Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷ്ണു ഒരു പുഞ്ചിരിയായിരുന്നു: സുരാജ് വെഞ്ഞാറമൂട്

jishnu-raghavan

ജിഷ്ണു അർബുദ രോഗ ബാധിതനാണെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയും പെട്ടെന്ന് മരണം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ജിഷ്ണുവിന്റെ അവസാന ചിത്രമായ റബേക്ക ഉതുപ്പ് കിഴക്കേമലയിൽ ഞാനും ഒരു വേഷം ചെയ്തിട്ടുണ്ട്. ജിഷ്ണുവുമായി കോംപിനേഷൻ സീനുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിൽക്കൂടി നല്ല ഒരു സൗഹൃദത്തിനുടമയായിരുന്നു അദ്ദേഹം. രോഗത്തെ പുഞ്ചിരിയോടെ നേരിട്ടതു പോലെ തന്നെ കാണുമ്പോഴെല്ലാം ഒരു പുഞ്ചിരി സമ്മാനിക്കാൻ ജിഷ്ണു മടി കാണിച്ചിരുന്നില്ലെന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

ജിഷ്ണുവിനെ ഓർക്കുമ്പോഴെല്ലാം മനസിൽ തെളിയുന്നതും ആ പുഞ്ചിരിച്ച മുഖം തന്നെ. എന്തായാലും സംഭവിച്ചു പോയി. ചലച്ചിത്ര ലോകത്തിന് വലിയൊരു നഷ്ടം തന്നെയാണ് ജിഷ്ണുവിന്റെ വിടവും ഉണ്ടാക്കുന്നത്. അദ്ദേഹത്തിന്റെ ആത്മവിന് നിത്യശാന്തി നേരാൻ മാത്രമേ ഇപ്പോൾ സാധിക്കൂ.

തമ്പി കണ്ണന്താനം

തനിക്ക് വളരെ പ്രതീക്ഷയുള്ള നടനായിരുന്നു ജിഷ്ണു എന്ന് സംവിധായകൻ തമ്പി കണ്ണന്താനം. സമീപകാലത്ത് നേരിട്ട് കാണാൻ സാധിച്ചിരുന്നില്ലെങ്കിലും മാധ്യമങ്ങളിലൂടെ അദ്ദേഹത്തെ കുറിച്ചുള്ള വാർത്തകൾ അറിഞ്ഞിരുന്നു. നല്ലൊരു ഡാൻസര്‍ കൂടിയായിരുന്ന അദ്ദേഹം പൂർണ്ണമായ കഴിവുകൾ ഉള്ള നടനായിരുന്നു. നല്ലൊരു വ്യക്തി കൂടിയായിരുന്ന ജിഷ്ണു എല്ലാവരോടും സൗഹൃദം സൂക്ഷിച്ചിരുന്നു. രോഗാവസ്ഥയിൽ പോലും ഉന്മേഷവാനായിരുന്ന ജിഷ്ണു തന്റെ അവശതകൾ മറ്റുള്ളവരുടെ മുന്നിൽ കാണിക്കാതെയാണ് മടങ്ങിയിരിക്കുന്നത്.

ഇന്നസെന്റ്

നാലഞ്ച് മാസങ്ങൾക്ക് മുമ്പ് ജിഷ്ണുവിനെ ആശുപത്രയിൽ വച്ചു കണ്ടപ്പോഴും തന്നെ അശ്വസിപ്പിച്ചതായി നടന്‍ ഇന്നസെന്റ് ഒാർമ്മിക്കുന്നു. ശബ്ദം പുറത്തേക്ക് വന്നിരുന്നില്ലെങ്കിലും ഉള്ള ശബ്ദത്തിൽ തനിക്ക് ധൈര്യം പകർന്നു. നമ്മൾ എന്ന കമൽ ചിത്രത്തിലൂടെയാണ് ജിഷ്ണുവിനെ പരിചയപ്പെ‌ടുന്നത്. തന്റെ അനിയൻ വേർപെട്ടത് പോലെയെന്ന് ഇന്നസെന്റ്.

ഭാവന

ജിഷ്ണു വിന്റെ മരണം അപ്രതീക്ഷിതമെന്ന് നടി ഭാവന. മെസേജുകൾ അയക്കുമ്പോൾ രോഗ മുക്തനായി എന്നാണ് അറിയിച്ചിരുന്നത്. രോഗത്തിൽ നിന്നും തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ. അച്ഛൻ നടനായിരുന്നെങ്കിൽ കൂടി സിനിമയിൽ എത്തയപ്പോളൾ തനിക്കും എല്ലാം പഠിക്കണം എന്ന ചിന്താഗതിയുള്ള ആളായിരുന്നു. തന്റെ ചേട്ടനുമായി നല്ല അടുപ്പം സൂക്ഷിച്ചിരുന്നതയും ഭാവന ജിഷ്ണുവിനെകുറിച്ച് ഓർക്കുന്നു.