Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയെ കണ്ടു; പാൽപ്പുഞ്ചിരിയോടെ ദേവാനന്ദ്

mammootty-devanand.jpg.image.784.410 കോട്ടയത്ത് ഷൂട്ടിങ് ലൊക്കേഷനിൽ മമ്മൂട്ടിയെ നേരിൽ കാണാൻ പിതാവ് രവീന്ദ്രനൊപ്പം ദേവാനന്ദ് എത്തിയപ്പോൾ

ഒൻപതുമാസത്തെ കാത്തിരിപ്പിനൊടുവിൽ നടൻ മമ്മൂട്ടിയെ നേരിൽ കണ്ടപ്പോൾ കുഞ്ഞു ദേവാനന്ദിന്റെ മുഖത്തു പാൽപ്പുഞ്ചിരി. തെരുവുനായ കടിച്ചുകുടഞ്ഞതിന്റെ ഭയത്തിൽനിന്നുള്ള വേദനകൾ അവൻ മറന്നുതുടങ്ങുകയാണ്. ഇന്നുമുതൽ വീടിനടുത്തുള്ള അങ്കണവാടിയിലേക്കു പുത്തൻ കൂട്ടുകാർക്കൊപ്പം. വേദനയിൽ കൂട്ടായിനിന്ന പ്രിയപ്പെട്ട മമ്മൂക്കയെ കാണാനും ആദ്യമായി അങ്കണവാടിയിലേക്കു പോകുന്നതിന്റെ വിശേഷമറിയിക്കാനുമാണ് അവൻ എത്തിയത്.

കോതമംഗലം തൃക്കാരുകുടിയിൽ രവീന്ദ്രന്റെയും അമ്പിളിയുടെയും മകനാണ് ദേവാനന്ദ്. സെപ്റ്റംബർ ആറിന് ഉച്ചയ്ക്കു മുറ്റത്തുനിന്നു കളിക്കുകയായിരുന്ന ദേവാനന്ദിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ഇടതു കണ്ണിന്റെ മേൽപ്പോളയും വലതു കണ്ണിന്റെ താഴത്തെ പോളയും നായയുടെ കടിയേറ്റ് അറ്റുപോവുന്ന നിലയിലായിരുന്നു. ഇടതുകണ്ണിൽ കണ്ണുനീർ ഗ്രന്ഥിയിലേക്കുള്ള ഞരമ്പുകൾ മുറിഞ്ഞു. കൈകാലുകൾക്കും പരുക്കേറ്റു.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ചികിത്സകൾ ചെയ്തു. പ്ലാസ്റ്റിക് സർജറിക്കു വിധേയനാക്കി. മാധ്യമങ്ങളിലൂടെ ഇക്കാര്യമറിഞ്ഞ ചലച്ചിത്രതാരം മമ്മൂട്ടി അവനെ കാണാനെത്തി. അവന്റെ മുന്നോട്ടുള്ള ചികിത്സാ ചെലവുകൾ അദ്ദേഹം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം വിദഗ്ധ ഡോക്ർമാരെ കാണുകയും ചെയ്തു.

സിഎംഎസ് കോളജിലെ ഷൂട്ടിങ് ലൊക്കേഷനിൽ രണ്ടരയോടെയാണ് ദേവാനന്ദും മാതാപിതാക്കളുമെത്തിയത്. നോമ്പുതുറക്കുന്നതിനുള്ള വിഭവങ്ങളുമായി എത്തിയ ഇവരെ ഷൂട്ടിങ്ങിനുശേഷം മടങ്ങിയെത്തിയ മമ്മൂട്ടി സ്വീകരിച്ചു. അങ്കണവാടിയിൽ ചേരാൻ പോകുന്നതിനു മുന്നോടിയായി മമ്മൂട്ടിയെ കണ്ടു സന്തോഷം പങ്കുവയ്ക്കുകയായിരുന്നു ലക്ഷ്യം.

ദേവാനന്ദിനെ കയ്യിലെടുത്ത മമ്മൂട്ടി കുട്ടിയുടെ മുഖത്തെ മുറിവുകൾ പരിശോധിച്ചശേഷം തുടർചികിത്സയുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യാമെന്ന് ഉറപ്പുനൽകി. സമ്മാനമായി ബാഗും പഠനോപകരണങ്ങളും മമ്മൂട്ടി ദേവാനന്ദിനു നൽകി. ഇവർക്കൊപ്പം ചിത്രമെടുക്കാനും മമ്മൂട്ടി സമയം കണ്ടെത്തി.

തെരുവുനായയുടെ ആക്രമണത്തിൽ ഭയന്നുപോയ ദേവാനന്ദ് ഇപ്പോഴും രാത്രിയിൽ ഭയന്നു നിലവിളിക്കാറുണ്ടെന്ന് അമ്മ അമ്പിളി പറഞ്ഞു. എന്നാൽ ഇനി കണ്ണുനീർ ഗ്രന്ഥിയിലേക്കുള്ള ഞരമ്പുകൾ ശസ്ത്രക്രിയ ചെയ്തു യോജിപ്പിക്കണമെങ്കിൽ അവനു പത്തുവയസ്സ് കഴിയണം. ആക്രമണത്തിൽ പരുക്കേറ്റ കണ്ണ് പൂർണമായും സുഖപ്പെടാൻ വീണ്ടും പരിശോധനകൾ നടത്തണമെന്നും അമ്പിളി പറഞ്ഞു. കുടുംബത്തിനൊപ്പം കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർമാരായ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, റോബർട്ട് കുര്യാക്കോസ്, ജോർജ് സെബാസ്റ്റ്യൻ എന്നിവരും എത്തിയിരുന്നു. 

Your Rating: