അന്തരിച്ച പ്രിയപ്പെട്ട നടന്‍ കലാഭവൻ മണിയുടെ മരണത്തിൽ അപകാതയുണ്ടെന്നും ഇതുസംബന്ധിച്ച് പൊലീസ് നടത്തുന്ന അന്വേഷണത്തിൽ പുരോഗതിയില്ലെന്നും ചൂണ്ടിക്കാണിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ രംഗത്തെത്തിയിരുന്നു. പൊലീസിന്റെ അന്വേഷണം മന്ദഗതിയിലാണെന്നും അദ്ദേഹത്തിന്റെ കുടുംബം മാനസികമായി തളർന്ന അവസ്ഥയിലാണെന്നും മണിയുടെ സഹോദരനായ ആർഎൽവി രാമകൃഷ്ണൻ ആരോപിച്ചിരുന്നു. ഈ അവസ്ഥയിൽ ഉപവാസ സമരത്തിനൊരുങ്ങുകയാണ് മണിയുടെ കുടുംബം.
കലാഭവൻ മണിയുടെ സഹോദരനായ ആർഎൽവി രാമകൃഷ്ണൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാമകൃഷ്ണന്റെ കുറിപ്പ് വായിക്കാം–
പ്രിയ സുഹൃത്തുക്കളെ എന്റെ സഹോദരൻ, അല്ല നമ്മുടെ സഹോദരൻ മരിച്ച് 3 മാസം തികയാൻ പോകുകയാണ്. നാളിതുവരെയായി അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഹൈദരാബാദിലേക്ക് അയച്ചിട്ട് റിസൽട്ട് ഇതുവരെയും കിട്ടിയിട്ടില്ല.
ഈ സാഹചര്യത്തിൽ കുടുംബാഗങ്ങൾ ഒരു ദിവസത്തെ സൂചന സമരം നടത്തുന്നു. ചാലക്കുടി സൗത്ത് ഫ്ളൈ ഓവറിന്റെ താഴെ ഈ വരുന്ന ശനിയാഴ്ച രാവിലെ 7 മുതൽ വൈകീട്ട് 7 വരെ നടത്തുന്ന ഉപവാസ സമരത്തിന് മണിച്ചേട്ടനെ ജീവനു തുല്യം സ്നേഹിച്ച നിങ്ങളുടെ സാന്നിധ്യവും സഹകരണവും പ്രതീക്ഷിച്ചു കൊള്ളുന്നു.