Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലേട്ടൻ അകലെ, മമ്മൂക്ക അടുത്ത്: കാവ്യ

kavya-madhavan

ഇപ്പോഴും ഓർമയുണ്ട് അച്ഛന്റെ കയ്യിൽത്തൂങ്ങി കമലങ്കിളിന്റെ ലൊക്കേഷനിലെത്തിയ, പൂക്കളുള്ള വെള്ള ഫ്രോക്കിട്ട ആ അഞ്ചുവയസ്സുകാരിയെ. ‘പൂക്കാലം വരവായി’ എന്ന സിനിമയായിരുന്നു അത്. ജഗതിയങ്കിളും ഫിലോമിനാന്റിയും പറവൂർ ഭരതനങ്കിളുമൊക്കെയുണ്ടായിരുന്നു അവിടെ. നിറയെ ആളും ബഹളവുമൊക്കെയുള്ള ഒരദ്ഭുതലോകം. അന്നു തോന്നിയ കൗതുകം ഇന്നും, ഇരുപത്തഞ്ചു വർഷത്തിനിപ്പുറവും തീർന്നിട്ടില്ല.

‘പേടിക്കണ്ട കേട്ടോ’ എന്നുപറഞ്ഞ് എന്നെ ക്യാമറയ്ക്കു മുന്നിൽ നിർത്തിയ കമലങ്കിൾ അഴകിയ രാവണനിൽ എനിക്കു വെണ്ണിലാച്ചന്ദനക്കിണ്ണമെന്ന പാട്ടുതന്നു, പെരുമഴക്കാലവും ഗദ്ദാമയും രണ്ടു സംസ്ഥാന അവാർഡുകളും തന്നു. തണലുപോലെ ഇന്നും എനിക്കൊപ്പമുണ്ട്. എന്നെ ആദ്യം നായികയാക്കിയ, പിന്നെ മീശമാധവനിലെ രുഗ്മിണിയും ക്ലാസ്മേറ്റ്സിലെ താരയുമാക്കിയ ലാലുച്ചേട്ടനും എന്റെ ആദ്യ നായകൻ ദിലീപേട്ടനും കമലങ്കിളിന്റെ ശിഷ്യരാണ്. കമൽ എന്ന വൃക്ഷത്തിലെ ശിഖരങ്ങളാണു ഞങ്ങളൊക്കെ; ആ വൃക്ഷത്തിന്റെ വേരുകളിലൂടെ വെള്ളവും വളവും സ്വീകരിച്ചു വളർന്നവർ. ഗുരുതുല്യരായവർ പിന്നെയുമെത്രയോ...

adoor-kavya-dileep

സ്നേഹത്തിന്റെ തണൽ

‘മോഗൻകാലിനെ’ കല്യാണം കഴിക്കണമെന്നായിരുന്നു കുഞ്ഞിലേ എന്റെ വലിയ ആഗ്രഹം. വീട്ടിലെല്ലാവരും ലാലേട്ടൻ ഫാൻസായിരുന്നു. പിണങ്ങിനിൽക്കുന്ന എന്നെ അനുനയിപ്പിക്കാൻ അച്ഛന്റെ പതിവുവിദ്യ ‘മോഹൻലാലിന്റെ സിനിമയ്ക്കു പോകണ്ടേ’ എന്ന സൂത്രച്ചോദ്യമായിരുന്നു. ‍ഞാനതിൽവീഴും. ലാലേട്ടനൊപ്പം വളരെക്കുറച്ചു സിനിമകളേ ഞാൻ ചെയ്തിട്ടുള്ളൂ. ആദരവോടെ അൽപം അകലത്തുനിന്നാണ് ഇന്നും ലാലേട്ടനെ കാണുന്നത്. മമ്മൂക്ക പക്ഷേ, ഞങ്ങൾക്കു വീട്ടിലെ ഒരംഗത്തെപ്പോലെയാണ്.

kavya

മനസ്സിലുള്ളതു വെട്ടിത്തുറന്നു പറയുന്നതുകൊണ്ടു ചൂടനെന്നു തോന്നിക്കുന്ന, എന്നാൽ നമ്മളോട് ഒരുപാടു കരുതലുള്ള ഒരാൾ. തെങ്കാശിപ്പട്ടണത്തിന്റെ ഷൂട്ടിങ് സമയത്താണു സുരേഷേട്ടനെ ആദ്യം കാണുന്നത്. പിന്നെയിതുവരെ ഒരു വല്യേട്ടനെപ്പോലെയാണ് അദ്ദേഹം. ആത്മബന്ധമുള്ള എത്രയോ പേരുണ്ട് സിനിമയിൽ ഇനിയും. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിൽ പലരും സിനിമയുമായി ബന്ധമുള്ളവരാണ്.

തിരിഞ്ഞുനോക്കുമ്പോൾ, സിനിമയെനിക്ക് ഒരുപാടു സന്തോഷങ്ങളും നന്മയും തന്നു. എന്തു തിരിച്ചുകൊടുത്തു എന്നു ചോദിച്ചാൽ എനിക്കറിയില്ല. ഹിറ്റുകളുടെ ഭാഗമാകാൻകഴിഞ്ഞു, കലാമൂല്യമുള്ള സിനിമകളും ചെയ്തു. എങ്കിലും ഇനിയുമെന്തൊക്കെയോ ബാക്കിയാണെന്ന തോന്നലുണ്ട്. ഞാനൊരു തികഞ്ഞ കലാകാരിയാണെന്ന് എനിക്കു തോന്നിയിട്ടില്ല. കാരണം എന്നിലെ അഭിനേതാവിനെ പലപ്പോഴും കാവ്യയെന്ന സാധാരണക്കാരി പെൺകുട്ടി മറികടക്കാറുണ്ട്. എന്നിലെ സാധാരണക്കാരിക്കു പറ്റില്ല എന്നതുകൊണ്ട് പല കഥാപാത്രങ്ങളും ചെയ്യാതിരുന്നിട്ടുണ്ട്. ഒരു നല്ല ആർട്ടിസ്റ്റ് അങ്ങനെ ചിന്തിക്കരുതല്ലോ.

kavya

ഇനിയൊരു ജന്മത്തിലും...

സിനിമയിൽനിന്നു കല്യാണം കഴിക്കരുത് എന്നൊക്കെ പലരും പറയുമായിരുന്നു. ശരിയാവില്ലത്രേ. ആളുകൾ പലപ്പോഴും കാര്യങ്ങളുടെ മോശംവശമേ കാണാറുള്ളൂ. കല്യാണം കഴിച്ചു നന്നായി ജീവിക്കുന്ന എത്രയോ സിനിമക്കാരുണ്ട്. അന്നുപക്ഷേ, എനിക്കും തോന്നിയിരുന്നു സിനിമക്കാർ വേണ്ടെന്ന്. അഭിനയം നിർത്തുമെന്നൊന്നും പറഞ്ഞില്ലെങ്കിലും നമുക്കറിയാമല്ലോ, കല്യാണം കഴിഞ്ഞാൽ പതിയെപ്പതിയെ സിനിമയിൽനിന്നു മാറും. പക്ഷേ, ആ ഘട്ടമെത്ത‍ിയപ്പോഴാണു സിനിമയെനിക്ക് എത്ര പ്രിയപ്പെട്ടതാണെന്നറിഞ്ഞത്.

kavya-amma-selfie.jpg.image.784.410

അ‍‍‍‍ഞ്ചുവയസ്സു മുതൽ എന്റെ ലോകം സിനിമയാണ്. ഞാൻ ജീവിതം കണ്ടതും പഠിച്ചതും അവിടെനിന്നാണ്. സിനിമ വിട്ടുപോവുന്നത് അച്ഛനെയും അമ്മയെയും വിട്ടുപോവുന്നതുപോലെ സങ്കടമുള്ളതാണെന്ന് എനിക്കന്നു മനസ്സിലായി.