് കേവലമൊരു നമ്പറല്ല

rajitha

ഒരു കല എന്നതിൽ ഉപരിയായി പ്രേക്ഷകരുടെ ചിന്തകളെയും അഭിപ്രായങ്ങളെയും സ്വാധീനിക്കാൻ നാടകത്തിന് ഉണ്ടായിരുന്ന സ്വാധീനം മറ്റു കലാരൂപങ്ങൾക്ക്‌ ഉണ്ടായിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നാടകം കേരള സമൂഹത്തിൽ കോടി കുത്തി വാണിരുന്ന ഒരു കാലമുണ്ടായിരുന്നു , 1970 കളും 80 കളും അടങ്ങുന്ന മലയാള നാടകത്തിന്റെ സുവർണ്ണ കാലഘട്ടം , എന്നാൽ ആ കാലഘട്ടത്തിൽ നിന്നും ഏറെ മുന്നോട്ട് കാലചക്രം ഉരുണ്ടെത്തിയപ്പോൾ സാമൂഹിക പ്രതിബദ്ധതയാർന്ന വിഷയവുമായി തട്ടിൽ കയറിയ ഒരു വനിതയുണ്ട്, രജിത മധു. അബൂബക്കറിന്റെ ഉമ്മ പറയുന്നു എന്ന ഏകപാത്ര നാടകത്തിലൂടെ ഒരു സ്ത്രീ ഒറ്റയ്ക്ക്‌ അവതരിപ്പിക്കുന്ന ഏറ്റവും കൂടുതൽ വേദികളിലെ നാടകം എന്ന പേരിൽ അഭിനേത്രി രജിത മധു ഇന്ന് ലോക റിക്കാർഡിലേക്ക്‌ കടക്കുന്നു.

rajitha-image-1

ഗിന്നസ് റെക്കോർഡ്‌ എന്ന സ്വപ്നവുമായി ഇന്നലെ വൈകിട്ട് നെരുവമ്പ്രം യു പി സ്കൂൾ ഓഡിറ്റോറിയത്തിൽ അബൂബക്കറിന്റെ ഉമ്മ പറയുന്നു അരങ്ങേറിയപ്പോൾ ഈ ചരിത്ര നാടകം പിന്നിട്ടത് 1681 വേദികൾ. നിങ്ങളെ ചോരയാ മക്കളേ ഈ വയലിലെ പച്ചപ്പ്...എന്ന് ആക്രോശിച്ചു പറഞ്ഞു കൊണ്ട് രജിത മധു എന്ന ഈ അഭിനേത്രി അബൂബക്കറിന്റെ ഉമ്മയായിട്ട് 13 വർഷങ്ങൾ.കൃത്യമായി പറഞ്ഞാൽ 2003 ലാണ് രജിത ഈ കഥാപാത്രത്തിന് ജീവൻ നൽകുന്നത്. പിന്നീടുണ്ടായ 13 വർഷങ്ങളിൽ പിന്നിട്ടത് 1681 വേദികൾ. ഈ കാലയളവിൽ ഉടനീളം താൻ അബൂബക്കറിന്റെ ഉമ്മയായി അഭിനയിക്കുകയായിരുന്നില്ല , മറിച്ച് ജീവിക്കുകയായിരുന്നു എന്ന് രജിത പറയുന്നു.

rajitha-madhu

കേരളത്തിൽ 1940 കളിൽ നിലനിന്നിരുന്ന തീഷ്ണമായ രാഷ്ട്രീയ അരക്ഷിതാവസ്ഥയെ അടിസ്ഥാനമാക്കിയാണ് നാടകം ഒരുക്കിയിരിക്കുന്നത്. 1943 മാർച്ച് 29ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ട കയ്യൂര്‍ രക്തസാക്ഷികളായ മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍, പൊടോര കുഞ്ഞമ്പുനായര്‍, പള്ളിക്കാല്‍ അബൂബക്കര്‍ എന്നിവരിലൂടെ രക്തസാക്ഷി അബൂബക്കറിന്റെ ഉമ്മ അറുപത് വര്‍ഷത്തെ കേരളത്തിലെ തീഷ്ണമായ രാഷ്ട്രീയ അനുഭവങ്ങളോട് ശക്തമായി പ്രതികരിക്കുന്ന വിധത്തിലാണ് അബൂബക്കറിന്റെ ഉമ്മ പറയുന്നു എന്ന ഏകപാത്ര നാടകം കരിവെള്ളൂർ മുരളി എന്ന സംവിധായകൻ അണിയിച്ചൊരുക്കിയത് .

ഇത്തരത്തിൽ ഒരു നാടകം ചെയ്യണം എന്ന ആശയം മനസ്സിൽ ഉദിച്ചയുടൻ തട്ടിക്കൂട്ടിയ ഒരു അവതരണമല്ല അബൂബക്കറിന്റെ ഉമ്മ പറയുന്നു എന്ന ഈ നാടകം , കൃത്യമായ അവതരണ രീതി പിന്തുടർന്ന് കൊണ്ട് മാസങ്ങളുടെ റിഹേഴ്സൽ നടത്തിയ ശേഷമാണ് നാടകം അരങ്ങേറിയത്. ചരിത്രത്തിന്റെ ഭാഗമായ നാടകം ജനങ്ങൾ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് നെഞ്ചേറ്റിയത്. രജിത മധു എന്ന നദിയുടെ ആത്മ സമർപ്പണം തന്നെയാണ്‌ ഈ ഏകാപാത്ര ആദകത്തിന്റെ വിജയരഹസ്യം.

rajitha-image

'' 16 വയസ്സിലാണ് ഞാൻ നാടക രംഗത്തേക്ക് കടക്കുന്നത്. വീട്ടിലെ കഷ്ടപ്പാടുകൾ മൂലമാണ് നാടകാഭിനയം തൊഴിലായി സ്വീകരിക്കുന്നത്. ഇപ്പോൾ 32 വർഷമായി രംഗത്തുണ്ട്.2002 ൽ ഒരു തെരുവ് നാടകമായാണ് അബൂബക്കറിന്റെ ഉമ്മ പറയുന്നത് എന്ന ഈ നാടകം ജനങ്ങളിലേക്ക് എത്തുന്നത്. 50 വേദികൾ അത്തരത്തിൽ പിന്നിട്ട ഈ നാടകം പിന്നീട് പ്രൊഫഷനൽ തലത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. 2003 ഫെബ്രുവരി 24 മുതൽ അബൂബക്കറിന്റെ ഉമ്മ പറയുന്നത്, വേറൊരു തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഈ കാലയളവിലും ഞാൻ മറ്റു നാടകങ്ങളിൽ സജീവമായിരുന്നു. 13 വർഷം പിന്നിട്ടപ്പോഴാണ് ഗിന്നസ് സാധ്യതകളെ പറ്റി അറിയുന്നത്. ഇപ്പോൾ 1681 വേദികൾ പിന്നിട്ടു, അതിൽ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു.'' രജിത മധു പറയുന്നു

നാടകത്തിൽ ഉമ്മ എന്ന കഥാപാത്രം ഇടയ്ക്ക്‌ മിന്നി മറയുന്ന കഥാപാത്രമാണെങ്കിലും എല്ലാ സന്ദർഭങ്ങളിലും ആ കഥാപാത്രം സദസ്സിനെ ഏറെ സ്വാധീനിച്ചിരുന്നു .1681 വേദികൾ പിന്നിട്ട നാടകം ഗിന്നസിലും ലിംകയിലും ഇടം നേടാൻ യോഗ്യത നേടിക്കഴിഞ്ഞു.13 വർഷം തുടർച്ചയായി ഒരേ കഥാപാത്രവുമായി വേദിയിൽ എത്തുമ്പോൾ സന്തോഷം പകരുന്ന പ്രധാന ഓര്മ്മ, ഒരിക്കൽ വൃന്ദാ കാരാട്ട് നേരിട്ട് വന്നു അഭിനന്ദിച്ഛതാണ്. നാടകം തന്നെയാണ് മുന്നോട്ടുള്ള ജീവിതമെന്നു വിശ്വസിക്കുന്ന രജിത, നല്ല വേഷങ്ങൾ ലഭിച്ചാൽ സിനിമ ചെയ്യും എന്നും പറയുന്നു. ലോകറെക്കോർഡിലേക്ക്‌ കടക്കുന്നതിന്റെ യോഗ്യതാപത്രം ഡോ സുനിൽ ജോസഫ്‌ രജിതാമധുവിന്‌ സമർപ്പിച്ചു.

Your Rating: