Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരേഷ് ഗോപി എംപിക്ക് നന്ദി പറഞ്ഞ് ഡോ. ബിജു

biju-suresh

സുരേഷ് ഗോപി എംപിക്ക് നന്ദി പറഞ്ഞ് സംവിധായകന്‍ ഡോ. ബിജു‍. രണ്ട് വര്‍ഷം മുന്‍പ് ദൂരദര്‍ശന്‍ അവസാനിപ്പിച്ച ‘ബെസ്റ്റ് ഓഫ് ഇന്ത്യ’ സിനിമാപ്രദര്‍ശനം പുനരാരംഭിക്കുന്നത് സംബന്ധിച്ച അഭ്യര്‍ഥനയില്‍ സുരേഷ് ഗോപിയുടെ സമയോചിതമായ ഇടപെലുകൾക്ക് നന്ദി അറിയിച്ചാണ് ബിജു രംഗത്തെത്തിയത്.

ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്ന നിലയിലും രാജ്യ സഭാ എം പി എന്ന നിലയിലും അതി വേഗതയില്‍ ഈ പ്രശ്‌നത്തില്‍ ഇടപെട്ടത്തില്‍ ഏറെ നന്ദിയുണ്ടെന്നും ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സാംസ്‌കാരികമായി ഏറെ മാറ്റങ്ങള്‍ സൃഷ്ടിക്കേണ്ട ഒരു വിഷയം അടിയന്തിര പ്രാധാന്യത്തോടെ ഇടപെട്ടതില്‍ ഇന്ത്യയിലാകമാനമുള്ള പ്രാദേശിക ഭാഷാ സംവിധായകരുടെ പേരിലും നന്ദി അറിയിക്കുന്നുവെന്നും ബിജു പറഞ്ഞു.

ഡോ. ബിജുവിന്റെ കുറിപ്പ് വായിക്കാം–

ദേശീയ പുരസ്‌കാരം, അന്തര്‍ ദേശീയ അംഗീകാരങ്ങള്‍, ഇന്ത്യന്‍ പനോരമ സെലക്ഷന്‍ തുടങ്ങിയവ ലഭിക്കുന്ന പ്രാദേശിക സിനിമകള്‍ ദൂര ദര്‍ശന്‍ ബെസ്റ്റ് ഓഫ് ഇന്ത്യന്‍ സിനിമ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാങ്ങുക എന്ന ഒരു നല്ല തീരുമാനം നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ എടുത്തിരുന്നു. ശ്രീ: അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദേശ പ്രകാരമാണ് ഇങ്ങനെയൊരു നടപടി ഉണ്ടായത്.

മലയാളം ഉള്‍പ്പെടെയുള്ള നിരവധി പ്രാദേശിക ഭാഷകളില്‍ നിര്‍മിക്കപ്പെട്ട കലാമൂല്യ സിനിമകളുടെ നിര്‍മാതാക്കള്‍ക്ക് വലിയൊരു പ്രോത്സാഹനം ആയിരുന്നു നാഷണല്‍ ദൂരദര്‍ശന്റെ ഈ തീരുമാനം. ഒട്ടേറെ നിര്‍മാതാക്കള്‍ക്ക് കലാമൂല്യ ചിത്രങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഒരു പ്രോത്സാഹനം ആയിരുന്നു ഇത്. മാത്രമല്ല ദേശീയമായി വലിയ അംഗീകാരങ്ങള്‍ കിട്ടിയിട്ടും മറ്റ് കച്ചവട ടെലിവിഷന്‍ ചാനലുകള്‍ ഒരിക്കലും വാങ്ങാത്ത കലാ മൂല്യ ചിത്രങ്ങള്‍ വാങ്ങുകയും ബെസ്റ്റ് ഓഫ് ഇന്ത്യന്‍ സിനിമ എന്ന അഭിമാനാര്‍ഹമായ ഒരു ടാഗോടെ ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകര്‍ക്ക് ആ ചിത്രങ്ങള്‍ കാണുവാനുള്ള അവസരം ഒരുക്കുകയും ചെയ്തു ദൂരദര്‍ശന്‍. മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ നിന്നും ഇത്തരത്തില്‍ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ രണ്ട് വര്‍ഷത്തോളം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തു. ഒരു നല്ല സിനിമാ സംസ്‌കാരം കൊണ്ട് വരുന്നതിനും ഇത് ഇട നല്‍കി.

പക്ഷെ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ദൂരദര്‍ശന്‍ ബെസ്റ്റ് ഓഫ് ഇന്ത്യന്‍ സിനിമ എന്ന വിഭാഗം നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇന്ത്യയില്‍ വിവിധ പ്രാദേശിക ഭാഷകളില്‍ നല്ല സിനിമകളുടെ നിര്‍മാണത്തെ പിന്നോട്ടടിക്കുന്ന ഈ നിലപാട് തികച്ചും ദൗര്‍ഭാഗ്യകരമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഡല്‍ഹി ദൂരദര്‍ശനില്‍ അന്വേഷണം നടത്തിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഇനി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ് കാസ്റ്റിങ്ങ് മന്ത്രാലയത്തില്‍ നിന്നും നിര്‍ദേശം ഉണ്ടായാല്‍ മാത്രമേ ഇത് പുനരാരംഭിക്കൂ എന്നതാണ്. ഇത്തരം ഒരു സ്ലോട്ട് നില നില്‍ക്കേണ്ടത് ഇന്ത്യന്‍ സിനിമയുടെ സാംസ്‌കാരികവും കലാപരവുമായ ഒരു ആവശ്യമാണ്. ഈ വിഷയത്തില്‍ ഇത്തരം സിനിമകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ചരിത്രപരമായ ആവശ്യം ബോധ്യപ്പെടുത്തുന്ന ഒരു അപേക്ഷ തയ്യാറാക്കി ഞാന്‍ സ്വന്ത നിലയില്‍ ദൂരദര്‍ശന്‍ അധികാരികള്‍ക്ക് അയച്ചുവെങ്കിലും യാതൊരു മറുപടിയും ഉണ്ടായില്ല.

ഒരാഴ്ചയ്ക്ക് മുന്‍പ് ശ്രീ സുരേഷ് ഗോപിയെ കണ്ട് ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. ദൂരദര്‍ശന്‍ അധികാരികള്‍ക്കും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ് കാസ്റ്റിങ്ങ് മന്ത്രാലയത്തിനും ഈ വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം ബോധ്യപ്പെടുത്തി ഈ സ്ലോട്ട് പുനരാരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന അപേക്ഷ തയ്യാറാക്കി ശ്രീ സുരേഷ് ഗോപിയെ ഏല്പിക്കുകയും ചെയ്തു. കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഇന്ന് രാവിലെ ശ്രീ സുരേഷ് ഗോപിയുടെ ടെലഫോണ്‍.

അദ്ദേഹത്തിന് നല്‍കിയ അപേക്ഷ ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി , പ്രസാര്‍ ഭാരതി സി ഇ ഓ എന്നിവരെ നേരില്‍ കണ്ട് സംസാരിച്ചു കൈമാറുകയും ഈ വിഷയത്തില്‍ അടിയന്തിരമായി മറുപടി നല്‍കാന്‍ ദൂരദര്‍ശന്‍ ഡയറക്ടറോട് സി ഇ ഓ ആവശ്യപ്പെട്ടു എന്ന വിവരവുമാണ് അദ്ദേഹം അറിയിച്ചത്. ഒപ്പം സി ഇ ഓ വിശദീകരണം ആവശ്യപ്പെട്ട് ദൂരദര്‍ശന്‍ ഡയറക്ടര്‍ക്ക് അയച്ച കത്തിന്റെ കോപ്പി സുരേഷ് ഗോപിക്ക് നൽകിയതിന്റെ പകര്‍പ്പും അദ്ദേഹം എനിക്ക് അയച്ചു തന്നു.

ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്ന നിലയിലും രാജ്യ സഭാ എം പി എന്ന നിലയിലും അതി വേഗതയില്‍ ഈ പ്രശ്‌നത്തില്‍ ഇടപെട്ടത്തില്‍ ഏറെ നന്ദി. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സാംസ്‌കാരികമായി ഏറെ മാറ്റങ്ങള്‍ സൃഷ്ടിക്കേണ്ട ഒരു വിഷയം അടിയന്തിര പ്രാധാന്യത്തോടെ ഇടപെട്ടതില്‍ ഇന്ത്യയിലാകമാനമുള്ള പ്രാദേശിക ഭാഷാ സംവിധായകരുടെ പേരില്‍ ഒരിക്കല്‍ കൂടി നന്ദി അറിയിച്ചു കൊള്ളട്ടെ..”