Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലിയ്ക്കു രക്ഷകനായി കോടതി

kabali-poster

സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനായ പുതിയ ചിത്രം ‘കബാലി’ യ്ക്കു രക്ഷ നൽകി ഹൈക്കോടതിയും. ചിത്രം അനധികൃതമായി ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്നതിൽ നിന്ന് 169 ഇന്റർനെറ്റ് സേവന ദാതാക്കളെ മദ്രാസ് ഹൈക്കോടതി ഇടക്കാലത്തേക്കു തടഞ്ഞു. ചിത്രത്തിന്റെ നിർമാതാവ് എസ്. താണു സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.  

ഈ മാസം 22നാണു കബാലി ലോക വ്യാപക റിലീസിനെത്തുന്നത് . കേബിൾ ഓപ്പറേറ്റർമാർ മുഖേന ചിത്രം അനധികൃതമായി  സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാരെയും(എംഎസ്ഒ) തടഞ്ഞിട്ടുണ്ട്. സ്വകാര്യ ബസുകളിലോ, മറ്റു വാഹനങ്ങളിലോ ചിത്രം പ്രദർശിപ്പിച്ചാലും നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനോടും ജസ്റ്റിസ് എൻ. കൃപാകരൻ അധ്യക്ഷനായ ബഞ്ച് നിർദേശിച്ചു. ഹർജി അടുത്തമാസം എട്ടിനു വീണ്ടും പരിഗണിക്കും.

എസ് താണു ഇതിനു മുൻപ് നിർമ്മിച്ച ‘തെറി’, ‘കനിതൻ’ എന്നീ ചിത്രങ്ങളും അനധികൃതമായി ഇന്റർനെറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യപ്പെട്ടിരുന്നു. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണു പരാതിക്കാരനുണ്ടായിട്ടുള്ളതെന്നും കോടതി നിരീക്ഷിച്ചു. ‘കബാലി’  റിലീസ് ചെയ്യുമ്പോഴും സമാനമായ രീതിയിൽ സംഭവിക്കാമെന്ന ആശങ്ക ന്യായമാണെന്നും  നിരീക്ഷിച്ചു. ഈ പശ്ചാത്തലത്തിലാണു 169 ഇന്റർനെറ്റ് സേവന ദാതാക്കളെ ചിത്രം  ഡൗൺലോഡ് ചെയ്യുന്നതിൽ നിന്നു  തട‌ഞ്ഞത്. ഏതൊക്കെ വെബ്സൈറ്റുകളിലാണു ചിത്രം അപ്‌ലോഡ് ചെയ്യാൻ സാധ്യതയുള്ളത് എന്നതു സംബന്ധിച്ച പട്ടിക പരാതിക്കാർ കോടതി മുൻപാകെ സമർപ്പിച്ചിരുന്നു. ഈ വെബ്സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാനുള്ള സംവിധാനം താൽക്കാലികമായി തടയാനാണു ഇന്റർനെറ്റ് സേവന ദാതാക്കളോടു  നിർദേശിച്ചിട്ടുള്ളത്.

100 കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച ‘കബാലി’ 3,500 കലാ, സാങ്കേതിക പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നു ഹർജിക്കാരൻ കോടതിയിൽ വാദിച്ചു. ഇതു വെറും 10 രൂപയ്ക്ക് ഡൗൺലോഡ് ചെയ്യാനുളള സൗകര്യമാണ് ഇത്തരം വെബ്സൈറ്റുകൾ നൽകുന്നത്. മറ്റു പല കാര്യങ്ങൾക്കും നിരോധനമേർപ്പെടുത്തുമ്പോഴും സിനിമകൾ അനധികൃതമായി ഡൗൺലോഡ് ചെയ്യുന്നതിനു ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) വിലക്കേർപ്പെടുത്തുന്നില്ലെന്നു ഹർജിക്കാരൻ ആരോപിച്ചു.

പി. രഞ്ജിത് ആണു കബാലി സംവിധാനം ചെയ്യുന്നത്. ചിത്രത്തിനു അഞ്ഞൂറു കോടിയിലധികം രൂപ തീയറ്ററുകളിൽ നിന്നും നേടുമെന്നാണു നിർ‌മാതാവിന്റെ പ്രതീക്ഷ.

Your Rating: