Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലഹമാണ് ‘കമ്മട്ടിപ്പാടം’

dulquer-vinayakan

‘എറണാകുളം കെട്ടിപ്പൊക്കിയിരിക്കുന്നത് ഈ കമ്മട്ടിപ്പാടത്തിന്റെ ചതുപ്പിലാണ്. അത് തകരാൻ അധികനാളുകളൊന്നും വേണ്ട...’കമ്മട്ടിപ്പാടത്തിലെ കൃഷ്ണനും ഗംഗനും ബാലൻ ചേട്ടനുമെല്ലാമൊപ്പം സഞ്ചരിക്കുന്ന ഏതൊരു പ്രേക്ഷകനും തിരിച്ചറിയാനാകും ഈ വാക്കുകളിലെ ഭീകരത. ഭാവിയിലേക്കു പേടിയോടെ മാത്രം നോക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന വാക്കുകള്‍. ഉയരങ്ങളിലെ സുഖശീതളിമയിലിരിക്കുമ്പോഴും ഏതു നിമിഷവും കാലിന്നടിയിലെ മണ്ണൊലിച്ചു പോയേക്കാമെന്ന ഓർമപ്പെടുത്തൽ. പാവപ്പെട്ടവന്റെ, പിന്തള്ളപ്പെട്ടവന്റെ, ചവിട്ടിയെറിയപ്പെട്ടവന്റെ, കൊന്നുതള്ളിയവന്റെ ചോര കൊണ്ട് നിറം പിടിപ്പിച്ച ചെങ്കല്ലുകളിലാണ് ഓരോ വമ്പൻ സൗധവും പണിതുയർത്തിയിരിക്കുന്നതെന്ന തിരിച്ചറിവ്. ആ ഞെട്ടലിലേക്ക് നയിക്കുകയാണ് രാജീവ് രവിയുടെ ‘കമ്മട്ടിപ്പാടം’ എന്ന സിനിമ, അല്ല ജീവിതചിത്രം.

kammattipadam

സംവിധായകൻ തന്നെ പറഞ്ഞിട്ടുണ്ട്-ഞാൻ കണ്ടു വളർന്ന കൊച്ചിയല്ല ഇപ്പോൾ കണ്മുന്നിലുള്ളതെന്ന്. ഇപ്പോൾ വന്നിരിക്കുന്ന നിറപ്പകിട്ടാർന്ന മാറ്റത്തിനു പിന്നിൽ ഒട്ടും നിറമില്ലാത്ത, ഒരുപക്ഷേ ചോരയുടെ മാത്രം നിറമുള്ള ഒരു ഭൂതകാലമുണ്ടെന്നത് ആ വാക്കുകളിൽത്തന്നെ വ്യക്തം. കൊച്ചി പുതിയ കൊച്ചിയായതെങ്ങനെയാണ്? അതിനുള്ള ഉത്തരമാണ് ‘കമ്മട്ടിപ്പാടം’ നിറയെ. അതു തന്നെയാണ് കമ്മട്ടിപ്പാടത്തിന്റെ രാഷ്ട്രീയവും.

vinayakan

‘കൃഷ്ണാ, ഇത് ഞാനാടാ, ഗംഗയാടാ...’ എന്ന ഭീതിയൊളിപ്പിച്ച വാക്കുകളോടെയാണ് ചിത്രത്തിന്റെ തുടക്കമെന്നു പറയാം. നാളുകൾക്കൊടുവിൽ പ്രിയപ്പെട്ട കൂട്ടുകാരനെ വിളിക്കുമ്പോൾ ഗംഗന് പറയാൻ നല്ലതൊന്നുമില്ല. എന്നാലും അയാൾ ചിരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കാരണം അവരിരുവരും വളർന്നുവന്നത് അങ്ങനെയാണ്. ജീവിതത്തെ ഒരാഘോഷമാക്കി. അതൊരു ചോരക്കളിയിലവസാനിച്ചിട്ടു പോലും പിന്നെയും ആ സൗഹൃദം നീണ്ടു. തിന്നുന്നതും കുടിക്കുന്നതും തല്ലുണ്ടാക്കുന്നതും എന്തിനേറെ പ്രണയിക്കുന്നതു പോലും ഒരുമിച്ച്. ആ നല്ല സൗഹൃദം പക്ഷേ അവരു പോലുമറിയാതെയാണ് പറിച്ചുമാറ്റപ്പെട്ടത്. അവരുടെ ജീവിതത്തിലെ ആദ്യത്തെ ചതി. അവരുടെ മാത്രമല്ല, കമ്മട്ടിപ്പാടംസംഘത്തിലെ എല്ലാവരുടെയും ജീവിതത്തെ മാറ്റി മറിക്കുന്ന ചതി. ശ്രദ്ധിച്ചാലറിയാം മുതലാളിമാരുടെ ആവശ്യങ്ങളായിരുന്നു ബാലേട്ടന്റെയും സംഘത്തിന്റെയും ആഘോഷങ്ങളായിരുന്നത്. മുതലാളിക്കു വേണ്ടി തല്ലും കൊലയും കുടിയൊഴിപ്പിക്കൽ പോലും നടത്തുമ്പോഴും അതിനൊരു ആഘോഷത്തിന്റെ പരിവേഷം സംവിധായകൻ അറിഞ്ഞുകൊണ്ടുതന്നെ നൽകിയിട്ടുമുണ്ട്. കുടിയൊഴിപ്പിക്കൽ സീനിൽ പ്രത്യേകിച്ച്. എന്നാൽ പിന്നീടു മനസ്സിലാകും ‘കമ്മട്ടിപ്പാട’ത്തെ ഇനിയങ്ങോട്ട് നയിക്കുന്നത് ആ സീൻ ആണെന്ന്.

manikandan

അതുവരെ എല്ലാം അനുസരണയോടെ മാത്രം കേട്ടിരുന്ന ബാലേട്ടൻ ആദ്യമായി സുരേന്ദ്രൻ മുതലാളിയോട് ശാന്തമായി കയർക്കുന്നത് ആ കുടിയൊഴിപ്പിക്കലിന്റെ പേരിലാണ്. തെറ്റു ചെയ്തവർക്ക് തിരിച്ചറിവുണ്ടാകുന്നതും അവിടെയാണ്. പക്ഷേ ഏറെ വൈകിപ്പോയിരിക്കുന്നു...താനൊഴുക്കിയ വിയർപ്പിന്റെയും താൻ ചൊരിഞ്ഞ ചോരയുടെയും ബലത്തിൽ മുതലാളിമാർ തന്നെക്കാളും കരുത്തന്മാരായിരിക്കുന്നു. ഒരു ചെറിയ പെട്ടിക്കടയിൽ നിന്ന് മുതലാളി വൻകിട ഫ്ലാറ്റ് സമുച്ചയത്തിലേക്കു മാറുമ്പോൾ അയാൾക്കൊപ്പമുണ്ടായിരുന്നവർ അപ്പോഴും ഭൂതകാലത്തെ ചെയ്ത്തിന്റെ പേരിൽ വേട്ടയാടപ്പെടുകയാണ്.

kammattipadam-vinayakan

‘ഞാനൊക്കെ സീനിൽ നിന്ന് എന്നേ ഔട്ടായി’ എന്നൊരു കഥാപാത്രം പറയുമ്പോൾ അയാൾ എന്നാണ് സീനിലുണ്ടായിരുന്നതെന്നും നമ്മളോർത്തു പോകും. ‘സീനിൽ’ നിറയെ ബാലേട്ടനും കൂട്ടുകാരുമായിരുന്നു. അതിനാൽത്തന്നെ പെട്ടിക്കടയിൽ നിന്ന് മുതലാളി വാറ്റുചാരായത്തിലേക്കും മദ്യഫാക്ടറിയിലേക്കും പിന്നെ റിയൽ എസ്റ്റേറ്റ് കൂട്ടുകച്ചവടത്തിലേക്കും വലുതാകുമ്പോൾ പേടിക്കേണ്ടതും അവരായിരുന്നു. കാരണം സമൂഹത്തിന്റെ കണ്ണിൽ കൃഷ്ണനും ബാലേട്ടനുമൊക്കെയാണ് കുറ്റക്കാർ. ഒരു രൂപ പോലും സമ്പാദ്യമില്ലാത്ത വെറും ചേരിക്കാർ. പൊലീസിനു വേണ്ടതും അവരെയാണ്. ‘വേണ്ടത്’ എന്നു പറഞ്ഞാൽ എല്ലാത്തരത്തിലും.

കൊച്ചി പഴയ കൊച്ചിയല്ല, നിനക്കിവിടെ നിന്നുകൂടേ? നിന്നെ ഞങ്ങൾക്കാവശ്യമുണ്ട് എന്നു പറയുന്ന കമ്മിഷണറിൽ തന്നെയുണ്ട് നിയമപാലന പുഴുക്കുത്തിന്റെ നാറുന്ന കാഴ്ച. അധികാരത്തിന്റെ ബൂട്ടിട്ട കാലിന്നടിയിൽപ്പിടയാൻ എപ്പോഴും ഒരു വിഭാഗം മാത്രമാണ് വിധിക്കപ്പെട്ടിരിക്കുന്നതെന്ന തിരിച്ചറിവ് അന്നയും റസൂലിലും, ഞാൻ സ്റ്റീവ് ലോപ്പസിലുമെല്ലാം രാജീവ് രവി പകർന്നു തന്നിട്ടുമുണ്ട്.

അടിച്ചമർത്തപ്പെട്ടവർ അധ:കൃതർ തുടങ്ങിയ വാക്കുകൾക്ക് ‘അവാർഡ് സിനിമകളിൽ’ മാത്രം സ്ഥാനമുണ്ടായിരുന്നയിടത്താണ് കമ്മട്ടിപ്പാടത്തിന്റെ വരവ്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ പോലുമുണ്ട് കഥയോടുള്ള ആ ചായ്‌വ്. ചിത്രത്തിലെ ഭൂരിപക്ഷം പേരെയും നമ്മൾ പല സിനിമകളിലും കണ്ടിട്ടുണ്ട്. വെറുതെ തലകാണിച്ചു പോകുന്ന ‘ജൂനിയർ’ ആർടിസ്റ്റുകളായിട്ട്, സിനിമയിലെ ‘അധ:കൃതരാ’യിട്ട്. പക്ഷേ അഭിനയത്തിൽ അവരുടെ ‘സീനിയോരിറ്റി’യുടെ ഒന്നാന്തരം തെളിവുകളാണ് വിനായകന്റെ ഗംഗനും മണികണ്ഠന്റെ ബാലനുമൊക്കെ. വെറും 40 വർഷത്തിനുള്ളിൽ കൊച്ചിയിലെ ഒരു ചെറുഗ്രാമത്തിൽ സംഭവിച്ച സത്യമാണ് അവരിലൂടെ വെളിവാക്കപ്പെട്ടത്. ‌

kammattipadam-puthanpadam-ktm

ചില ഷോട്ടുകളിലൂടെ പോലും ചർച്ച ചെയ്യപ്പെടുന്നുണ്ട് രാഷ്ട്രീയം. ബന്ധുക്കളെ കുടിയൊഴിപ്പിച്ചത് ചോദിക്കാൻ ചെന്ന അച്ഛാച്ചനോട് ബാലൻ കയർക്കുന്ന രംഗമുണ്ട്. തിരികെ വീട്ടിലേക്കു വരാൻ പോലും തയാറാകാതെ ആ മനുഷ്യൻ തകർന്നിരിക്കുന്നതും കാണാം. എന്തുകൊണ്ടാണദ്ദേഹം അങ്ങനെ ഇരുന്നുപോയതെന്നതിന്റെ ചോദ്യം നേരത്തേ സംവിധായകന്‍ പറയാതെ പറ‍ഞ്ഞിരുന്നു, പല ഷോട്ടുകളിലും നൽകിയ സൂചനകളിലൂടെ- ഒരു കമ്യൂണിസ്റ്റ് അനുഭാവിയാണ് അച്ഛാച്ചൻ. കണ്മുന്നിൽ നിന്നു പലതും കാണാമറയത്തേക്കു പോകുമ്പോൾ കണ്ണടയ്ക്കാൻ വിധിക്കപ്പെടുന്നവർ അങ്ങനെ ഇരുന്നുപോവുക സ്വാഭാവികം. പുതുതലമുറയ്ക്കു മുന്നിൽ വഴിമാറിക്കൊടുക്കേണ്ടി വന്ന രാഷ്ട്രീയ നിലപാടുകളുടെ പ്രതിനിധി കൂടിയായിരുന്നു അച്ഛാച്ചൻ. കൊച്ചുകൂരയിലും ചേരിയിലെ ഒറ്റമുറിയിലും ഒതുങ്ങിയിരുന്ന കൃഷ്ണന്റെയും ഗംഗന്റെയുമെല്ലാം ജീവിതപരിസരത്തിനു ചുറ്റിലും ഒരു രാക്ഷസൻ കൈവിടർത്തിയ പോെല ഫ്ലാറ്റുകൾ നിറയുന്ന ക്യാമറക്കാഴ്ചയും പറയുന്നതു മറ്റൊന്നുമല്ല. ആർത്തിപൂണ്ടവന്റെ രാഷ്ട്രീയമാണത്.

kammattipadam

ജീവിതത്തോടുള്ള പകപ്പ്, പ്രണയം, പാപം, തീരാപ്പക...ഇങ്ങനെ തലമുറകളിലൂടെ നീങ്ങുന്ന സിനിമയുടെ ഓരോ അടരുകളിലും ഒളിപ്പിച്ചു വച്ചിരിക്കുന്ന നേരുകൾ ഓർത്തോർത്തെടുത്ത് ചിന്തിച്ചു തീർക്കേണ്ടി വരും പ്രേക്ഷകന്. പക്ഷേ വെറുമൊരു ഡോക്യുമെന്ററിയാകാതെ അത് എന്റെയും നമ്മുടെയുമെല്ലാം ജീവിതമാണെന്നത് സിനിമാറ്റിക് സൗന്ദര്യത്തോടെ ദൃശ്യവൽകരിച്ചിടത്താണ് ‘കമ്മട്ടിപ്പാട’ത്തിന്റെ വിജയം. ചുറ്റിലുമുള്ള അടിച്ചമർത്തലുകളുടെയും മനുഷ്യനു വിലയില്ലാത്ത കച്ചവടക്കാലത്തിന്റെയും വികസനത്തിന്റെ പേരിലുള്ള നെറികേടുകളുടെയുമെല്ലാം നേരെയുള്ള സംവിധായകന്റെ കലഹമായി ‘കമ്മട്ടിപ്പാടം’ മാറുന്നതും അങ്ങനെയാണ്. എന്തിനേറെ, ഗംഗന്റെ ആ ഒരൊറ്റപ്പാട്ടു മതിയല്ലോ...

‘അക്കാണും മാമലയൊന്നും
നമ്മുടേതല്ലെന്മകനെ,
ഇക്കായൽ കയവും കരയും
ആരുടേയുമല്ലെൻ മകനേ,
പുഴുപുലികള്‍ പക്കിപരുന്തുകൾ
കടലാനകൾ കാട്ടുരുവങ്ങൾ
പലകാലപരദൈവങ്ങൾ
പുലയാടികൾ നമ്മളുമൊപ്പം
നരകിച്ചു പൊറുക്കുന്നിവിടം
ഭൂലോകം തിരുമകനേ
കലഹിച്ചു മരിക്കുന്നിവിടം
ഇഹലോകം എൻതിരുമകനേ...’