Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങൾക്കു വിശ്വസിച്ചു തന്നെ ഇയാളെ വിജയിപ്പിക്കാം: ഇന്നസെന്റ്

mukesh-innocent

സ്വതസിദ്ധമായ ശൈലിയിൽ നർമം കൊണ്ടു മർമത്ത് കൊത്തി നടൻ ഇന്നസെന്റ് എംപി. കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷിന്റെ വിജയത്തിനായി സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുമ്പോഴാണു മലയാള സിനിമയിലെ ‘മാന്നാർ മത്തായി’ കൂട്ടച്ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തിയത്. ‘രണ്ടു വട്ടം കടന്നുപിടിച്ച കാൻസറിൽ നിന്ന് എന്നെ രക്ഷിച്ചതു ഗംഗാധരൻ ഡോക്ടർ മാത്രമല്ല, സോളർ കൂടിയാണ്’ – ഇന്നസെന്റ് പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ സദസിൽ ചിരിയുടെ തിരി തെളിഞ്ഞു. ഓരോ ദിവസവും കമ്മിഷനു മുന്നിൽ ഒരു സ്ത്രീ ഓരോരുത്തരുടെ പേരു വെളിപ്പെടുത്തുകയല്ലേ.

അപ്പോ ഞാൻ കാൻസറിനോടു പറഞ്ഞു നീ കുറച്ചു നളത്തേക്കൊന്നു മാറി നിൽക്ക്. ഞാനീ മാന്യൻമാരുടെയൊക്കെ പേരൊന്നു കേട്ടിട്ടു വരട്ടെ. സ്ത്രീയുടെ വെളിപ്പെടുത്തലുകൾ നീണ്ടതോടെ കാൻസർ അതിന്റെ പാട്ടിനുപോയി. ഇന്നസെന്റ് പറഞ്ഞു നിർത്തുമ്പോൾ വേദിയിലും സദസിലും കയ്യടിയും കൂട്ടച്ചിരിയും. പലരുടെയും പേരു വന്നു തുടങ്ങിയതോടെ എനിക്കു മണ്ഡലത്തിൽ ഇറങ്ങി നടക്കാൻ പറ്റാതായി. നാട്ടുകാരു ഒരു പ്രത്യേക തരത്തിലുള്ള നോട്ടം, ‘കണ്ടില്ലേ നീണ്ട ജുബ്ബായും ഇട്ടു നടക്കുന്നത്, എംപിയാണു പോലും, ആൺപിള്ളേരുടെ പേരൊക്കെ പട്ടികയിൽ വന്നു’ എന്ന മട്ടിൽ. ‘വീട്ടിലെത്തുമ്പോൾ ആലീസിനുമുണ്ട് അതേ നോട്ടം’. ‘എംപിയായപ്പോൾ പലരും പറഞ്ഞു. ഇനിയിപ്പം എന്താ, ഇഷ്ടംപോലെ കാശുണ്ടാക്കാമല്ലോ, കോഴ കിട്ടുമല്ലോ എന്നൊക്കെ, പക്ഷേ രണ്ടു വർഷമായി ഒറ്റൊരുത്തനേം എന്റെ വീടിന്റെ വഴിക്കു കണ്ടിട്ടില്ല.

കിട്ടാനുള്ള ആശ കൊണ്ടല്ല കേട്ടോ, പക്ഷേ അവിടെയും ഇവിടെയുമൊക്കെ കൊടുക്കുന്നൂന്നു കേൾക്കുമ്പോ നമുക്കുമുണ്ടാവില്ലേ ഒരു പൂതി’ – മാന്നാർ മത്തായി സ്റ്റൈലിൽ ഇന്നസെന്റ് പറഞ്ഞു നിർത്തുമ്പോൾ ആളുകൾ ആർത്തലച്ചു ചിരിച്ചു. ‘മുകേഷിന്റെ കാര്യവും അങ്ങനെ തന്നെയാണു കേട്ടോ. അമ്മയുടെ ട്രഷറർ ആയിരിക്കുമ്പോൾ അഞ്ചു പൈസ കയ്യിട്ടു വാരാൻ ഈ പഹയൻ സമ്മതിച്ചിട്ടില്ല. അതുകൊണ്ടു നിങ്ങൾക്കു വിശ്വസിച്ചു തന്നെ ഇയാളെ വിജയിപ്പിക്കാം. രാഷ്ട്രീയത്തിൽ നിന്നു പണമുണ്ടാക്കി ജീവിക്കേണ്ട അവസ്ഥയൊന്നും മുകേഷിനില്ല’. എൽഡിഎഫ് മണ്ഡലം ചെയർമാൻ വിജയകുമാർ അധ്യക്ഷത വഹിച്ചു. എം.എ.ബേബി, കെ.വരദരാജൻ, എസ്.ജയമോഹൻ, കെ.തുളസീധരൻ, ഡി.സുകേശൻ, മേയർ വി.രാജേന്ദ്രബാബു, ഡപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, മുൻ മേയർമാരായ പ്രസന്ന ഏണസ്റ്റ്, ഹണി ബെഞ്ചമിൻ, എൻ.പത്മലോചനൻ, സ്ഥാനാർഥി മുകേഷ്, സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണൻ, നടൻ അനൂപ് ചന്ദ്രൻ, നാടക നടൻ കൈനകരി തങ്കരാജ്, രചയിതാവ് മണിലാൽ, ബെയ്സിൽ ലാൽ എന്നിവർ പ്രസംഗിച്ചു. 

Your Rating: