Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയിൽ സ്‌ത്രീയെ അധിക്ഷേപിച്ചാൽ കേസെടുക്കാൻ വകുപ്പുണ്ടോ?

kasaba-mammootty

വെള്ളിത്തിരയിലെ നായകൻ രണ്ടു ലാർജും വീശി, ഹെൽമറ്റില്ലാതെ ബൈക്കിൽ പറക്കുന്ന രംഗം ചിത്രീകരിച്ചാൽ കേസാകുമോ? സിനിമയിൽ വാക്കുകളിലൂടെയോ ആംഗ്യത്തിലൂടെയോ സ്‌ത്രീയെ അധിക്ഷേപിച്ചാൽ കേസെടുക്കാൻ വകുപ്പുണ്ടോ? കസബയിലെ ചില രംഗങ്ങൾ സ്ത്രീവിരുദ്ധമെന്ന് ആരോപിച്ച് വനിതാ കമ്മിഷൻ മമ്മൂട്ടിക്ക് നോട്ടീസയച്ചു. സിനിമയില്‍ തെറ്റു ചെയ്താൽ പൊലീസ് പിടിക്കുമോ? ഒരന്വേഷണം

നിയമത്തിൽ ഇതിനു വകുപ്പുണ്ടെന്നാണു നിയമരംഗത്തെ പ്രമുഖർ പറയുന്നത്. മദ്യപാന രംഗങ്ങൾ, പുകവലി, അധിക്ഷേപ രംഗങ്ങൾ എന്നിവ സിനിമയിൽ സർവസാധാരണമാണ്. പക്ഷേ ഇവയുടെ സ്വഭാവത്തെ അടിസ്‌ഥാനമാക്കിയാണു പൊലീസ് കേസെടുക്കുകയെന്നു കൊച്ചി റേഞ്ച് ഐജി: എസ്. ശ്രീജിത്ത് പറയുന്നു.

സ്‌ത്രീയെ അധിക്ഷേപിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെങ്കിൽ ഇതു സംബന്ധിച്ച് പരാതി ലഭിച്ചാൽ മാത്രമേ കേസെടുക്കൂ. മതവികാരങ്ങൾ വ്രണപ്പെടുത്തുന്ന രംഗങ്ങൾ, ശാരീരിക അതിക്രമം, ലൈംഗിക അതിക്രമം എന്നിവ സിനിമയിൽ ചിത്രീകരിച്ചതായി പരാതി ലഭിച്ചാല്‍ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കാം. ഇത്തരം സംഭവങ്ങളിൽ സ്വമേധയാ കേസെടുക്കാൻ കഴിയില്ല. അതേസമയം ദേശീയതയെ ബാധിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെങ്കിൽ സ്വമേധയാ കേസെടുക്കാൻ വകുപ്പുണ്ടെന്നും ഐജി പറഞ്ഞു.

സിനിമയിലെ കുറ്റകൃത്യങ്ങളിൽ ചിത്രത്തിലെ നായകൻ, നിർമാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് എന്നിവർക്കെതിരെ കേസെടുക്കാൻ പൊലീസിനു അധികാരമുണ്ട്. സിനിമയിൽ മദ്യപാനരംഗം കാണിക്കുമ്പോൾ നിയമപ്രകാരമുള്ള മുന്നറിയിപ്പ് എഴുതിക്കാണിക്കാത്തതിനു നടൻ കുറ്റക്കാരനാവില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് കഴിഞ്ഞ വർഷമായിരുന്നു.

‘സെവൻത് ഡേ’ സിനിമയിൽ മദ്യപാനരംഗത്തിൽ നിയമപ്രകാരമുള്ള മുന്നറിയിപ്പു വ്യക്‌തമല്ലെന്ന് ആരോപിച്ചു നടൻ പൃഥ്വിരാജിനെതിരെ കേസെടുത്തതു റദ്ദാക്കിയാണു ജസ്‌റ്റിസ് ബി. കെമാൽപാഷ ഉത്തരവ് പുറപ്പെടുവിച്ചത്.

നടന്മാർക്കും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ ആരോഗ്യവകുപ്പിനും അധികാരമുണ്ട്. സിഗരറ്റുമായി ‘കർമയോദ്ധ’ സിനിമയുടെ പോസ്‌റ്ററിൽ പ്രത്യക്ഷപ്പെട്ടതിന്റെ പേരിൽ നടൻ മോഹൻലാലിനെതിരെ ആരോഗ്യ വകുപ്പ് കേസെടുത്തത് 2012 ലായിരുന്നു. ‘അപൂർവരാഗം ’ എന്ന സിനിമയിൽ ‘പുകവലിച്ച’തിന് നായകൻ നിഷാൻ, നായികയുടെ അച്‌ഛന്റെ റോളിൽ അഭിനയിച്ച രാജ എന്നിവർക്കെതിരെഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തിരുന്നു.