Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലും മറ്റു താരങ്ങളും പ്രതികരിക്കാൻ പറഞ്ഞു: ജഗദീഷ്

jagadheesh-mohanlal

ലോകത്തിലെ ഏറ്റവും വലിയ പരമ ദുഷ്ടൻ താനാണ് എന്ന് പറഞ്ഞാലും ഞാൻ ഗണേഷിനോട് മറുപടി പറയില്ല എന്നു പറഞ്ഞ ജഗദീഷ് പെട്ടെന്ന് എന്തുകൊണ്ട് ഗണേഷിനെതിരെ ആരോപണമുന്നയിക്കുന്നു?. പൊതുവേ ശാന്തനായിരുന്ന ജഗദീഷ് രാഷ്ട്രീയക്കളത്തിലിറങ്ങിയതോടെ പ്രതികരിച്ചു തുടങ്ങിയോ എന്നു ചോദിക്കുന്നവർക്കായി അദ്ദേഹം തന്നെ മനോരമ ഒാൺലൈനിലൂടെ മറുപടി നൽകുന്നു.

അച്ഛൻ മരിച്ചപ്പോൾ ഞാൻ വിദേശത്ത് ഷോയുമായി നടന്നു എന്നതാണ് എനിക്കെതിരെ ഗണേഷ് ഉന്നയിച്ച വലിയ ആരോപണം. അതിന് ഇത്രയും കാലം ഞാൻ മറുപടി നൽകിയില്ല. എന്നാൽ അമ്മ എന്ന താരസംഘടനയുടെ മീറ്റിംഗിൽ ഇതിനു ഞാൻ മറുപടി നൽകിയേ മതിയാകൂ എന്ന തരത്തിൽ പരാമർശമുണ്ടായി. മിണ്ടാതിരുന്നാൽ ഞാൻ തെറ്റു ചെയ്തുവെന്ന് ജനങ്ങൾ കരുതും. പത്ത് പേർ ആരോപണം വിശ്വസിച്ചാൽ അത് ജഗദീഷിനെ ബാധിക്കുമെന്നും പറഞ്ഞതു കൊണ്ടാണ് ഞാൻ കൊല്ലത്ത് പത്രസമ്മേളനത്തിൽ ഇങ്ങനെയൊരു ചോദ്യം വന്നപ്പോൾ സത്യാവസ്ഥ വെളിപ്പെടുത്തിയത്. മുകേഷും സത്യം പറയാൻ നിർബന്ധിച്ചു.

ഗണേഷിനെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തില്ല എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു. സരിത എന്നൊരു പേരും ഞാൻ പ്രസംഗത്തിൽ ഉച്ഛരിച്ചിട്ടില്ല. രാഷ്ട്രീയ സ്ഫോടക വസ്തു ഉപയോഗിച്ചു എന്നു ഞാൻ പറഞ്ഞത് സരിതയാണെന്ന് വ്യാഖ്യാനിക്കപ്പെടുകയായിരുന്നു.

എനിക്കെതിരെ ആരോപണം വന്നപ്പോൾ മോഹൻലാൽ സംഘടനയുടെ മീറ്റിംഗിൽ പറഞ്ഞു എല്ലാ കലാകാരന്മാരും അഭിമുഖീകരിക്കുന്ന പ്രശ്നമാണിത്. എന്റെ അച്ഛൻ മരിച്ച് രണ്ടാം ദിവസം എനിക്ക് അഭിനയിക്കാൻ പോകേണ്ടി വന്നിട്ടുണ്ടെന്ന് ലാൽ വളരെ വിഷമത്തോടെ പറഞ്ഞു. ലാലും മറ്റുതാരങ്ങളും എന്നെ പ്രതികരിക്കാൻ പ്രേരിപ്പിച്ചു.

പ്രതികരിക്കാൻ വൈകിയെന്നു കരുതുന്നില്ല. എല്ലാത്തിനും ഒാരോ സമയമുണ്ട്. ഞാൻ സ്വയം ഒരു വാർത്താ സമ്മേളനം നടത്തി പ്രതികരിച്ചാൽ അത് എന്റെ നിലപാടിനു വിരുദ്ധമാവും. ഇനിയും ആരോപണമുണ്ടായാൽ എല്ലാം ഞാൻ സഹിച്ചെന്നു വരില്ല. വ്യക്തപരമായ ആരോപണങ്ങൾ ഒഴിവാക്കും. അദ്ദേഹത്തിന്റെ കുടുംബവുമായി എനിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്.

കാൾമാക്സിന്റെ മൂലധനം വായിച്ചിട്ടാണോ സഖാവ് അച്യുതാനന്ദന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ആകൃഷ്ടനായിട്ടോ സഖാവ് ഇഎംഎസിന്റെ ആത്മകഥ വായിച്ചിട്ടാണോ ഗണേഷ് എൽഡിഎഫിൽ ചേർന്നതെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അദ്ദേഹത്തിന് എന്ത് സംഭവിച്ചപ്പോഴാണ് എൽഡിഎഫിൽ ചേർന്നതെന്ന് ഗണേഷ് വ്യക്തമാക്കണമെന്നും ഞാൻ ആവശ്യപ്പെടുന്നു.