Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതാപ് പോത്തൻ – ദുൽക്കർ ചിത്രത്തിന് സംഭവിച്ചത് ?

prathap-dulquer-anjali

സത്യത്തിൽ പ്രതാപ് പോത്തൻ – ദുൽക്കർ ചിത്രത്തിന് സംഭവിച്ചതെന്താണ് ? തിരക്കഥ മോശമായതു കൊണ്ടാണോ സിനിമ ഉപേക്ഷിച്ചത് ? അതോ മറ്റു വല്ല കാരണവുമാണോ പിന്നിൽ ? പറക്കും മുമ്പെ ചിറകറ്റു പോയ പ്രോജക്റ്റ് ചില്ലറ ക്ഷീണമല്ല വരുത്തി വച്ചതെന്ന് പക്ഷേ വ്യക്തം.  

തിരക്കഥ ഇഷ്ടമായില്ലെന്നും ഒരു മോശം സിനിമ ചെയ്യാൻ താൽപര്യമില്ലെന്നുമാണ് പ്രതാപ് പോത്തൻ ഇതേക്കുറിച്ച് പറഞ്ഞത്. പണത്തിന് വേണ്ടി ഒരിക്കലും സിനിമ ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. ‌ഉള്‍ക്കൊള്ളാനാകാത്ത തിരക്കഥയില്‍ സിനിമ ചെയ്യാനില്ലെന്നും അദ്ദേഹം പറയുന്നു. താൻ ഉദ്ദേശിച്ചിരുന്ന രീതിയയിലല്ല കഥയും ക്ലൈമാക്സും വന്നതെന്നും അതു തിരുത്താനാവാതെ മുന്നോട്ടു പോകാനാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഡെയ്സി, ഒരു യാത്രാമൊഴി തുടങ്ങി മികച്ച ഒരുപാട് സിനിമകൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വാക്കുകളെ തള്ളാൻ വയ്യ.

പക്ഷേ ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്സ് തുടങ്ങി മികച്ച ചിത്രങ്ങൾക്കായി തൂലിക ചലിപ്പിച്ച അഞ്ജലി മേനോനെപ്പോലൊരു എഴുത്തുകാരിയിൽ നിന്ന് അത്ര മോശം തിരക്കഥ വരില്ലെന്നാണ് ചലച്ചിത്ര പ്രവർത്തകർ പറയുന്നത്. ചിത്രം ഉപേക്ഷിച്ചത് തിരക്കഥയിലെ പ്രശ്നം കൊണ്ടാകില്ലെന്നും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാവുമെന്നുമാണ് ചിലരെങ്കിലും പറയുന്നത്. പ്രതാപ് പോത്തനെ പോലൊരു തല മുതിർന്ന സംവിധായകനും താരതമ്യേന ന്യൂജനറേഷനായ മറ്റ് അണിയറ പ്രവർത്തകരും തമ്മിൽ ഒത്തു പോകാനാവത്തതും ചിത്രം ഉപേക്ഷിക്കാൻ കാരണമായിരിക്കാമെന്ന് ഇക്കൂട്ടർ പറയുന്നു.

തെറ്റ് ആരുടെ ഭാഗത്താണെന്ന് പറയാനാകില്ലെങ്കിലും പ്രായത്തിലും വേവ് ലെങ്ത്തിലും ഉള്ള അകലം സിനിമയെയും ബാധിച്ചിട്ടുണ്ടാവാനാണ് സാധ്യത. എന്തായാലും ആരാധകർ ഒട്ടേറെ പ്രതീക്ഷയോടെ കാത്തിരുന്നു ചിത്രമാണ് പൂവണിയാതെ പോയത്. 

Your Rating: