Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ ശരീരം പരീക്ഷണവസ്തുവാക്കി: മംമ്ത

iifa-mamta

രണ്ടു തവണ തന്റെ ജീവിതത്തിൽ കാൻസർ വന്നപ്പോഴും അതിനെ ധീരമായി നേരിട്ട നടിയും ഗായികയുമായ മംമ്ത മോഹൻദാസ് ഒരു തിരിച്ചുവരവിന്റെ പ്രതീകമാണ്. സിനിമയിൽ കാണുന്നതിനേക്കാൾ ദുരിതപൂർണമായ അനുഭവങ്ങളാണ് മംമ്തയെ തേടിയെത്തിയത്. അതിനിയെല്ലാം മനസാനിധ്യം കൈവിടാതെ അതിജീവിക്കാനും താരത്തിന് സാധിച്ചു.

കാൻസർ എന്ന മാറാരോഗത്തെ അതിജീവിക്കാൻ ആരും മുതിരാത്തൊരു പരീക്ഷണം കൂടി മംമ്ത ചെയ്തിരുന്നു. ലോസ് ആഞ്ചൽസിലെ ആ ചികിത്സ മംമ്തയുടെ ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു.

തന്റെ ജീവിതം മാറ്റിമറിച്ച നിമിഷങ്ങളെക്കുറിച്ച് മംമ്ത പറയുന്നു–

‘ലോസ് ആഞ്ചൽസില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചത്. ആരെയും അറിയില്ല, ആ സ്ഥലവും സാഹചര്യങ്ങളും നമുക്ക് പരിചിതമല്ല.ശാരീരികമായി ഞാന്‍ ഏറെ ക്ഷീണിതയായിരുന്നു. എഴുന്നേറ്റ് 10 മിനിറ്റ് നടക്കാന്‍ പോലും അന്ന് എനിക്ക് കഴിയില്ല. സ്വയം എടുത്ത തീരുമാനമായിരുന്നു ഒറ്റയ്ക്ക് തന്നെ അവിടെ ചികിത്സയ്ക്ക് പോകണമെന്നത്. എന്റെ ഉള്‍ബലം എനിക്കു തന്നെ അറിയാനായിരുന്നു ഇങ്ങനെയൊരു തീരുമാനം.

Mamta Mohandas | Exclusive Interview | I Me Myself | Manorama Online

എന്തെങ്കിലും സംഭവിച്ചാൽ തന്നെ അതെന്റെ കുറ്റം കൊണ്ടായിരിക്കും. ഒരിക്കലും മാതാപിതാക്കൾ ഇതിൽ ഉൾപ്പെടരുതെന്നും ഉണ്ടായിരുന്നു. അവർ അത് കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. മൂന്നു, നാല് മാസം കഴിഞ്ഞപ്പോഴേ ശരീരത്തിന് നല്ല മാറ്റം സംഭവിക്കുന്നതായി തോന്നി. ആദ്യത്തെ ഡോസ് മരുന്നു എടുത്തപ്പോള്‍ തന്നെ ഒഇത് അനുഭവപ്പെട്ടിരുന്നു.

സത്യത്തിൽ ഈ ചികിത്സ തന്നെ പരീക്ഷണമായിരുന്നു. അവിടുത്തെ ഒരു മെഡിക്കല്‍ എക്‌സിപിരിമെന്റിന്റെ ഭാഗമായി നിന്നുകൊടുക്കുകയായിരുന്നു. മരുന്നിന്റെ ഗവേഷണത്തിന്റെ ഭാഗമായി എന്റെ ശരീരം ഒരു പരീക്ഷണവസ്തുവാക്കി വിട്ടുകൊടുക്കുകയായിരുന്നു. അവിടുത്തെ ക്ലിനിക്കല്‍ ട്രയലിന്റെ സബ്ജക്ട് അല്ലെങ്കിൽ ഒരു ഗിനിപ്പന്നിയെപ്പലെയാണെന്ന് പറയാം. എന്നെക്കൂടാതെ 22 പേരുണ്ടായിരുന്നു ഈ പരീക്ഷണത്തില്‍. അവർക്കും എന്റെ അതേ അസുഖം.

അതില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഞാനായിരുന്നു. അമേരിക്കന്‍ സ്വദേശിയല്ലാത്ത ഒരേ ഒരു രോഗി ഞാന്‍ മാത്രമായിരുന്നു. ഈ യുദ്ധം ഞാൻ ജയിക്കും. ജയിക്കാതെ രക്ഷയില്ല. ഈ മരുന്ന് എല്ലാ പരീക്ഷണങ്ങള്‍ക്കും ശേഷം ഭാവിയില്‍ ഒരുപാട് പേരില്‍ എത്തുമെന്നാണ് എന്റെ പ്രതീക്ഷ. ഈ മരുന്ന് എല്ലാവരിലും എത്തിക്കാൻ ലോകം മുഴുവൻ സഞ്ചരിക്കുന്നുണ്ട്. കടന്നുപോയ വഴികളെക്കുറിച്ച് പ്രസംഗം നടത്താറുണ്ട്.