Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരൾച്ച; സഹായഹസ്തവുമായി മമ്മൂട്ടി

mammootty-latest

സംസ്ഥാനം കടുത്ത വരൾച്ച നേരിടുമ്പോൾ, സഹായഹസ്തവുമായി നടൻ മമ്മൂട്ടി. വരൾച്ചാ ദുരിതാശ്വസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നേരിൽ കണ്ട് മമ്മൂട്ടി അറിയിച്ചു. ലാത്തൂരിൽ ജല അടിയന്തരവസ്ഥയാണുള്ളത്. സമാനമായ അവസ്ഥ പാലക്കാടു പോലുള്ള നമ്മുടെ നാട്ടിലെ ചിലയിടങ്ങളിലും ഉണ്ടാകും. സംസ്ഥാനത്തിന്റെ മറ്റു പലഭാഗങ്ങളിലും വലിയ ജലക്ഷാമം ഉണ്ട്. ഭാവിയിൽ വെള്ളം നമ്മുക്ക് വലിയ പ്രശ്നമായി മാറും. ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന ജല പ്രശ്നത്തിന് പരിഹാരം കാണുകയാണ് വേണ്ടതെന്ന് മമ്മൂട്ടി കൊച്ചിയിൽ പറഞ്ഞു.

ഇത്തരത്തിൽ ഒരു കാര്യത്തിന് പ്രചോദനം ഉണ്ടായതിനുള്ള ഒരു കാരണം തമിഴ്നാട്ടിലെ പ്രളയത്തിൽ ഏറ്റവും സഹായം നൽകിയത് കേരളത്തിൽ നിന്നാണ്. സന്നദ്ധ സംഘടനകളും മറ്റും വാരികോരി അവരെ സഹായിച്ചിട്ടുണ്ട്. അപ്പോൾ നമ്മുടെ നാട്ടിൽ ഒരു സംഭവം ഉണ്ടാകുമ്പോൾ എല്ലാ ആളുകളും എല്ലാവരെയും സഹായിക്കാനുണ്ടാകുമെന്ന വിശ്വാസത്തിലാണ് ഇത്തരമൊരു പ്രവർത്തിയിലേക്ക് കടന്നത്.

ഒരാൾ മാത്രം വിചാരിച്ചതുകൊണ്ട് കാര്യമില്ല. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള അധികാരികളുമായി ഇക്കാര്യം ചർച്ച ചെയ്യുന്നതിനാണ് വന്നത്. നാളെ തന്നെ ദുരിതാശ്വപ്രവർത്തനം ആരംഭിക്കണമെന്നാണ് കരുതുന്നത്. ഇതിന് മുൻകൈയെടുക്കാൻ തയാറാണ്. ഇക്കാര്യം മുഖ്യമന്ത്രി അറിയിക്കാനാണ് എത്തിയതെന്നും മമ്മൂട്ടി പറ‍ഞ്ഞു.

ബഹുജന സംഘടനകളും സാമൂഹിക സംഘടനകളുമായി ബന്ധപ്പെട്ടാണ് വരൾച്ചാ ദുരിതാശ്വാസ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് കൊച്ചിയിലെ ഗസ്റ്റ്ഹൗസിൽ നടക്കുന്ന യോഗത്തിൽ താൽപര്യമുള്ളവർക്ക് പങ്കെടുക്കാമെന്ന് മമ്മൂട്ടി അറിയിച്ചു.

വരൾച്ച വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. മറ്റു പരിപാടികൾ ഒഴിവാക്കി വ്യാഴാഴ്ച തിരുവനന്തപുരത്ത് പോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വ്യാഴാഴ്ച രാവിലെ 8.30ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷനിൽനിന്നു നേരത്തെ തന്നെ അനുമതി വാങ്ങിയിട്ടുണ്ട്. വരൾച്ചാ ബാധിത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. എല്ലാസഹായവും നൽകാമെന്ന് മമ്മൂട്ടി അറിയിച്ചുവെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.