Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിയയെ തോളിലിട്ടു; ചാക്കോച്ചന്റെ തോളു തകർന്നു

chakochan-miya

ലോകത്തിൽ ഏറ്റവും വാൽസല്യമുള്ള സിനിമാതാരങ്ങൾ ആരാണെന്നു ചോദിച്ചാൽ നിസ്സംശയം പറയാം, അതു ബോളിവുഡ് താരങ്ങളാണെന്ന്. സ്‌റ്റേജിൽ എത്തിയാൽ ആരെയെങ്കിലും എടുത്തു പൊക്കി, പറ്റുമെങ്കിൽ ഒന്നു താരാട്ടുകൂടി പാടിയില്ലെങ്കിൽ പല ബോളിവുഡ് നടന്മാർക്കും ഉറക്കം വരാറില്ല. ഋത്വിക് റോഷൻ കൊച്ചിയിലെത്തിയപ്പോൾ അടുത്തു നിന്ന ആരാധികയെ എടുത്തുപൊക്കി വാർത്തയിലും ചിത്രങ്ങളിലും ഇടംപിടിച്ചെങ്കിൽ ബോളിവുഡിന് ഇതൊന്നും വാർത്തയേയല്ല. അതിനും മുൻപു സാക്ഷാൽ ഷാറുഖ് ഖാൻ സ്റ്റേജ് ഷോയ്ക്കിടെ റിമി ടോമിയെ എടുത്തു പൊക്കി റെക്കോർഡിട്ടിരുന്നു.

റിമി അന്നു ഡയറ്റിങ്ങിലൂടെ ഇത്ര മെലിഞ്ഞിട്ടില്ലെന്നോർക്കണം. സ്റ്റേജിലും സ്ക്രീനിലും ഷോമാനായ കിങ് ഖാന് ആ പൊക്കിൽ നടുവെട്ടിയെന്നും ഇല്ലെന്നുമൊക്കെ ചർച്ചകൾ പലകോണുകളിൽ നിന്ന് ഉയർന്നെങ്കിലും അതോടെ തന്റെ ശീലത്തെ താഴെ വയ്ക്കാനൊന്നും ഷാറുഖ് തയാറായില്ല. പൊതുവേദിയിൽ ഒരിക്കൽ കൂടി ഖാൻ ഇതാവർത്തിച്ചു. ഇത്തവണ പൊക്കിയത് ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ. സംഭവം വൻ വിവാദത്തിനു തിരികൊളുത്തി. യൂണിഫോമിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥയെ എടുത്തു പൊക്കാൻ എങ്ങനെ ഷാറുഖിനു ധൈര്യം വന്നുവെന്നു ചോദിച്ച് ഉന്നത പൊലീസ് അധികാരികൾ അടക്കം രംഗത്തുവന്നു.

ബോളിവുഡിലെ മറ്റൊരു ശ്രദ്ധേയമായ ഉയർത്തൽ നടത്തിയതു വരുൺ ധവാനാണ്. എടുത്തു പൊക്കിയതോ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിൽ തന്നോടൊപ്പം അഭിനയിച്ച ആലിയ ഭട്ടിനെ. ഹംറ്റി ശർമ കി ദുൽഖാനിയ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടയിലാണ് വരുൺ ആലിയയെ പൊടുന്നനെ എടുത്തുയർത്തിയത്. തമാശയ്ക്കു ചെയ്തതാണെങ്കിലും സംഭവം ആലിയയെ ചൊടിപ്പിച്ചു. മേലാൽ തന്റെ സമ്മതം കൂടാതെ ഇങ്ങനെയൊന്നും ചെയ്യരുതെന്ന് ആലിയ വരുണിനോട് ആവശ്യപ്പെട്ടുവെന്നാണ് അണിയറക്കഥകൾ. എന്നാൽ എടുത്തുയർത്തുന്ന കലയിൽ തന്റെ മികവ് വരുൺ പിന്നീടും തെളിയിച്ചിട്ടുണ്ട്. ഒരിക്കൽ രണ്ടു കൈകളിലും രണ്ട് ആരാധികമാരെ എടുത്തുയർത്തിയ വരുണിന്റെ ചിത്രം ഇന്റർനെറ്റിൽ സുലഭമായിരുന്നു.

varun-alia-1

എന്നാൽ ഇക്കൂട്ടത്തിൽ അൽപം വ്യത്യസ്തയാണു ദീപിക പദുകോൺ. ബോളിവുഡ് യുവനടനായ ഇമ്രാൻഖാനെ മുതുകിലേറ്റി നിൽക്കുന്ന ദീപികയുടെ ചിത്രം ഇടക്കാലത്തു നെറ്റിൽ വൻതരംഗം ഉയർത്തിയിരുന്നു. ദീപിക എപ്പോഴും വ്യത്യസ്തയാണല്ലോ.... ‘ചേട്ടൻ തബുവിനെ എത്ര അനായാസം എടുത്തുയർത്തുന്നു. എന്നെ ഒരിക്കൽപ്പോലും കോരിയെടുത്തിട്ടില്ലല്ലോ’ എന്നു മലയാളത്തിലെ ആകാരസൗഭഗമുള്ള പ്രമുഖ നടന്റെ ഭാര്യ പറഞ്ഞ പരിഭവം താരം തന്നെ പറഞ്ഞത് ഒരു അഭിമുഖത്തിലാണ്. പ്രേക്ഷകൻ കാണുന്നതുപോലെ അത്ര റൊമാന്റിക്കല്ല ഈ നടിമാരെപ്പൊക്കിയെടുക്കുന്നത് എന്ന അഭിപ്രായമാണ് കുഞ്ചാക്കോ ബോബന്.

