Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാഭവൻ മണിയുടെ ശരീരത്തിൽ കീടനാശിനി കണ്ടെത്തി

mani-kalabhavan

കലാഭവൻ മണിയുടെ രാസപരിശോധനഫലം പുറത്തുവന്നു. കീടനാശിനി, മെഥനോൾ, എഥനോൾ എന്നിവയുടെ അംശം കണ്ടെത്തി. ക്ളോർപിറിഫോസ് എന്ന കീടനാശിനിയാണ് കണ്ടെത്തിയിരിക്കുന്നത്. കാർഷികാവശ്യങ്ങൾ ഉപയോഗിക്കുന്ന കീടനാശിനിയാണിത്. മെഥനോളിന്റെ അളവ് വളരെ കുറവായിരുന്നു. ഒരുപക്ഷേ ഇത് ചികിത്സയിൽ കുറഞ്ഞതാകാം എന്നു പരിശോധന റിപ്പോർട്ടിൽ പറയുന്നു.

വ്യാജമദ്യത്തിന് വീര്യം കൂട്ടാൻ ഇത്തരം കീടനാശിനികൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷണത്തിലൂടെ തിരിച്ചറിയാനാകൂ എന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

കലാഭവൻ മണിയുടെ മദ്യത്തിൽ മെഥനോൾ കലർത്തിയതാകാമെന്നായിരുന്നു എക്സൈസിന്റെ പ്രാഥമിക അന്വേഷണ നിഗമനം. ഒന്നിച്ചു മദ്യപിച്ച ഒരാളിൽ ‌മാത്രം മെഥനോൾ വന്നതു സംശയകരമാണെന്നും വാറ്റുചാരായമാണെങ്കിൽ മദ്യപിച്ച എല്ലാവരിലും മെഥനോളിന്റെ അംശം കണ്ടേനെയെന്നും എക്സൈസ് വൃത്തങ്ങൾ പറഞ്ഞു. വിദഗ്ധാഭിപ്രായം അവർ പൊലീസിനു കൈമാറി. മണിയുടെ സഹായികളുടെ ഇടപെടൽ സംശയമുളവാക്കുന്നതാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരുടെ ഇടപെടൽ മൂലം അന്വേഷണം വഴിമുട്ടി. മദ്യസാംപിളുകൾ ശേഖരിക്കാനായില്ല. വാറ്റുചാരായം ഉപയോഗിച്ചിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കലാഭവൻ മണിയുടെ മരണം സംബന്ധിച്ച കേസിൽ സഹായികളായ അരുൺ, വിപിൻ, മുരുകൻ എന്നിവര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിനുശേഷം മണിയുടെ ഔട്ട് ഹൗസായ പാഡി വൃത്തിയാക്കിയത് ഇവരാണ്. തെളിവ് നശിപ്പിച്ചതായി മണിയുടെ സഹോദരൻ രാമകൃഷ്ണൻ ആരോപിച്ചിരുന്നു.

കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹത്തിന്റെ സഹായികളായിരുന്ന ജീവനക്കാരെയും സംഭവത്തിനു തലേന്ന് അദ്ദേഹത്തോടൊപ്പം മദ്യപിച്ചവരെയും സംശയമുണ്ടെന്നും മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ.വി.രാമകൃഷ്ണൻ പറഞ്ഞിരുന്നു. ഇന്നലെ രാത്രി ചാനൽ ചർച്ചയിലായിരുന്നു രാമകൃഷ്ണന്റെ ആരോപണം. മണിയുടെ സഹായികളായിരുന്ന അരുൺ, വിപിൻ, മുരുകൻ എന്നിവരെക്കുറിച്ചും സംശയമുണ്ടെന്ന സൂചനയാണു രാമകൃഷ്ണൻ നൽകിയത്.

related stories
Your Rating: