Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയിലെ രാജി സലിം കുമാറിന്റെ നാടകം; ആരോപണവുമായി ഗണേഷ് വീണ്ടും

ganesh-salim

നടന്‍ സലിംകുമാറിനെ കുറ്റപ്പെടുത്തി നടനും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍ വീണ്ടും രംഗത്തെത്തി. താരസംഘടനയായ അമ്മയില്‍ നിന്ന് ഈ നിമിഷം വരെ സലിം കുമാർ രാജിവെച്ചിട്ടില്ലെന്ന് അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഗണേഷ് കുമാര് ആരോപിക്കുന്നു‍.

അമ്മയില്‍ രാജി സമര്‍പ്പിച്ചാല്‍ പിന്നെ എല്ലാ നിബന്ധനകളും പാലിച്ച് രണ്ടാമത് അംഗത്വം എടുക്കുകയെ വഴിയുള്ളു. എന്നാല്‍ രണ്ടുദിവസം മുമ്പ് വരെയും അമ്മയില്‍ നിന്നും ആനുകൂല്യം സ്വീകരിച്ച സലിംകുമാര്‍ അമ്മയുടെ ഒരു ഭാരവാഹികള്‍ക്കും രാജിക്കത്ത് കൈമാറിയിട്ടില്ല. തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമശ്രദ്ധ നേടാനുളള നാടകമായിരുന്നു സലീം കുമാറിന്റെതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

മാധ്യമങ്ങളെയും പൊതുജനങ്ങളെയും രാജി പ്രഖ്യാപനം നടത്തി സലിംകുമാര്‍ കബളിപ്പിക്കുകയായിരുന്നു എന്നും ഗണേഷ് ആരോപിച്ചു. ഇതിന് മുൻപും ഗണേഷ് സലിമിനെതിരെ രംഗത്തെത്തിയിരുന്നു. പത്തനാപുരത്ത് ജയിപ്പിച്ചതില്‍ സലിം കുമാറിന് നന്ദി പറയുന്നുവെന്നും ഇത് അദ്ദേഹം തന്നെ സഹായിക്കാൻ ചെയ്തതാണെന്നേ ഞാൻ വിശ്വസിക്കുന്നുള്ളൂവെന്നും പറഞ്ഞ ഗണേഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പലയിടത്തും പ്രസംഗിച്ചുനടന്ന സലിം കുമാറിന് മോഹന്‍ലാലിനെ കുറിച്ച് പറയുവാന്‍ എന്ത് യോഗ്യതയാണുളളതെന്നും ചോദിച്ചിരുന്നു.

മൂന്ന് താരങ്ങൾ മത്സരിച്ച പത്തനാപുരത്ത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ഗണേഷ്‌കുമാറിനായി മോഹന്‍ലാല്‍ പ്രചാരണത്തിന് പോയതിൽ പ്രതിഷേധിച്ച് സലിം കുമാര്‍ താരസംഘടനയില്‍ നിന്ന് രാജിവച്ചിരുന്നു. അമ്മയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരായിരുന്നു മോഹന്‍ലാലിന്റെ നടപടിയെന്നും വ്യക്തമാക്കിയാണ് സലിംകുമാര്‍ നേരത്തെ രാജി പ്രഖ്യാപിച്ചത്. 

Your Rating: