Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകസിനിമയുടെ വാതായനം തുറന്ന് ഹോങ് കോങ് ഫിലിംമാർട്ട്

filmart ഗവാങ്ങ്ഡൂങ്ങ് മോഷൻ പിക്ച്ചർ ഇൻ‍ഡസ്ട്രി അസോസിയേഷൻ പ്രസിഡന്റ് ലിന്നിനൊപ്പം നിഷ ജോസഫ്.

ലോകസിനിമയുടെ വാതായനം തുറന്ന് ഹോങ്‌ കോങ് ഫിലിംമാർട്ട്

സിനിമയുടെ ക്രയവിക്രയങ്ങളും ചർച്ചകളും വാണിജ്യ പ്രദർശനങ്ങളും പൊടിപൊടിച്ച നാല് ദിവസങ്ങൾ. ഇരുപതാമത് ഹോങ്‌ കോങ് ഫിലിംമാർട്ടിന് കഴിഞ്ഞാഴ്ച തിരശീല വീഴുമ്പോൾ 800-ലധികം പ്രദർശന ബൂത്തുകളുടെ പ്രാതിനിധ്യ കണക്കുകളുമായി ഹോങ്‌ കോങ് ഫിലിംമാർട്ട് ലോകത്തിലെ ഏറ്റവും വലിയ ഫിലിം മാർക്കറ്റ് എന്ന ഖ്യാതിയിലേക്ക് കുതിച്ചു. ഹോങ്‌ കോങ് എൻറർറ്റെയിൻമെൻറ്റ് എക്സ്പോയുടെ ആദ്യകാല ഇവന്റുകളിൽ ഒന്നായ ഫിലിംമാർട്ട് 20 വർഷങ്ങൾക്ക് മുൻപ് തുടക്കം കുറിക്കുമ്പോൾ 70 പ്രദർശന ബൂത്തുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

കാൻ ഫിലിം മാർക്കറ്റിലും അമേരിക്കൻ ഫിലിം മാർക്കറ്റിലും ബെർലിൻ ഫിലിം മാർക്കറ്റിലും ഒക്കെയുള്ള വിവിധ രാജ്യങ്ങളുടെ പ്രാതിനിധ്യബാഹുല്യം കണക്കിലെടുക്കുമ്പോൾ ഹോങ് കോങ് ഫിലിംമാർട്ടിലെ രാജ്യങ്ങളുടെ പ്രാതിനിധ്യം 30-ലേക്കൊക്കെ ഒതുങ്ങിപോകുന്നുണ്ടെങ്കിലും സിനിമാ നിർമാണ - വിതരണ - കച്ചവട കൈമാറ്റത്തിൽ ഈ ഫിലിം മാർട്ട് ഇതിനോടകം ബഹുദൂരം മുന്നിലെത്തി കഴിഞ്ഞു.

സിനിമാ വാണിജ്യ വ്യവസായത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളായ അമേരിക്ക, ഫ്രാൻസ്, ജർമനി, യുകെ എന്നിവയുടെയും കാനഡ, ജപ്പാൻ, കൊറിയ, സിങ്കപ്പൂർ, ഫിലിപ്പൈൻസ്, വിയറ്റ്നാം, ഇന്ത്യ എന്നിങ്ങനെ പ്രധാനികളുടെയും പ്രാതിനിധ്യം ഇത്തവണത്തെയും ഫിലിം മാർട്ടിൽ ഉണ്ടായിരുന്നു. പോയവർഷത്തിൽ ഓരോ ചെറിയ ബൂത്തിൽ മാത്രമായെത്തിയ മകാവുവും കമ്പോഡിയയും വലിയ പവലിയനുകളുമായെത്തിയാണ് ഇത്തവണ സാന്നിധ്യം അറിയിച്ചത്. പെഗാസസ് മോഷൻ പിക്ച്ചേഴ്സും എംപറർ മോഷൻ പിക്ച്ചേഴ്സും മീഡിയ ഏഷ്യൻ ഡിസ്റ്റ്റിബ്യൂഷനും ചൈന 3D ഡിജിറ്റൽ എന്റെർറ്റെയ്ൻമെന്റും ഉൾപ്പെടെയുള്ള ഹോങ് കോങ്ങിലെ മുഖ്യധാരാ സിനിമാ വ്യവസായികളാകട്ടെ ഫിലിം മാർട്ടിനെ തങ്ങളുടെ പ്രധാന കച്ചവടവേദിയായി കണ്ടുകൊണ്ട് വിപുലവും അതുല്യവുമായ മികച്ച ബൂത്തുകളാണ് ഒരുക്കിയിരുന്നത്.

hong-kong ഫിലിംമാർട്ടിലെ ഇന്ത്യൻ പ്രാതിനിധ്യം

ഡാം 999 എന്ന സിനിമ സംവിധാനം ചെയ്ത സോഹൻ റോയ് സ്ഥാപകാധ്യക്ഷനായ ഇൻഡിവുഡ് ഫിലിം കാർണിവൽ എന്ന (ഈ വർഷം സെപ്റ്റംബർ 24 മുതൽ 27 വരെ രാമോജി ഫിലിം സിറ്റിയിൽ വച്ച് നടക്കാനിരിക്കുന്ന മേള) വമ്പിച്ച മേളയുടെ പ്രദർശന ബൂത്തായിരുന്നു ഇന്ത്യയുടെ പ്രാതിനിധ്യമായി ആദ്യ ദിനം ഫിലിം മാർട്ടിൽ നിറഞ്ഞു നിന്നത്. ചൈനാ പ്രവിശ്യകളിൽ നിന്നുള്ള പ്രാദേശിക പവിലിയനുകളിൽ ബീജിങ്ങിന്റെയും ഷാൻഗായിയുടെയും ഷാൻഡോങ്ങിന്റെയും സിഷ്വാൻ, ഗവാങ്ങ്ഡൂങ്ങ്, ഗൊങ്ങ്ഷൊവ് എന്നിവിടങ്ങളിലെയും ശക്തമായ സാന്നിധ്യം പ്രകടമായിരുന്നു. ചൊങ്ങ്ക്വിങ്ങ് എത്തിയതാവട്ടെ എകദേശം പത്തോളം നിർമാതാക്കളുടെ 35 സിനിമകളുമായിട്ടായിരുന്നു. ട്രാൻസ്ഫോർമെഴ്സും, കഴ്സ് ഓഫ് ഗോൾഡെൻ ഫ്ലവറും, ഹൌസ് ഓഫ് ഫ്ലയിംഗ് ഡ്രാഗണും ഒക്കെ ചിത്രീകരിക്കപ്പെട്ട ചൊങ്ങ്ക്വിങ്ങിലെ മനോഹര സ്ഥലങ്ങളെയും അവർ അവിടെ മാർക്കറ്റ് ചെയ്തു.

ചൈന-കൊറിയ കോ പ്രോഡക്ഷനിൽ സൌത്ത്‌ കൊറിയ സംവിധായകൻ ആയ ചാങ്ങ് സംവിധാനവും ജാക്കിച്ചാൻ നിർമ്മാണവും നിർവഹിച്ച റീസെറ്റ് എന്ന അട്വെൻചർ സയൻസ് ഫിക്ഷന്റെ ഇന്റർനാഷണൽ റൈറ്റ്സ് ഗോൾഡൻ നെറ്റ് വർക്ക്‌ ഏഷ്യ എന്ന ഹോങ് കോങ് കമ്പനി വാങ്ങിയതാണ് ഫിലിം മാർക്കറ്റിലെ ആദ്യ ദിന കച്ചവടങ്ങളിലൊന്ന്. ഗോൾഡൻ നെറ്റ് വർക്കിന്റെ പ്രദർശന ബൂത്തിൽ ജാക്കിച്ചാൻ അഭിനയിച്ച റെയിൽ റോഡ്‌ റ്റൈഗേഴ്സിന്റെയും, കുംഫു യോഗയുടെയും വിപണനവും നടന്നു. കൊറിയൻ കമ്പനിയായ ഷോ ബോക്സാണ് കച്ചവടം കൊയ്ത മറ്റൊരു കമ്പനി. ആക്ഷൻ ഡ്രാമയായ എ വയലന്റ് പ്രോസിക്യൂട്ടറും ലീ യൂൻകി സംവിധാനം ചെയ്ത അതിഭാവുക ചിത്രമായ എ മാൻ & എ വുമനുമാണ് ജപ്പാൻ ചൈന പ്രവിശ്യകളിലായി ഷോ ബോക്സിനു കച്ചവടം നേടിക്കൊടുത്തത്. ഈ വർഷത്തെ ബെർലിൻ ഫിലിം ഫെസ്റിവലിന്റെ പനോരമ വിഭാഗത്തിൽ ഇടം നേടിയ ചൈനീസ്‌ അമേരിക്കൻ സംവിധായകൻ വോയ്ൻ വാങ്ങിന്റെ ജാപ്പനീസ് സിനിമയായ ദി വിമെൻ ആർ സ്ലീപിങ്ങിന്റെ സ്പെയിൻ, ചൈന, തായ്‌വാൻ എന്നിവിടങ്ങളിലെ അവകാശം വിറ്റുകൊണ്ട് ജപ്പാനിന്റെ തോയ് കമ്പനിയും തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിച്ചു.

ഹോങ് കോങ് കമ്പനിയായ എംപറർ മോഷൻ പിക്ച്ചേഴ്സാകട്ടെ ഹോങ് കോങ് സിനമാരംഗത്തെ പ്രധാനികളായ യൂവെൻ വൂ പിങ്ങിന്റെയും ഫ്രൂട്ട് ചാനിന്റെയുമൊക്കെ പുതിയ സിനിമകളുമായാണ് കച്ചവട രംഗത്ത് സജീവമായത്. അതേസമയം മലേഷ്യൻ സംവിധായകനും നിർമ്മാതാവുമായ അഡ്രിയാൻ റ്റെഹുമായി ചൈനീസ്‌ സ്റ്റുഡിയോ ആയ ഷെജിയാങ്ങ് ഹ്യുവെയ്സ് ഫിലിം & ടിവി ഒപ്പുവച്ചത് അദ്ദേഹത്തിന്റെ 3 പുതിയ സിനിമകൾക്കാണ്. വരുന്ന മൂന്നു വർഷങ്ങളിലായാവും ഈ സിനിമകൾ പൂർത്തിയാവുക. ഹോങ് കോങ് ഹൊറൊർ സിനിമകൾക്ക്‌ പ്രശസ്തനായ ഡാനി പാങ്ങിന്റെ ഡിലൂഷ്യൻ എന്ന സിനിമയുടെ അവകാശം നേടിയാണ്‌ ഈസ്റ്റേൺ ലൈറ്റ് എന്ന തങ്ങളുടെ ഏഷ്യൻ വിലാസത്തിലൂടെ ആർക് ലൈറ്റ് ഫിലംസ് ഇത്തവണ സാന്നിധ്യമറിയിച്ചത്. സൗത്ത് കൊറിയൻ കമ്പനികളായ എം ലൈൻ ഡിസ്ട്രിബ്യൂഷനും സെൻട്രൽ പാർക്ക്‌ ഫിലിംസും ഹോങ് കോങ് കമ്പനിയായ ഏഷ്യൻ ഷാഡോസും ഒക്കെ സിനിമാ വിപണനത്തിൽ മുൻപന്തിയിൽ തന്നെ നിന്നു.

പുതുസംവിധായകൻ സുധാംശു സാരിയ സംവിധാനം ചെയ്ത ലോയെവ് ആണ് ഇന്ത്യയിൽ നിന്നും കച്ചവടം കൊയ്ത പുതിയ സിനിമകളിൽ ഒന്ന്. മറ്റൊരു പുതുസംവിധായകൻ രോഹിത് മിത്തലിന്റെ ഓട്ടോഹെഡ് എന്ന മൊക്യുമെന്ററിക്കും ചൈന ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ആവശ്യക്കാരെത്തി. സന്ദർശകരായി എത്തിയ ഇന്ത്യക്കാരുടെ എണ്ണവും ഇത്തവണ കൂടുതൽ ആയിരുന്നു. നിരവധി ലോകസിനിമകൾക്ക് ഒരു വൻ മാർക്കറ്റ് തുറന്നുകൊടുക്കുന്നതിൽ ഹോങ് കോങ് ഫിലിംമാർട്ട് വിജയിച്ചെന്നു തന്നെ പറയാം.

പ്രദർശന ബൂത്തുകൾക്ക് പുറമേ പുതിയ സിനിമകൾക്കായുള്ള കോപ്രൊഡക്ഷൻ ചർച്ചകളും, മാർക്കറ്റ്‌ വിശകലനങ്ങളും, നെറ്റ് വർക്കിങ്ങ് പാർട്ടികളും, സെമിനാറുകളും, ഫിലിം ഫിനാൻസിങ്ങ് ഫോറവും, മാർക്കറ്റ് സ്ക്രീനിങ്ങുകളും ഫിലിം മാർട്ടിൽ നിറഞ്ഞു നിന്നു. ടിവി, ഡിജിറ്റൽ എൻറർറ്റെയിൻമെൻറ്റ്, പോസ്റ്റ്‌ പ്രൊഡക്ഷൻ, ആനിമേഷൻ തുടങ്ങി സിനിമാ വ്യവസായത്തിൻറെ എല്ലാ മേഖലകളിൽ നിന്നുമുള്ള പങ്കാളിത്തം വളരെ വ്യക്തമായിരുന്നു. ആനിമേഷൻ & ഡിജിറ്റൽ എൻറർറ്റെയിൻമെൻറ്റ് പവിലിയനിൽ മാത്രം നൂറിലധികം ഡിജിറ്റൽ എൻറർറ്റെയിൻമെൻറ്റ് നിർമാതാക്കളുടെ സാന്നിധ്യം ഉണ്ടായിരുന്നു.

ഇരുപതാം പിറന്നാൾ ആഘോഷിച്ച ഹോങ് കോങ് ഫിലിം മാർട്ട്, സിനിമാ വ്യവസായത്തിന്റെ അനന്ത വിപണന സാധ്യതകളിലേക്ക് ഉപഭോക്താക്കളെ കൊണ്ടുപോയതോടൊപ്പം മാറ്റത്തിന്റെ പുതിയ വഴികള്‍ കൂടി തുറന്നുകൊണ്ടാണ് പര്യവസാനിച്ചത്.

Your Rating: