Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നസെന്റ് വീണ്ടും ആശുപത്രിയിൽ

innocent

അർബുദ രോഗത്തിൽ നിന്നും മുക്തനായി തിരിച്ചെത്തിയ നടനും എംപിയുമായ ഇന്നസെന്റ് വീണ്ടും ആശുപത്രിയിൽ. രോഗലക്ഷണങ്ങൾ വീണ്ടും കണ്ടെത്തിയതിനെത്തുടർന്ന് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കാര്യം ഇന്നസെന്റ് തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്.

"കാൻസർ രോഗത്തിൽ നിന്ന് മുക്തനായ ശേഷം കൃത്യമായ ഇടവേളകളിൽ ഞാൻ വൈദ്യ പരിശോധന നടത്തുന്നുണ്ടായിരുന്നു. അടുത്തിടെ നടത്തിയ ഇത്തരമൊരു പരിശോധനയ്ക്ക് ശേഷം തുടർ ചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. ഡോക്ടർ വി.പി. ഗംഗാധരൻ, ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർ ലളിത് എന്നിവരുടെ ഉപദേശപ്രകാരം ഒരു ചികിത്സാ ഘട്ടം പൂർത്തിയാക്കുന്നതിനായി ഞാൻ അഡ്മിറ്റ്‌ ആയിരിക്കുകയാണ്. ഇക്കാരണത്താൽ എംപി എന്ന നിലയിലുള്ള ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നതിന് ഇക്കാലയളവിൽ കഴിയാത്ത സാഹചര്യമുണ്ട്. ചികിത്സ പൂർത്തിയായാൽ ഉടൻ തന്നെ പരിപാടികളിൽ സജീവമാകാൻ കഴിയും. എന്നെ സ്നേഹിക്കുന്ന മുഴുവൻ പേരും ഈ അസൗകര്യം സദയം ക്ഷമിക്കുമല്ലോ. എംപി യുടെ സേവനം ഒരു തടസവുമില്ലാതെ ലഭ്യമാക്കുന്നതിന് അങ്കമാലിയിലെ ഓഫീസ് സദാ പ്രവർത്തന നിരതമായിരിക്കും എന്ന് അറിയിക്കട്ടെ. നിങ്ങളുടെ പ്രാര്‍‍‌ഥനയില്‍ എന്നെ ഓര്‍ക്കുമെന്ന പ്രതീക്ഷയോടെ സസ്നേഹം ഇന്നസെന്റ്" എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

അർബുദ രോഗബാധിതനായി ഏറെ നാൾ ചികിൽസയിൽ കഴിഞ്ഞിരുന്ന ഇന്നസെന്റ് പൂർണമായും രോഗവിമുക്തനായി തിരിച്ചെത്തി സിനിമയിൽ സജീവമായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇന്നസെന്റിന് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് എറണാകുളത്തെ ഡോക്ടര്‍ ഗംഗാധരന്റെ ചികില്‍സയിലായിരുന്നു. രോഗം പൂര്‍ണമായും ഭേദമായെന്നും ഇനി വരാനുള്ള സാഹചര്യമില്ലെന്നുമായിരുന്നു ഇന്നസെന്റ് തന്നെ പലവേദികളിലും പറഞ്ഞിരുന്നത്. എന്നാല്‍ രോഗത്തിന്റെ നാമ്പുകള്‍ വീണ്ടും കണ്ടതിനെ തുടര്‍ന്നാണ്‌ ചികില്‍സയ്ക്കായി വീണ്ടും ആശുപത്രിയില്‍ പ്രവേശിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.