Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഹരിക്കേസില്‍ കുടുങ്ങി മറ്റൊരു ന്യൂജെന്‍താരം

മലയാള സിനിമയിലെ മറ്റൊരു ന്യൂജെന്‍ താരം കൂടി ലഹരിക്കേസില്‍ പൊലീസ് പിടിയില്‍. ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റും വിവാദങ്ങളും അവസാനിക്കും മുമ്പാണ് ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ നിലയുറപ്പിക്കാന്‍ ഒരുങ്ങുന്ന യുവതാരവും ഡിജെയും കൂടിയായ മിഥുന്‍ സി വിലാസ് പിടിയിലായത്.

കൊച്ചിയില്‍ ലഹരിമരുന്ന് കണ്ടെടുത്ത പഞ്ചനക്ഷത്രഹോട്ടലിലെ ഡിജെ പാര്‍ട്ടിയുടെ മുഖ്യ സംഘാടകന്‍ ആണ് മിഥുന്‍. ശനിയാഴ്ച കൊച്ചിയിലെ പഞ്ചനക്ഷത്രഹോട്ടലില്‍ സംഘടിപ്പിച്ച ഡി ജെ പാര്‍ട്ടിയില്‍ നിന്ന് പൊലീസ് ലഹരിമരുന്ന് പിടിച്ചതിനെ തുടര്‍ന്ന് ഇതിന്റെ മുഖ്യ സംഘാടകന്‍ കൂടിയായ മിഥുന്‍ ഒളിവില്‍ പോയിരുന്നു. ഇന്നലെ രാത്രിയില്‍ മിഥുന്‍ കൊച്ചിയില്‍ എത്തിയെന്നുള്ള വിവരത്തില്‍ ഇടപ്പള്ളിയിലെ വീട്ടില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് അറസ്റ്റ്. മിഥുന്റെ കാറിലെ സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 36 ഗ്രാം ഹാഷിഷും 10 ഗ്രാം കഞ്ചാവ് ലേഹ്യവും രണ്ട് ആംപ്യൂളുകളും പിടിച്ചെടുത്തു.

mithun-latest

ഡിജെയും സിനിമാ നടനുമായ മിഥുന്‍ കോക്കാച്ചി എന്നാണ് അറിയപ്പെടുന്നത്. 22 ഫീമെയില്‍ കോട്ടയം, 100 ഡെയ്സ് ഓഫ് ലൌ, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ള മിഥുന്‍ സിനിമാ മേഖലയിലെ പ്രമുഖരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ്. തനിക്ക് ലഹരിമരുന്ന് ലഭിച്ചത് മലയാള സിനിമയിലെ ഗോവയിലെ ലൊക്കേഷനില്‍ നിന്നാണ് എന്ന് മിഥുന്‍ മൊഴി നല്‍കി. മിഥുന് ലഹരിമരുന്ന് ലഭിച്ചതുമായി ബന്ധപ്പെട്ട് പ്രമുഖ സിനിമാ നിര്‍മാതാവിനെ ക്രേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. സിനിമാ രംഗത്തെ ചിലര്‍ക്ക് മിഥുന്‍ ലഹരിമരുന്ന് എത്തിച്ചുനല്‍കാറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

mithun-latest-stills

ലഹരിമരുന്ന് മൂക്കിലൂടെ വലിക്കാന്‍ ഉപയോഗിക്കുന്ന വൈപ്പയ്സറും കഞ്ചാവിന്റെ ഇലയും പൂവും വേര്‍തിരിക്കുന്ന ഉപകരണമായ ക്രഷറും കൊക്കെയ്ന്‍ പൊതിഞ്ഞ പേപ്പറുകളും മിഥി വീട്ടില്‍ നിന്ന് കണ്ടെടുത്തു. പഞ്ചനക്ഷത്ര ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കായി ഹാള്‍ ബുക്ക് ചെയ്തത് മിഥുനാണ്. മിഥുന് ഹാഷിഷും കഞ്ചാവും നല്‍കിയവരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നാലു വര്‍ഷം മുമ്പ് തട്ടേക്കാട് ഡിജെ പാര്‍ട്ടിക്കിടെ ആലുവ സ്വദേശി നവീന്‍ മുങ്ങിമരിച്ച സംഭവത്തില്‍ മിഥുനെ പൊലീസ് മുമ്പ് ചോദ്യം ചെയ്തിട്ടുണ്ട്. ആ പാര്‍ട്ടി സംഘടിപ്പിച്ചത് കൊച്ചിയിലെ ഹോട്ടലുടമയും പ്രമുഖ നിര്‍മാതാവുമായ വ്യക്തിയായിരുന്നു. മിഥുന് ലഹരി മരുന്ന് കിട്ടിയ സംഭവത്തില്‍ ഈ വ്യക്തിയുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.