Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഥയില്ല, കാഴ്ച മാത്രം

indrajith-prithvi

ജീവിതത്തിലിന്നേവരെ പൂരം വെടിക്കെട്ടല്ലാതെ മറ്റൊരു കരിമരുന്നു പ്രയോഗവും കണ്ടിട്ടില്ലാത്ത രണ്ട് പാവം തൃശൂർക്കാരന്മാര് ഗുണ്ടകൾ. അവന്മാർക്കു മുന്നിലൂടെ ഒരു കൂട്ടം ‘ഭീകരന്മാർ’ ചറപറ വെടിയും പൊട്ടിച്ചു മുന്നേറുകയാണ്. പക്ഷേ ആരൊക്കെയോ ആഘോഷമായി പൂത്തിരിയും കത്തിച്ചു മുന്നിലൂടെ ചാടിത്തുള്ളി പോകുന്നതുപോലെയാണ് അവർക്കതു കണ്ടപ്പോൾ തോന്നിയത്. സ്വാഭാവികം. പിന്നെ ക്യാമറയൊന്ന് കറങ്ങിത്തിരിഞ്ഞ് യാഥാർഥ്യത്തിലേക്കെത്തുമ്പോഴാണ് ‘ഭീകരന്മാരുടെ’ കയ്യിൽ പൂത്തിരിയല്ല, പൊട്ടിത്തെറിക്കുന്ന മെഷീൻ ഗണ്ണുകളാണെന്നു പിടികിട്ടിയത്!!

പൂത്തിരിയിൽ നിന്ന് പൊട്ടിത്തെറിയിലേക്കുള്ള ഈ ദൂരത്തിനിടെ ഒളിച്ചിരിക്കുന്ന കോമഡി പിടിച്ചെടുത്ത് വേണം പ്രേക്ഷകൻ പൊട്ടിച്ചിരിക്കാൻ. കാരണം ചിന്തിക്കാൻ പോലും നേരം കൊടുക്കാത്തവിധം തൊട്ടടുത്ത നിമിഷം തന്നെ അടിയും വെടിയും സ്ക്രീനിൽ നിറയുകയാണ്. ആമേനിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയൊരുക്കിയ ഡബിൾ ബാരലിന് ശരിക്കുമൊരു വെട്ടിക്കെട്ടിന്റെ സ്റ്റൈലാണ്. അമിട്ടുകൾ ഇപ്പോപ്പോട്ടും എന്ന മട്ടിൽ മാനത്തേക്കു കണ്ണുംനട്ട് നോക്കിയിരിക്കണം.

ചിലതെല്ലാം വർണം വാരിവിതറി പൊട്ടിച്ചിതറും, അവ കാണാനും കേൾക്കാനും ഭംഗിയാണ്. ചിലത് ചീറ്റിപ്പോകും, അവ വെറുപ്പിച്ചുകളയും. എല്ലാം കഴിയുമ്പോൾ ആകാശത്തേക്ക് അത്രയും നേരെ നോക്കിനിന്ന് കണ്ണും കഴുത്തും കഴച്ചയാൾ എന്നതിന്റെ അവകാശത്തിൽ പ്രേക്ഷകൻ ചോദിച്ചുപോകും: ‘വെടിക്കെട്ടൊക്കെ ഉഷാറായിട്ടുണ്ട് പക്ഷേ ചീറ്റിപ്പോയവയല്ലേ കൂടുതൽ...?’

arya-swathi

ഒരു ലോഡ് നടന്മാരും അതിലേറെ വെടിയുണ്ടകളുമായിട്ടായിരുന്നു ഡബിൾ ബാരലിന്റെ വരവ്. ലക്ഷ്യം, മലയാളത്തിലെയും ടോളിവുഡ്, ബോളിവുഡ്, ഹോളിവുഡിലെയും ഗാങ്സ്റ്റർ സിനിമകളെ കണക്കിനു കളിയാക്കുക എന്നതും. പക്ഷേ ചിത്രത്തിൽ പറയുന്നതുപോലെ ലൈലയില്ലാതെ മജ്നുവില്ല, മജ്നുവില്ലാതെ ലൈലയും. രണ്ടും ഒരുമിച്ചല്ലാതെ പത്തുപൈസേടെ വിലയുമില്ല എന്ന മട്ടിലാണ് കാര്യങ്ങൾ.

ലൈല–മജ്നു എന്നീ രത്നങ്ങൾ വിൽക്കാൻ ശ്രമിക്കുകയാണ് ഒരു പഴയകാല ഡോൺ. അദ്ദേഹത്തിനു കൂട്ടായി സ്വീറ്റി എന്ന ‘ഷാവൊലിൻ’ പോരാളിയുമുണ്ട്. തന്റെ വയസ്സാൻ കാലത്തെ ചൂതാട്ടത്തിനായി ഡോൺ തിര‍ഞ്ഞെടുക്കുന്നവരാണ് പാഞ്ചോ, വിൻസി എന്നീ ലോക്കൽ കള്ളന്മാരെ. പക്ഷേ ലൈലയും മജ്നുവും വിൽപനയ്ക്കായെത്തിയെന്ന വിവരം പുറംലോകം, (ക്ഷമിക്കണം അധോലോകം) അറിഞ്ഞതോടെ കടന്നൽക്കൂട്ടിൽ കല്ലുവീണ അവസ്ഥ. മലയാളം പറയുന്ന മെക്സിക്കൻ, റഷ്യൻ, കരീബിയൻ ഗാങ്സ്റ്റർ സംഘങ്ങളും ‘ഗാങ്സ്റ്റേഴ്സ് ഓഫ് തൃശൂരും’ കൂടിയായതോടെ അടി മാത്രമല്ല വെടിയും പൊട്ടിത്തുടങ്ങി. അതിനു സമാന്തരമായി ‘കുൽസുംബി’ എന്ന ലഹരിഗുളികയുമടിച്ച് എന്താണ് സ്വപ്നം എന്താണ് യാഥാർഥ്യം എന്നറിയാനാകാതെ കിറുങ്ങിപ്പോകുന്ന മജ്നുവും ഡീസലും ഒരു വണ്ടിയിൽ. കൂടാതെ ഒരു സൈലന്റ് കില്ലറും അഞ്ചു വയസ്സുകാരൻ ‘ക്രിമിനൽ കുട്ടി’യും കൂടി സമാന്തരമായി നീങ്ങിത്തുടങ്ങിയതോടെ സിനിമ ചൂടുപിടിക്കുന്നു. ഇടയ്ക്കിടെ ഓരോ ഇടികളും പൊട്ടിത്തെറികളും വെടികളും, അതിനിടെ എന്തിനോവേണ്ടി ചില പാട്ടുകൾ... കൊടുംഇടിയ്ക്കിടയിലും പാട്ടുപാടി റൊമാന്റിക്കാവുന്ന മലയാളത്തിലെ ഉൾപ്പെടെ ‘ഡോൺ’ നായകന്മാരെ കളിയാക്കാനാണെന്നു തോന്നുന്നു ചിത്രം അവസാനിക്കാനൊരുങ്ങുംനേരത്ത് ഒരു ഡ്യുവറ്റുമുണ്ട്. പക്ഷേ...!!!

sunny-silent

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി, ആര്യ, സണ്ണി വെയ്ൻ തുടങ്ങി ഒരുവിധം സകല യുവനടന്മാരെയും ഉൾപ്പെടുത്തിയിട്ടുണ്ട് ചിത്രത്തിൽ. ഒപ്പം വിജയ്ബാബുവും ചെമ്പൻ വിനോദും ബിനീഷ് കോടിയേരിയും അനിൽരാധാകൃഷ്ണമേനോനും ഉൾപ്പെടെയുള്ള സമാന്തര സംഘവും. നായികമാരായി സ്വാതി റെഡ്ഡിയും ഇഷ ഷെർവാണിയും രചന നാരായണൻകുട്ടിയും പേളി മാണിയും. പക്ഷേ പേരെടുത്ത അഭിനേതാക്കളേക്കാൾ ചിത്രത്തിൽ തിളങ്ങിയത് ബ്ലാക്കിയായെത്തിയ കരീബിയൻ ഗാങ്സ്റ്ററും തർക്കോവ് ആയ ഷെറിൻ വർഗീസുമൊക്കെയല്ലേയെന്ന് ചോദിക്കേണ്ടി വരും. വെടി വയ്ക്കാനറിയില്ലെങ്കിൽ നീയെന്നോടു ചോദിക്കെടാ എങ്ങനെ വെടിവയ്ക്കണമെന്ന്... എന്നതുൾപ്പെടെയുള്ള ബ്ലാക്കിയുടെ തനതുസ്റ്റൈൽ ഡയലോഗുകൾ മരുഭൂമിയിലെ പൂക്കാലമാകുന്നുണ്ട്.

കഥാപാത്രങ്ങൾ ഒരു കോമിക് പുസ്തകത്തിൽ നിന്നിറങ്ങി വന്നതുപോലെയാണ് സിനിമയെന്ന് ഇതിന്റെ അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ചിത്രം കാണുമ്പോൾ ലോജിക് എന്നത് ചിന്തയുടെ ഏഴയലത്തു പോലും കൊണ്ടുവരരുത്. അങ്ങനെയിരുന്നു കണ്ടാൽ ഫസ്റ്റ് ഹാഫ് അൽപമെങ്കിലും ഇഷ്ടപ്പെടും. പക്ഷേ ഒരു കാരണവുമില്ലാതെ ചുമ്മാ ചിരിച്ചുകൊണ്ടിരിക്കുന്ന നടന്മാരും കടൽകുഴിച്ചെടുത്ത മണ്ണെവിടെപ്പോയെന്നു ദു:ഖിക്കുന്ന കാൽപനികനായ ചെറുപ്പക്കാരനും കാമുകിയും എല്ലാം കൂടി രണ്ടാം പകുതിയെ മാരകമാക്കുന്നു. ലിജോയുടെ ആദ്യ തിരക്കഥാശ്രമം കൂടിയായിരുന്നു ഡബിൾ ബാരൽ. പക്ഷേ അത് അർഹിക്കുന്ന വിധത്തിൽ പ്രേക്ഷകനിലേക്ക് എത്തിക്കാനായില്ല. ‘ആമേൻ’ പോലെ ഇത്രയും മനോഹരമായ ഒരു ചിത്രത്തിന്റെ പിന്നാലെയാണ് വമ്പൻ ബജറ്റും പ്രതീക്ഷകളുമായി ഈ ചിത്രമിറങ്ങിയത് എന്ന സാഹചര്യത്തിൽ പ്രത്യേകിച്ച്.

vijay-billy

എന്തിനോ വേണ്ടി ദാഹിക്കുന്ന, പേരില്ലാത്ത രണ്ട് കാമുകീകാമുകന്മാരെ കാണാം ചിത്രത്തിൽ. നേരത്തെ ഡൽഹി ബെല്ലി എന്ന ചിത്രത്തിൽ ഹണിമൂൺ ആഘോഷിക്കാൻ ഇന്ത്യയിലെത്തിയ വിദേശദമ്പതികളെ ഓർമിപ്പിച്ചു ഇവർ. സ്പൂഫെന്നു പറയാനാവില്ലെങ്കിലും ഗാങ്സ്റ്റർ സിനിമകളെ കണക്കിനു കളിയാക്കിയെടുത്തതാണ് ഡൽഹി ബെല്ലി. അതിൽ കോമഡിയാക്കിയ ഒരു സംഗതി അതേപടി, പ്രായമൊന്നു കുറച്ച്, ഡബിൾ ബാരലിലെടുക്കുമ്പോൾ എന്തോ ചെറിയൊരു കല്ലുകടി. അല്ലെങ്കിലും ചെയ്തത് അതേപടി പകർത്താനല്ലല്ലോ, മേലാൽ അമ്മാതിരി ചെയ്ത്തുകൾ ചെയ്യാതിരിക്കാൻ തക്കത്തിൽ ചലച്ചിത്രപ്രവർത്തകരുടെ ചിന്തയ്ക്ക് വഴിമരുന്നിട്ടു കൊടുക്കുകയാണല്ലോ സ്പൂഫുകളുടെ ലക്ഷ്യം. സകല പ്രേതസിനിമകളെയും കളിയാക്കുന്ന ‘സ്കേരി മൂവി’ അഞ്ചുഭാഗങ്ങൾ വരെയിറങ്ങിയിട്ടും ഇപ്പോഴും ഹോളിവുഡിൽ പ്രേതപടങ്ങൾക്ക് ഒരു കുറവുമില്ലെന്നോർക്കണം.

ജയിംസ് ബോണ്ട്, കിൽ ബിൽ, ക്രൗച്ചിങ് ടൈഗർ ഹിഡൺ ഡ്രാഗൺ, എക്സ്പാൻഡബ്‌ൾസ് ഉൾപ്പെടെയുള്ള (ഇതൊക്കെ വെറും സാംപിൾ) ആക്‌ഷൻ ത്രില്ലറുകളിലെ സകല വില്ലന്മാരെയും പൊക്കിയെടുത്തിട്ടുണ്ട് ഡബിൾ ബാരലിൽ. ഈ സിനികളുടെയെല്ലാം സ്പൂഫുകളും നിർലോഭമുണ്ടായിട്ടുണ്ട് ഹോളിവുഡിൽ. പക്ഷേ കാടടച്ച് കളിയാക്കുന്ന ‘30 നൈറ്റ്സ് ഓഫ് പാരാനോർമൽ ആക്ടിവിറ്റി വിത്ത് ദ് ഡെവിൾ ഇൻസൈഡ് , ദ് ഗേൾ വിത്ത് എ ഡ്രാഗൺ ടാറ്റൂ’ പോലുള്ള സ്പൂഫ് ചിത്രങ്ങളെല്ലാം നിലംതൊടാറെ പറന്ന ചരിത്രമാണുള്ളത്. നിലവാരമുള്ള സിനിമകളുള്ളതുകൊണ്ടാണ് തങ്ങൾക്ക് നിലനിൽപുള്ളതെന്ന് അറിയാവുന്ന സംവിധായകരൊരുക്കുന്ന സ്പൂഫുകളാകട്ടെ വൻഹിറ്റുകളുമാകാറുണ്ട്.

poster-double-barrel

ലോകോത്തര ആക്‌ഷൻ ചിത്രങ്ങളെയും മലയാളത്തിലെ പാവം ലോക്കൽ അണ്ടർവേൾഡിനെയും കളിയാക്കാനൊരുങ്ങുമ്പോഴും ഈ ചിത്രങ്ങളൊക്കെ കാരണമാണ് ഒരു ഡബിൾ ബാരലൊരുക്കാൻ തനിക്കു സാധിച്ചതെന്ന കാര്യം മനസ്സിൽ വച്ചിരുന്നെങ്കിൽ സംവിധായകന് ചിത്രം ഒരു പരിധി വരെ മികച്ചതാക്കാമായിരുന്നു.

കഥയുടെയും തിരക്കഥയുടെയും കാര്യത്തിൽ അതെന്തായാലും പാളി, പക്ഷേ കാഴ്ചകളുടെയും പശ്ചാത്തല സംഗീതത്തിന്റെയും സാങ്കേതികതയുടെയും കാര്യത്തിൽ ഡബിൾ ബാരൽ ഇടിമുഴക്കം സൃഷ്ടിക്കുക തന്നെ ചെയ്തു. കോടികൾ മുടക്കിയതിനുള്ള കാഴ്ചകൾ ഡബിൾ ബാരലിലുണ്ട്. മലയാളത്തിൽ ഇത്തരമൊരു ഗാങ്സ്റ്റർ മൂവി ആരും എടുത്തിട്ടില്ലെന്നതും ഉറപ്പ്. (ഇത് ഏത് അർഥത്തിലും എടുക്കാം) ഛായാഗ്രഹണത്തിൽ അഭിനന്ദൻ രാമാനുജത്തിന്റെ ആമേൻ മാജിക് ഇവിടെയും ആവർത്തിച്ചു. അതിന് കൂട്ടായി പ്രശാന്ത് പിള്ളയുടെ സംഗീതവും.

ഡബിൾ ബാരൽ യാഥാർഥ്യമാകുന്നതിനു വേണ്ടി എഫക്ടുകളിലായാലും ആനിമേഷനിലായാലും ആക്‌ഷൻ രംഗങ്ങളിലായാലും ലിജോയും സംഘവും നടത്തിയ പരിശ്രമം കണ്ടില്ലെന്നു നടിക്കാനാകില്ല. ഹോളിവുഡിനെ വെല്ലുവിളിച്ചൊരുക്കുന്ന സിനിമയാകുമ്പോൾ അതിനൊത്ത കിടിലം പശ്ചാത്തലങ്ങളും നിർബന്ധമാണല്ലോ. അക്കാര്യത്തിൽ കലാസംവിധായികയും കീഫ്രെയിം സ്റ്റുഡിയോയുടെ വിഷ്വൽ എഫക്ട്സും മികച്ചുതന്നെ നിന്നു. പക്ഷേ കഥയുടെ കെട്ടുറപ്പില്ലാതെ വെറും കാഴ്ചകൾ മാത്രം തിരശീലയിലെത്തിയാൽ അത് ലൈലയില്ലാത്ത മജ്നുവിനെപ്പോലെ ഒട്ടും വിലയില്ലാതായിപ്പോകില്ലേ...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.