Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാനെന്റെ ഭർത്താവുമായി പ്രണയത്തിലാണ്; വ്യാജവാർത്തകൾക്കെതിരെ കനിഹ

kaniha-husband

അമല പോളിന്റെയും ദിവ്യ ഉണ്ണിയുടെയും വിവാഹമോചനം സിനിമാലോകത്ത് ഞെട്ടലുണ്ടാക്കിയ വാർത്തകളായിരുന്നു. അതിനിടെയാണ് ചില ഓൺലൈൻ മാധ്യമങ്ങൾ നടി കനിഹയും വിവാഹമോചിതയാകുന്നുവെന്ന വാർത്ത പ്രചരിപ്പിച്ചത്. കനിഹ ഭര്‍ത്താവായ ശ്യാം രാധാകൃഷ്ണനുമായി അത്ര രസത്തിലല്ല എന്നും ഫെയ്സ്ബുക്കിൽ ഈയിടെ ആയി കനിഹ ഒറ്റക്കുള്ള ചിത്രങ്ങൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നതെന്നുമായിരുന്നു വാർത്തയിലെ റിപ്പോർട്ട്.

ഏതെങ്കിലും ഒരു വ്യാജവാർത്ത സോഷ്യൽമീഡിയയിൽ വന്നാൽ അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ മറ്റു സ്ഥലങ്ങളിലും പ്രചരിപ്പിക്കുകയാണ് ഇന്നത്തെ ചില ഓൺലൈൻ മാധ്യമങ്ങളുടെ രീതി. എന്തായാലും ഇത്തരം വിവരശൂന്യരായ ഓൺലൈൻ മാധ്യമങ്ങള്‍ക്കെതിരെ കനിഹ തന്നെ രംഗത്തെത്തി.

എട്ടുവർഷം മുമ്പുള്ള അതേ പ്രണയത്തിൽ തന്നെയാണ് ഞാനും ഭർത്താവുമെന്നും അഞ്ച് വയസുള്ള മകനടങ്ങുന്ന സന്തോഷകുടുംബമാണ് തന്റേതെന്നും കനിഹ പ്രതികരിച്ചു. എത്രയും പെട്ടന്ന് വ്യാജവാർത്തകൾ പ്രചരിക്കുന്നത് നിർത്തണമെന്നും, സ്നേഹത്തിൽ വിശ്വസിക്കുന്ന ആളാണ് ഞാനെന്നും കനിഹ പറയുന്നു. ഭർത്താവ് ശ്യാമുമായി അതീവ പ്രണയത്തിലാണ് താനെന്നും എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നുവെന്നും കനിഹ വ്യക്തമാക്കി.

2008 ലായിരുന്നു സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ ശ്യാം രാധാകൃഷ്ണനുമായുള്ള കനിഹയുടെ വിവാഹം. പഴശ്ശിരാജ, ഭാഗ്യദേവത, സ്പിരിറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കു പ്രിയങ്കരിയായിരുന്നു കനിഹ. പത്ത് കല്‍പനകള്‍ എന്ന ചിത്രത്തിലാണ് കനിഹ ഇപ്പോള്‍ അഭിനയിക്കുന്നത്.  

Your Rating: