Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുവഴിഞ്ഞിപ്പുഴയുടെ ആഴത്തിൽ ഒരു പ്രണയകാവ്യം

ennu-ninte-moideen-stills

ഓർമകളുടെ കനം കൊണ്ട കഥ പറഞ്ഞ് പറഞ്ഞ് എഴുതിയെഴുതി അയാളടച്ചുവയ്ക്കുന്ന നാളെഴുത്ത് പുസ്തകം 2015ാമാണ്ടിലേതാണ്. ‘‘ എന്നു നിന്റെ മൊയ്തീൻ’’ എന്ന ചിത്രം കണ്ട് നമ്മൾ തിയറ്റർ വിട്ടിറങ്ങുന്ന അതേ കാലം. അത്രനേരവും കണ്ടിരുന്ന പത്ത് നാൽപ്പത് കൊല്ലം പഴക്കമുള്ള കഥയുടെ തിരുശേഷിപ്പ് ചോരയോടും മാംസത്തോടും കൂടി അത്രയകലെയല്ലാത്തൊരു നാട്ടിലിപ്പോഴുമുണ്ടെന്ന അറിവിൽ നമ്മളൊന്നു കിടുങ്ങുന്നു. ഇങ്ങനെ പ്രണയിക്കാൻ, ഇങ്ങനെ ജീവിക്കാൻ സാധ്യമോ എന്ന് തന്നോട് തന്നെ പിന്നെയും പിന്നെയും ചോദിക്കുന്നു.

വാക്കിലും പ്രണയത്തിലും ഏറെ കള്ളം കാണിച്ചവരാണ് നമ്മളെന്നതു കൊണ്ടാകാം നമുക്ക് വേണ്ടി നേര് പറഞ്ഞതും നേരായി പ്രണയിച്ചവരും പലപ്പോഴും തിരശീലയിലായിരുന്നു. നേരെന്ന പേരിൽ കടലാസിലും വെള്ളിത്തിരയിലും പകർത്തിയ നുണകളിലായിരുന്നു നമ്മുടെ ഉന്മാദങ്ങളത്രയും. അവിടേക്കാണ് ഇരുവഴിഞ്ഞിപ്പുഴയുടെ ആഴത്തിലും നീണ്ട കമുകിൻതോട്ടങ്ങളുടെ പടർച്ചയിലും നിർത്താതെ പെയ്യുന്ന മഴയുടെ തണുപ്പിലും മനുഷ്യത്വത്തിന്റെ ഭാഷയിൽ അവരിരുവരും ഒരു ജീവിതമാടിയത്. കണ്ടു നിന്നവർക്കാർക്കും ഒരു തരിമ്പും മനസിലാകാതെ പോയ, മനസിലായാലും ഇല്ലായെന്ന് നടിച്ച നാടകത്തെ വെല്ലുന്ന നേരാട്ടം. അതിനെ തിരശീലയിലേക്ക് പകർത്തും മുമ്പ് ആർ എസ് വിമൽ എന്ന പുതുക്കക്കാരൻ നടത്തിയ ഗൃഹപാഠങ്ങളുടെ നേരുള്ള കനിയാണ് എന്ന് നിന്റെ മൊയ്തീൻ.

ennu-ninte-moideen-review

മനുഷ്യരും അവരുണ്ടാക്കിയ മതങ്ങളും അതിനും മേലെയുള്ള താൻ ബോധവും പ്രകൃതി തന്നെയും തോൽപ്പിച്ച ഒരു പ്രേമകഥ കേട്ടവരൊക്കെയും തരിച്ചിരുന്നിട്ടുണ്ടാകണം. (നിൽക്കട്ടെ, മനുഷ്യനും മതങ്ങൾക്കുമൊക്കെ മറുകരെയൊരു ലോകമുണ്ടെങ്കിൽ അവിടിരുന്ന് തന്റെ കൈത്തണ്ടയിലെ നീലഞരമ്പ് തേടുന്ന മൊയ്തീനോട് കാഞ്ചന ചോദിക്കുന്നു ‘ നമ്മള് തോറ്റോ’ന്ന്. മൊയ്തീൻ ഒരു ഭാഷയിലേക്കും വിവർത്ത‌നം ചെയ്യാനാവാത്തൊരു ചിരി ചിരിച്ചിട്ട് തിരിച്ചു ചോദിക്കും. ‘എവിടെ’?)

കഥ കേട്ട് തരിച്ചവരൊക്കെ അത് പറയാൻ വെമ്പിയിട്ടുണ്ടാകണം. തലയിൽ കലയുടെ കേടുള്ളവർ അതിനെ കഥയും നാടകവും സിനിമയുമാക്കാൻ കൊതിച്ചിട്ടുണ്ടാവണം. ഇവരിൽ നിന്നെല്ലാം കാലം തിരഞ്ഞെടുത്തത് വിമലിനെയാണെന്ന് കരുതാം. 1960കളിലും 70 കളിലുമായി കോഴിക്കോട് മുക്കത്ത് ഇരുവഴിഞ്ഞിപ്പുഴക്കിരുകരയിലുമായി മൊയ്തീനും കാഞ്ചനമാലയുമാടിയ പ്രണയനാടകം, ജീവിതം തന്നെ, ഒരിക്കലയാൾ ‘ ജലംകൊണ്ട് മുറിവേറ്റവൾ’ എന്ന പേരിൽ‍ ഡോക്യുമെന്ററിയാക്കിയിട്ടുണ്ട്. എന്നിട്ടും പോരാഞ്ഞ് അയാളതിൽ സിനിമ കൊത്തിയത് ആ അപൂർവ ജീവിതത്തിലെ കഥയെ വെല്ലുന്ന കഥാത്മകതയും നാടകത്തെ വെല്ലുന്ന നാടകാത്മകതയും കൊണ്ട് തന്നെയാവണം.

ആറേഴു കൊല്ലത്തെ വീണ്ടും വീണ്ടുമുള്ള പറച്ചിലുമെഴുത്തും കഴിഞ്ഞ് മൊയ്തീനും കാഞ്ചനയും തിരശീലയിൽ പൂക്കുമ്പോൾ അതിൽ നേരെത്ര, നുണയെത്രയെന്നറിയാതെ കാഴ്ചക്കാരൻ കുഴങ്ങുന്നു. ഒടുവിൽ ഒക്കെയും നേരെന്നറിയുമ്പോൾ ഒരു നെടുവീർപ്പുയരുന്നു. ചിലർക്ക് കണ്ണ് നനയുന്നു. സത്യന്ധമായ സ്നേഹത്തിന്റെ ആവിഷ്കാരത്തിന് വിമലിലെ ചലച്ചിത്രകാരൻ തന്റെ മാധ്യമത്തിന്റെ മുഴുവൻ സാധ്യതയും പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് വേണം കരുതാൻ. ഇന്ദിരാഗാന്ധിയും ആർ ശങ്കറും ഭരിച്ച കാലത്തെ അങ്ങനെതന്നെ പുനരാവിഷ്ക്കരിച്ചിരിക്കുന്നു. (മൊയ്തീന്റെ ജീവിതത്തിൽ രണ്ടിടത്ത് ഇന്ദിരാഗാന്ധി പ്രത്യക്ഷയാകുന്നുണ്ട്).

prithviraj-moideen

കഥ നടക്കുന്ന കാലഘട്ടത്തിന്റെ, മുക്കത്തിനത് മൊയ്തീൻ കാലം, രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിലേക്ക് ഏറെക്കടന്നു പോകുന്നില്ലെങ്കിലും മൊയ്തീന്റെ സോഷ്യലിസ്റ്റ് അനുഭാവം, അക്ഷര പ്രേമം, ഫുട്ബോൾ കമ്പം, നാടകപ്രിയം എന്നിങ്ങനെ അക്കാലത്തെ വരക്കുന്ന നിരവധി ചൂണ്ടുപലകകൾ ചിത്രത്തിലുടനീളം കാണാം.

അന്നും ഇന്നും ഒരപൂർവതയായി മാത്രമേ കാഞ്ചനയെന്ന കാഞ്ചനമാലയെ കാണാനാവൂ. കുടുംബത്തിനുവേണ്ടി, മറ്റുള്ളവരെന്തു പറയുമെന്ന് കരുതി കിനാവുകളെ കശാപ്പുചെയ്യുന്നവർ തന്നെയായി നമ്മളിലെ വലിയ പങ്കു തുടരുമ്പോഴും ഉള്ളിലെ ശരിക്ക് വേണ്ടി കരഞ്ഞും ചിരിച്ചും പോരാടിയും തന്റേടിയായ കാഞ്ചന ഒരത്ഭുതം തന്നെ. മൊയ്തീന്റെയും കാഞ്ചനയുടെയും വീരകഥ കണ്ടറിയേണ്ടതാകയാൽ കൂടുതൽ പറയുന്നില്ല.

നേർജീവിതത്തിലെ മൊയ്തീനെയും കാഞ്ചനയെയും തിരശീലയിലേക്ക് ഉടലുകൊണ്ട് പകർത്തിയെഴുതിക്കൊണ്ട് പൃഥ്വിരാജും പാർവതിയും തങ്ങളുടെ കരിയറിലെയും മലയാള സിനിമയുടെ ചരിത്രത്തിലെയും എണ്ണപ്പെട്ട രണ്ട് കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്തിരിക്കുന്നു. മിതത്വമാണ് പകർന്നാട്ടത്തിൽ അവരുടെ മുദ്രാവാക്യമെന്ന് തോന്നുന്നു.

prithviraj-trailer

തോൽവിയെന്നാൽ മരണമെന്ന് മനസിലാക്കിയ ഉണ്ണിമൊയ്തു ഹാജിയെന്ന മൊയ്തീന്റെ വാപ്പയായി സായ്കുമാർ, ചുണ്ടിലെ പുകയുന്ന ചുരുട്ടിനറ്റത്തെ കനലുപോലെ ഉള്ളെരിയുന്ന ഉമ്മയായി ലെന, സൗഹൃദം കൊണ്ട് ശക്തനായിരിക്കുമ്പോഴും ഉള്ള് കൊണ്ട് ഭീരുവായ മാധവനായി ശശികുമാർ, അങ്ങനെ പലരും ചിത്രത്തിലുടനീളം നെടുംതൂണുകളായി നിൽക്കുന്നു. ചുറ്റുപാടും താൻതന്നെയും കെട്ടിപ്പൊക്കിയ അഹംബോധത്തിന്റെ മതിൽക്കെട്ടിൽ വീർപ്പുമുട്ടുന്ന സേതുവായി ബാലയും ചുറുചുറുക്കിന്റെ യുവത്വവും നിസ്സഹായതയുടെ മധ്യകാലവുമായി ടൊവിനോയും, മൊയ്തീന്റെ സഹചാരിയായ കവിയും സഖാവുമായി സുധീർ കരമനയും നിറഞ്ഞാടിയിരിക്കുന്നു.

നിറങ്ങളും നിഴലുകളും കൊണ്ട് ജോമോൻ ടി ജോൺ വരച്ച ചിത്രം കൂടിയാണ് എന്ന് നിന്റെ മൊയ്തീൻ. കാഞ്ചനയുടെ പൊട്ടിന്റെയും പട്ടിന്റെയും ചുവപ്പ്, നീണ്ടു പരന്നു കിടക്കുന്ന നെൽപ്പാടങ്ങളുടെയും കമുകിൻ തോപ്പുകളുടെയും പച്ച, അകത്തളങ്ങളുടെ ഇരുട്ട് കലർന്ന തവിട്ട്, ഒക്കത്തിന്നും മീതേ മിക്കപ്പോഴും പടരുന്ന മഴനാരുകളുടെ തിളക്കം -- നിറങ്ങളുടെ മഴക്കാലം കൂടിയാണ് മൊയ്തീൻ.

ഗോപീസുന്ദറിന്റെ പശ്ചാത്തലസംഗീതവും എം ജയചന്ദ്രനും രമേശ് നാരായണനുമൊരുക്കിയ പാട്ടുകളും സിനിമയുടെ മാറ്റുകൂട്ടുന്നു. കവിത പോലൊരു ജീവിതം പറയുമ്പോൾ കവിതയെഴുതാതെ തരമില്ലല്ലോ റഫീക്ക് അഹമ്മദിന്. അങ്ങനെയങ്ങനെ മലയാളത്തിൽ തിരശീലയെഴുതപ്പെട്ട എണ്ണപ്പെട്ട പ്രണയകാവ്യങ്ങളിലൊന്നായി മൊയ്തീന്റെയും കാഞ്ചനമാലയുടെയും ധീരഗാഥ മാറുന്നു. അതിന്റെ പോരായ്മകൾ കാഴ്ചക്കാരന്റെ യുക്തിക്കു വിടുന്നു.

വിനിമയങ്ങളൊക്കെയും അസാധ്യമാവുന്നിടത്ത് മൊയ്തീനും കാഞ്ചനമാലയും തങ്ങൾക്ക് മാത്രമായി ഒരു ലിപി കണ്ടുപിടിക്കുന്നുണ്ട്. അതിലെഴുതുന്ന ഓരോ വാക്കും സ്നേഹം എന്ന് വ്യാഖ്യാനിക്കാനാകുന്നവർക്കാണ് ഈ ചിത്രം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.