kottayam-shahrook.jpg.image.784.410

ലോഹിതദാസിന്റെ കസ്തൂരിമാനിൽ മുണ്ടും ജുബ്ബയുമിട്ട ചാക്കോച്ചൻ സെറ്റുസാരിയുടുത്ത മീരാജാസ്മിനെ കയ്യിൽ കോരിയെടുത്തു പാടവരമ്പത്തുകൂടെ നടക്കുന്ന ഒരു സീനുണ്ട്. മീരയന്ന് അൻപതുകിലോയോളം തൂക്കമുള്ള നടി. വഴുവഴുക്കുന്ന പാടവരമ്പ്. മുന്നിൽ ക്യാമറാമാൻ വേണുവും ലോഹിതദാസും. പ്രേക്ഷകർ മുഖത്തു കണ്ട ആ പ്രേമഭാവമൊന്നുമായിരുന്നില്ല തന്റെ ഉള്ളിലെന്നു ചാക്കോച്ചൻ തുറന്നു സമ്മതിക്കുന്നു. എന്നാൽ ചാക്കോച്ചൻ പെട്ടുപോയതു വിശുദ്ധനിലാണ്.

അതിൽ സംഭവം പ്രണയ സീനൊന്നുമല്ല. നായിക മിയയെ തോളിലിട്ടു കൊണ്ടുപോകുന്ന സീനെടുത്തതു വാഗമണിലെ തണുപ്പിൽ. മഴ പെയ്യിച്ച് മെഷീനും റെഡി. അന്നു മുഖത്തെ ക്ലോസപ്പിൽ കണ്ട വേദന ശരിക്കും നായികയുടെ ഭാരം സമ്മാനിച്ചതു തന്നെ. തോളിന്റെ ലിഗ്‍മെന്റിനു ചികിൽസയിലായിരുന്ന ചാക്കോച്ചൻ അതുപൊലെ പിന്നെ നായികയെ ഉയർത്തിയിട്ടില്ല. റൊമാന്റിക് നായകന്റെ ഉടുപ്പഴിച്ചുവച്ചതോടെ ഇപ്പോൾ നായികയെ ഉയർത്തേണ്ടി വരാറില്ലെന്നും ചാക്കോച്ചൻ.

mammootty-nayantara

നായികമാർ മെലിയണമെന്ന് ആഗ്രഹിക്കുന്നത് ഈ ഉയർത്തൽ ഫാക്ടർ കൂടി കണക്കിലെടുത്താകാമെന്നാണു നടൻ ദിലീപിന്റെ അഭിപ്രായം. കനമുള്ള നായികയെ ഉയർത്തി നടുവുവെട്ടിയ നായകൻ അടുത്ത സിനിമയ്ക്കു കതിരുപോലുള്ള നായികയെത്തേടുന്നതു സ്വാഭാവികം. നല്ല താളബോധവും ചുവടുകളുമറിയാവുന്ന താരങ്ങൾക്കു നൃത്തത്തിനിടെ അനായാസം ചെയ്യാവുന്ന കാര്യമാണു നായികയെ ഉയർത്തൽ എന്നാണ് സംസ്ഥാന അവാർഡ് നേടിയ നൃത്തസംവിധായിക സജ്നയുടെ പക്ഷം.

നൃത്തത്തിന്റെ പൂർണത ആവശ്യപ്പെടുമെങ്കിൽ മാത്രമേ തന്റെ പാട്ടുകളിൽ നായികയെ ഉയർത്താറുള്ളൂവെന്നും സജ്ന പറയുന്നു. നായികയെ എടുത്തുയർത്തുമെന്നു തോന്നിക്കുന്നതും എന്നാൽ അതിന്റെ വക്കത്തുവരെ എത്തി അതിമനോഹരമായി പിൻമാറുന്നതുമായ സീനുകളുള്ള ഒരു ബോളിവുഡ് പാട്ട് സീനാണു സജ്നയ്ക്കു പ്രിയങ്കരം. ഷാറുഖ് ഖാനും കജോളും ചേർന്നഭിനയിച്ച കരൺ ജോഹറിന്റെ ‘കഭി ഖുശി കഭി ഗം’ എന്ന ചിത്രത്തിലെ സൂരജ് ഹുവാ മഥം ചാന്ദ് ജാൽനേ ലഗാ... എന്ന പാട്ടൊന്നു കണ്ടു നോക്കൂ...