Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിച്ചേട്ടൻ ആത്മഹത്യ ചെയ്യില്ല; നീറുന്ന ഓർമകളുമായി മേക്കപ്പ്മാൻ

jayaraman-mani ജയരാമൻ, കലാഭവൻ മണി

അഭിനയനിമിഷങ്ങളിലും അന്ത്യനിമിഷങ്ങളിലും മണിയുടെ മുഖത്ത് ചായം പൂശിയ മേക്കപ്പ്മാനാണ് ജയരാമൻ. ഒന്നരവർഷമായി മണിക്കൊപ്പം ജയരാമനും ഉണ്ടായിരുന്നു. എന്നാൽ മണിയുടെ മരണവുമായി ബന്ധപ്പെട്ട് മേക്കപ്പ്മാൻ പൊലീസ് കസ്റ്റഡിയിലായെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ആ വാർത്ത തെറ്റാണെന്നും തന്നെ പൊലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും ജയരാമൻ മനോരമ ഓൺലൈനോട് പറഞ്ഞു.

മണിച്ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി പൊലീസ് വിളിക്കുകയോ അതേപ്പറ്റി മറ്റേതെങ്കിലും രീതിയില്‍ എന്റെ പേര് ഉയർന്നു വരികയോ ചെയ്തിട്ടില്ലെന്ന് ജയരാമന്‍ പറയുന്നു.

മണി ചേട്ടനുമായി സ്നേഹബന്ധം മാത്രമാണുള്ളത്. അദ്ദേഹത്തിന്റെ മരണം തന്നെ തീരാവേദനയാണ് തന്നത്. അതിനിടയിലാണ് മരണവുമായി ബന്ധപ്പെട്ട കേസിൽ എന്റെ പേരും കൂടി ഉൾപ്പെട്ടതായുള്ള വാർത്തകൾ വന്നത്. ഈ വാർത്തകൾ പ്രചരിക്കുന്ന സമയത്ത് ഞാൻ കാസർഗോഡ് ചിത്രീകരണത്തിലായിരുന്നു. ജയസൂര്യയുടെ പുതിയ സിനിമയ 'ഇടി'യിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. എന്താണ് ഇങ്ങനെയൊരു വാർത്ത വരാനിടയിക്കായത് എന്നെനിക്കറിയില്ല. ലൊക്കേഷനിൽ നിൽക്കുന്ന എന്നെ മാള പൊലീസ് ചോദ്യം ചെയ്യുന്നുവെന്നായിരുന്നു വാർത്ത. ഞാൻ ആകെ ഞെട്ടിപ്പോയി. വീട്ടിൽ നിന്നും മറ്റും ഫോൺ വിളികളും കൂടിയായപ്പോൾ ആകെ പരിഭ്രമിച്ചു.

മണിച്ചേട്ടൻ ഗുരുതരാവസ്ഥയിലാണെന്ന് ടിവിയിലൂടെയാണ് അറിഞ്ഞത്. അപ്പോഴേക്കും മേക്കപ്പ്മാനായ മറ്റൊരു സുഹൃത്തും വിളിച്ച് ഇക്കാര്യം പറഞ്ഞു. സംശയം തീര്‍ക്കാനായി ഞാൻ എന്റെ വീട്ടിലേക്ക് വിളിച്ചപ്പോഴാണ് അറിഞ്ഞത് മണിച്ചേട്ടൻ വെന്റിലേറ്ററിലാണെന്ന് വാർത്തയുണ്ടെന്ന്. അധികം വൈകാതെ മരിച്ചുവെന്നും. അന്ന് രാത്രി തന്നെ കാസർഗോഡ് നിന്ന് കയറി തൃശൂർ മെഡിക്കൽ കോളെജിലെത്തി അദ്ദേഹത്തെ കണ്ടു. മരിച്ചു കിടക്കുന്ന മണിച്ചേട്ടന്റെ വസ്ത്രങ്ങൾ ഒരുക്കി. പിറ്റേ ദിവസം തന്നെ തിരിച്ചു പോരുകയും ചെയ്തു. ഇതാണ് നടന്നത്. മണിച്ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസെന്നല്ല മറ്റാരും തന്നെ എന്നെ വിളിച്ചിട്ടില്ല.

മണിച്ചേട്ടന് പാപനാശത്തിലാണ് ആദ്യം മേക്കപ്പിടുന്നത്. ഏറ്റവുമൊടുവിൽ തമിഴ് ചിത്രമായ ലൗഗുരുവിലും. മണിച്ചേട്ടന് മാത്രമല്ല, വേറൊരുപാട് ആളുകൾക്കും പരിപാടികൾക്കും മേക്കപ്പിടാന്‍ പോകാറുണ്ട്. ഒരുപാട് സ്നേഹമുള്ള വ്യക്തിയായിരുന്നു മണിച്ചേട്ടൻ. നല്ല ചങ്ങാത്തം കാണിക്കുന്നയാളാണ്. പക്ഷേ ഞങ്ങൾ തമ്മിൽ നിരന്തരം ഫോൺ വിളിയോ മറ്റോ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ വിശ്രമ കേന്ദ്രമായ പാടിയിലൊക്കെ ഞാനും ഒരുപാട് വട്ടം പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് എനിക്കധികം അറിവില്ല.

മണിച്ചേട്ടൻ ബിയര്‍ കുടിക്കാറുണ്ട്. ബിയറല്ലാതെ മറ്റൊന്നും കഴിക്കില്ലെന്നാണ് എന്റെ ഒരു അറിവ്. അതല്ലാതെ എനിക്ക് മറ്റൊന്നും അറിയില്ല. എന്നെപ്പറ്റി വന്ന തെറ്റായ വാർത്ത ആകെ വിഷമിപ്പിച്ചു. ജയരാമന്‍ പറഞ്ഞു.

related stories
Your Rating: