Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കസബ എന്തുകൊണ്ട് ഇഷ്ടപ്പെട്ടു; സുധീര പറയുന്നു

sudheera-kasaba കെപി സുധീര, മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ നിഥിൻ രൺജി പണിക്കർ ഒരുക്കിയ കസബയെ പ്രശംസിച്ച് കഥാകാരി കെ.പി.സുധീര. ചവിട്ടി മെതിക്കപ്പെടുന്ന സ്ത്രീത്വവും ഉയിർത്തെഴുന്നേൽക്കുന്ന സ്ത്രീത്വവും കൃത്യമായി അവതരിപ്പിച്ച സംവിധായകന്റെ കഴിവ് തന്നെയാണ് ഏറെ ആകർഷിച്ചതെന്നും രൺജി പണിക്കർ സിനിമകളിലെ എരിവുറ്റ പെൺ കഥാപാത്രങ്ങൾ ഈ സിനിമയിലും കാണാനായെന്നും സുധീര പറയുന്നു

കെപി സുധീരയുടെ കുറിപ്പ് വായിക്കാം–

ഇളമുറക്കാരനായ നിഥിൻ രൺജി പണിക്കരുടെ സിനിമയിലേക്കുള്ള കാൽവെയ്പ് എങ്ങനെ - എന്ന ആകാംക്ഷയാണ് നല്ല സിനിമയെ സ്നേഹിക്കുന്ന എന്നെ "കസബ'' യുടെ ആദ്യ നാളിലെ ആദ്യ ഷോയിൽ എത്തിച്ചത്. മമ്മൂട്ടി എന്ന നായക നടന്റെ പ്രഭാവം - അതിന്റെ ഔജബല്യം അതിൽ ഇതെഴുതുന്നവൾക്ക് സംശയമേതുമില്ല താനും. നിഥിൻ നമ്മെ നിരാശപ്പെടുത്തുകയില്ല. ഈ ചെറുപ്പക്കാരൻ തിരക്കഥയുടേയും സംവിധാനത്തിന്റേയും ഉറപ്പുറ്റ കണ്ണികളാൽ ജന്മം കൊണ്ട് തന്നെ ബന്ധിപ്പിക്കപ്പെട്ടിരിക്കയാണല്ലോ.

ഒരു ആക്ഷൻ ത്രില്ലർ സിനിമയെക്കുറിച്ച് കഥയെഴുത്തുകാരിയായ ഞാൻ എങ്ങനെ ആസ്വാദനമെഴുതും എന്നാവും നിങ്ങളുടെ സന്ദേഹം - സിനിമയുടെ നല്ല വശങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുവാനാണ് തോന്നുന്നത്. ഒരു സിനിമ നമ്മോട് സംവദിക്കുന്നതെങ്ങനെയോ, അങ്ങനെയാണ് ഓരോ പ്രേക്ഷകനും സിനിമ വേദ്യമാകുന്നത്. എന്റേതായ രീതിയിലാണ് ഞാനോരോ സിനിമയും വായിച്ചെടുക്കുക - സ്നേഹയോഗത്തിന്റെ പിന്നാലെ അലയുന്ന ഒരു നിത്യാന്വേഷിണി എന്റെ ചേതസ്സിൽ ഉൻമീലിതയായിത്തീരുന്നതിനാൽ എനിക്ക് ഈ സിനിമ ഇഷ്ടമായി.

സ്ത്രീയുടെ അടിമ ഭാവത്തെ അംഗീകരിക്കുകയോ പ്രകീർത്തിക്കുകയോ അല്ല ഈ സിനിമ ചെയ്യുന്നത് - ചവിട്ടി മെതിക്കപ്പെടുന്ന സ്ത്രീത്വവും ഉയിർത്തെഴുന്നേൽക്കുന്ന സ്ത്രീത്വവും ഇതിലുണ്ട് എന്നത് എന്നെ ആകർഷിച്ചു - ആക്ഷൻ ത്രില്ലർ സിനിമകൾ മിക്കതും നായകന് മാത്രമേ പ്രാധാന്യം കൊടുക്കാറുള്ളൂ. നായിക രണ്ടാംകിടക്കാരി ആയിരിക്കും. ഇതിൽ നായികയല്ലാത്ത കമല - നായകന്റെ ഔന്നത്യത്തിൽ എത്തുന്നുണ്ട്. രൺജി പണിക്കർ സിനിമകളിലെ എരിവുറ്റ പെൺ കഥാപാത്രങ്ങളും, ചടുല ഭാഷണങ്ങളും ഈ സിനിമയിൽ ഉണ്ട്- പിന്നെ പുറമെ പരുക്കൻ സ്വഭാവമുള്ള വെണ്ണത്തുടുപ്പാർന്ന പ്രണയവും:

ചുവന്ന തെരുവിലെ നിർഭാഗ്യവതികളെങ്കിലും അവരിൽ തുടിക്കുന്ന സ്വാതന്ത്യ മോഹവും മിടിക്കുന്ന പ്രണയ ദാഹവും ഭാവധ്വനി പൂർണമായ ഒരു സംവിധാനത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നു.
രൂപം കൊണ്ടും ഭാവം കൊണ്ടും ശരാശരി മലയാളിയെ അത്യന്തം ആകർഷിക്കുകയാണ് രാജൻ സക്കറിയ എന്ന മമ്മൂട്ടി - ശരീര ഭാഷയും പ്രോജ്ജ്വലമായ അഭിനയവും കൊണ്ട് വ്യതിരിക്തനായ ഒരു പോലീസ് ഓഫീസർ - ശരത് കുമാറിന്റെ മകൾ വരലക്ഷ്മി കമലയെന്ന നെഞ്ചൂക്കുള്ള പെണ്ണിനെ അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കുന്നു.

നേഹ സക്സേനയുടെ സൂസനും ജഗദീഷിന്റെ മുകുന്ദനും സമ്പത് രഞ്ജിന്റെ പരമേശ്വരൻ നമ്പ്യാരും ഗംഭീരമായി - അഭിനയ മികവിന്റെ ഉയർന്ന പീഠം എന്നും സ്വന്തമായുള്ള സിദ്ധിക്കിന്റെ പോലീസ് മേധാവി പ്രേക്ഷകന്റെ ഹൃദയം കവരുന്നു- മകൻ ഷഹീൻ സിദ്ധിക്കും നടൻ ഇബ്രാഹിം കുട്ടിയുടെ പുത്രൻ മഖ്ബൂൽ സൽമാനും തങ്ങളുടെ ഭാഗം അതീവ ചാരുതയോടെ അഭിനയിച്ചു.

നല്ല സിനിമകൾക്കായി ദാഹിക്കുന്ന പ്രേക്ഷക മനസ്സിന് ഈ സിനിമ പുതിയ അനുഭവവും അനുഭൂതിയും ആവാതിരിക്കില്ല. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കും പുതിയ കഥയും പുത്തൻ പരിവേഷവും തീഷ്ണമായ വാക്കുകളുടെ അഗ്നിയുമായി വന്ന സംവിധായനും കഥാകൃത്തുമായ നിഥിൻ രൺജി പണിക്കർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ - നിഥിൻ താങ്കളുടെ അടുത്ത സിനിമയിൽ അനാവശ്യമെന്ന് എനിക്ക് തോന്നിയ അശ്ലീല പദങ്ങൾ ഒഴിവാക്കും എന്ന് പ്രത്യാശയോടെ -സ്നേഹപൂർവം കെ.പി.സുധീരം. 

Your Rating: