Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിയും കരിമരുന്നും വേണ്ട കണിവെള്ളരി മതി ആഘോഷിക്കാൻ: കാവ്യ

kavya-madhavan ജിസിഡിഎ ഓഫിസിനു മുന്നിൽ കണിവെള്ളരിക്കൃഷിയുടെ വിളവെടുപ്പ് നടി കാവ്യ മാധവൻ ഉദ്ഘാടനം ചെയ്തപ്പോൾ.

കടവന്ത്ര ജിസിഡിഎ ഓഫിസിന്റെ അങ്കണം തിങ്കളാഴ്ച കണിമുറ്റമായിരുന്നു. മുറ്റം നിറയെ സ്വർണവർണത്തിൽ കണിവെള്ളരി. ഒന്നും രണ്ടുമല്ല, 4600 വെള്ളരി. ജിസിഡിഎ മുറ്റത്തെ 60 സെന്റിൽ വിളഞ്ഞ വെള്ളരിയുടെ ആദ്യ വിളവെടുത്തതു താരസുന്ദരി കാവ്യ മാധവൻ. കരിയും വേണ്ട ...കരിമരുന്നും വേണ്ട ...കണിവെള്ളരി മതി ആഘോഷിക്കാനെന്ന് പരിപാടിയോട് ബന്ധപ്പെടുത്തി നടി ഫേസ്ബുക്കിൽ കുറിച്ചു.

ജിസിഡിഎ ചെയർമാൻ എൻ.വേണുഗോപാലിന്റെ നേതൃത്വത്തിൽ നടന്ന വിളവെടുപ്പിൽ പിഎസ്‌സി ചെയർമാൻ ഡോ. കെ.എസ്.രാധാകൃഷ്ണൻ, സാഹിത്യകാരൻ കെ.എൽ.മോഹനവർമ തുടങ്ങിയവരും പങ്കാളികളായി.

കുമിഞ്ഞുകൂടിയ ലക്ഷണമൊത്ത കണിവെള്ളരിയെല്ലാം ചൂടപ്പം പോലെ വിറ്റുപോയി. ഒറ്റ പകൽകൊണ്ടു വിറ്റഴിച്ചത് 12,000 കിലോഗ്രാമിലേറെ വെള്ളരി. കിലോഗ്രാമിനു 30 രൂപ നിരക്കിലായിരുന്നു വിൽപന. മൂന്നു വർഷമായി ജിസിഡിഎ നടത്തുന്ന ജൈവകൃഷിയുടെ ഭാഗമായാണു വിഷു ലക്ഷ്യമിട്ടു കണിവെള്ളരി പാകിയത്. കൊടുംവേനലിലും മികച്ച വിളവു കിട്ടിയതോടെ അധ്വാനിച്ചവർക്കെല്ലാം നിറഞ്ഞ സന്തോഷം. 700-800 വിത്തുകളായിരുന്നു പാകിയിരുന്നത്. പൂർണമായും ജൈവവളം ഉപയോഗിച്ചായിരുന്നു കൃഷി. പല വള്ളികളിൽ നിന്നു 10 വെള്ളരി വരെ ലഭിച്ചു. ശരാശരി 2-3 കിലോ തൂക്കമുള്ളവയായിരുന്നു ഏറെ. പുറത്തെ വിലയെ അപേക്ഷിച്ചു കുറഞ്ഞ വിലയിൽ ജൈവകൃഷിയിൽ വിളയിച്ചെടുത്ത കണിവെള്ളരിക്കായി ആവശ്യക്കാർ ഒഴുകിയെത്തി.

cochi-kavya.jpg.image.784.410 ജിസിഡിഎ ഓഫിസിനു മുന്നിൽ കണിവെള്ളരിക്കൃഷിയുടെ വിളവെടുപ്പ് നടി കാവ്യ മാധവൻ ഉദ്ഘാടനം ചെയ്തപ്പോൾ. ചിത്രം. മനോരമ

ഇതിനൊപ്പം ജൈവകൃഷിക്കു പേരുകേട്ട ചേർത്തല കഞ്ഞിക്കുഴി പഞ്ചായത്തിൽ വിളയിച്ച വിവിധയിനം പച്ചക്കറികളുടെ വിൽപനയും ഏർപ്പെടുത്തിയിരുന്നു.കഞ്ഞിക്കുഴി പയർ ഉൾപ്പെടെയുള്ള പച്ചക്കറികൾ വാങ്ങാനും ആവശ്യക്കാരെത്തി . വിളവെടുപ്പ് ചടങ്ങിന്റെ ഭാഗമായി കഞ്ഞിക്കുഴി പഞ്ചായത്ത് 10 കുടുംബങ്ങൾക്കു വിഷുകിറ്റും വിതരണം ചെയ്തു. മുഖ്യാതിഥിയായ കാവ്യ മാധവനു ഡോ. കെ.എസ്.രാധാകൃഷ്ണൻ വിഷുക്കൈനീട്ടം നൽകി.

കഞ്ഞിക്കുഴി പച്ചക്കറികൾ ഇന്നുകൂടി ജിസിഡിഎ കോംപൗണ്ടിൽ ലഭ്യമാവും. കണിവെള്ളരിക്കൊപ്പം സൂര്യകാന്തിയും ജിസിഡിഎ അങ്കണത്തിന്റെ ചുറ്റും കൃഷി ചെയ്തിരുന്നു. കണിവെള്ളരി പാടത്തിന് അഴകിന്റെ അതിരുതീർത്ത് ഈ സൂര്യകാന്തികളും തലയുയർത്തി വിടർന്നുനിൽക്കുന്നുണ്ട്. 150 സൂര്യകാന്തികളാണു നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇവയുടെ കായ്കൾ മൂപ്പെത്താൻ ഒന്നര ആഴ്ച കൂടി വേണ്ടിവരും. അതിനുശേഷം ഇവ ആട്ടി സൂര്യകാന്തി എണ്ണ എടുക്കാനാണു പദ്ധതി. കഴിഞ്ഞതവണ കൃഷി ചെയ്ത സൂര്യകാന്തിയിൽ നിന്ന് എട്ടു കിലോ എണ്ണ ലഭിച്ചതായി ചെയർമാൻ എൻ.വേണുഗോപാൽ പറഞ്ഞു.വിളവെടുപ്പു കഴിഞ്ഞ കണിവെള്ളരിയുടെ വള്ളിയും ഇലയും ഇട്ടു സമ്പുഷ്ടമാക്കിയ മണ്ണിൽ ഇനി കൃഷി ചെയ്യാൻ പോകുന്നതു ചീരയാണ്. ഇതിനു ചീരവിത്തുകൾ മുളപ്പിച്ചു.

ഇതിനൊപ്പം കടവന്ത്ര പൊലീസ് സ്റ്റേഷനു സമീപമുള്ള ജിസിഡിഎ വക സ്ഥലത്ത് 110 നേന്ത്രവാഴകളും കൃഷി ചെയ്തിട്ടുണ്ട്. ശബരിമല യാത്രയ്ക്കിടെ പത്തനംതിട്ടയിൽ നിന്നു ചെയർമാൻ സംഘടിപ്പിച്ച സുന്ദരിവാഴ എന്ന പുതിയ ഇനം വാഴയും ജിസിഡിഎയ്ക്കു മുന്നിൽ നട്ടുവളർത്തുന്നുണ്ട്. പ്രമേഹ രോഗികൾക്ക് അനുയോജ്യമായ പഴമാണെന്നതാണു സുന്ദരിവാഴയുടെ പ്രത്യേകത.

Your Rating: