Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മാവാ, ഞാനും വരും രാഷ്ട്രീയത്തിൽ

prem-kumar

അമ്മാവാ എന്ന് ആരും നീട്ടി വിളിച്ചാലും മലയാളിക്ക് ഒാർമ വരുന്ന മുഖം നടൻ പ്രേംകുമാറിന്റേതായിരിക്കും. തൊണ്ണൂറുകളിൽ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ഇദ്ദേഹത്തെ ഇപ്പോൾ വല്ലപ്പോഴും മാത്രമേ സിനിമയിൽ കാണുന്നുള്ളൂ. സിനിമയിൽ നായകനായും കൊമേഡിയനായും കോമാളിയായുമെല്ലാം തിളങ്ങിയിരുന്നു ഇദ്ദേഹത്തിന്റെ ന്യൂജനറേഷൻ കാലത്തെ കഥകൾ കേൾക്കാം.

എന്തുകൊണ്ട് ഇപ്പോൾ സജീവമായി കാണുന്നില്ല?

മനപൂർവം മാറിനിൽക്കുന്നതല്ല, ഇപ്പോഴും സിനിമകൾ ചെയ്യുന്നുണ്ട്. സിനിമ എന്റെ ഉപജീവനമാർഗമാണ്. സിനിമയിൽ സജീവമാകാൻ വേണ്ടി ഞാൻ ഒന്നും ചെയ്തിരുന്നില്ല. ഇപ്പോൾ സജീവമല്ലാതിരിക്കുവാനും ഒന്നും ചെയ്യുന്നില്ല. കാലം പറഞ്ഞത് എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി പാലക്കാടാണ് ഇപ്പോൾ. വലിയ പ്രോജക്ടുകളുടെ ഭാഗമായി എന്നെ കാണുന്നില്ല എന്നത് സത്യമാണ്. അത് കച്ചവട താൽപര്യം കൊണ്ടാണ്.

ന്യൂജനറേഷൻ സിനിമകൾ ആണോ പ്രശ്നം?

ഒരിക്കലും ഇല്ല. പുതിയ തലമുറയാണ് ഇപ്പോൾ റോളുകൾ തരുന്നത്. അവരെ കഴിവു കുറഞ്ഞവരായി ഒരിക്കലും കാണുന്നില്ല. അവരോടൊപ്പം നിൽക്കാനണ് ആഗ്രഹം. പുതിയ തലമുറയെ ആദരവോടെ കാണുന്നു. നമ്മളെ വിസ്മയിപ്പിക്കുന്നവർ അവരൊടൊപ്പമുണ്ട്.

കേന്ദ്രകഥാപാത്രങ്ങളെ കിട്ടാത്തതിൽ വിഷമമുണ്ടേോ?

ഉയർച്ച താഴ്ചകൾ എല്ലാ മേഖലയിലുമുണ്ട്, സിനിമയിൽ പ്രത്യേകിച്ചും കച്ചവട താൽപര്യമുണ്ട്. ഞാൻ സ‌ിനിമയിൽ വരണമെന്നാഗ്രഹിച്ച് വന്നയാളല്ല. സ്കളൂൾ ഒാഫ് ഡ്രാമയിൽ പരിശീലനം കഴിഞ്ഞു വരുമ്പോൾ ദൂരദർശനിൽ ജോലിയായിരുന്നു ലക്ഷ്യം. പിന്നെ ദൂരദർശനിൽ രണ്ട് മൂന്ന് ടെലിഫിലിമുകളിൽ അവസരം ലഭിച്ചു. അത് കണ്ട് സിനിമയിലേക്ക് വിളിക്കുകയായിരുന്നു. പിന്നെ നായകാനായി അവസരം ലഭിച്ചു. ഇതെല്ലാം ദൈവാനുഗ്രഹമായിരുന്നു.

സിനിമയിൽ സജീവമായി നിന്നവർക്ക് േവഷങ്ങൾ കുറയുമ്പോൾ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുമെന്ന് കേട്ടിട്ടുണ്ട്. ?

ഞാൻ സിനിമയിൽ പല വേഷങ്ങൾ ചെയ്തിട്ടുണ്ട്. നായകനും ഉപനായകനും കോമഡി താരവുമായൊക്കെ വേഷങ്ങൾ ചെയ്തു. സിനിമയുടെ മാസ്മരിക ലോകത്ത് അഭിരമിച്ച വ്യക്തിയല്ല ഞാൻ. ആഡംബരങ്ങളുടേയും പ്രശസ്തിയുേടയുമൊന്നും പിറകെ പോയിട്ടില്ല. അന്നും ലഭിച്ച പണം നശിപ്പിച്ചിട്ടില്ല. സിനിമ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരുപോലുള്ള ജീവിതമാണ്.

ഇനി എന്താണാഗ്രഹം?

സിനിമയിൽ ‌നമ്മൾക്ക് ആഗ്രഹിക്കാമെന്നല്ലാതെ പ്രതീക്ഷിക്കാൻ കഴിയില്ല. നല്ല ഉൾക്കാമ്പുള്ള കഴമ്പുള്ള കഥാപാത്രങ്ങൾ ചെയ്യണെന്നാഗ്രഹം.

രാഷ്ട്രീയ പ്രവേശനമുണ്ടാകുമോ?

സിനിമാക്കാർ പൊട്ടിമുളച്ചവരല്ല. ഇൗ സമൂഹത്തിന്റെ ഭാഗമാണവര്‍. സിനിമ എല്ലാവരുടേയും ഉപജീവനമാർഗം മാത്രമാണ്. അവരെ സമൂഹത്തിലെ പൗരനായി കാണുക. അപ്പോൾ അവർ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിൽ തെറ്റില്ല. അവർക്ക് സ്വന്തമായ കാഴ്ചപ്പാടുകളുണ്ട്, സ്വപ്നങ്ങളുണ്ട്. അതിന് സാധിക്കുമെന്നുറപ്പുള്ളവരാണ് മത്സര രംഗത്തേക്ക് വരുന്നത്.

സിനിമയും പൊതു സേവനും ഒരുമിച്ച് കൊണ്ട് പോകുക പ്രയാസമാണ്. സിനിമയിൽ അഭിനയിക്കാൻ പോയാൽ ജനങ്ങളുടെ കാര്യങ്ങൾ മുടങ്ങും. ഞാൻ രാഷ്ട്രീയത്തിലിറങ്ങിയാൽ സിനിമ ഉപേക്ഷിക്കും. ജനങ്ങളുടെ ദാസൻമാരായി ഒരു വഞ്ചനയും കാണിക്കാതെ അവരോടൊപ്പം നിൽക്കാൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നവർക്ക് കഴിയണം. അങ്ങനെ ഒരു മാനസീകാവസ്ഥ വരുമ്പോൾ ഞാനും രാഷ്ട്രീയത്തിലിറങ്ങും. ‍ജനപക്ഷത്തുള്ള രാഷ്ട്രീയമാണെന്റേത്.

സിനിമയിലെ അമ്മാവാ എന്ന വിളിയെക്കുറിച്ചു പറയാമോ?

ഇപ്പോഴും ജനങ്ങൾ പൊതുവേദിയിൽ വച്ച് അമ്മാവാ എന്നു വിളിക്കാൻ ആവശ്യപ്പെടാറുണ്ട്. അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലെ ഡയലോഗാണിത്. മിമിക്രി കലാകാരന്മാരാണ് ആ വിളി ജനകീയമാക്കിയത്. അതിനുള്ള ക്രെഡിറ്റ് മിമിക്രി കലാകാരന്മാർക്ക് അവകാശപ്പെട്ടതാണ്.

കുടുംബം ?

ഭാര്യ ജിഷ, മകൾ ജമീമ ഒന്നാം ക്ലാസിൽ‍പഠിക്കുന്നു.

Your Rating: