Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിക്കുള്ള മോഹന്‍ലാലിന്റെ കത്തിന് തിരുത്തുമായി കുമ്മനം

kummanam-lal

മോഹൻലാൽ മുഖ്യമന്ത്രിക്കായി എഴുതിയ പുതിയ കുറിപ്പ് വീണ്ടും ചർച്ചയാകുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി വായിച്ചറിയാന്‍ എന്ന തലക്കെട്ടോടെ പിണറായി വിജയനു വേണ്ടി മോഹന്‍ലാല്‍ എഴുതിയ തുറന്നകത്തില്‍ തിരുത്തുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി‍.

പ്രകൃതിചൂഷണവും വാഹനങ്ങളുടെ അമിതവേഗതയും അപകടമരണങ്ങളുമൊക്കെ വിഷയമാക്കിയ മോഹൻലാലിന്റെ കത്ത് കാലിക പ്രസക്തമാണെങ്കിലും കേരളത്തിൽ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്രൂരതകള്‍ എന്തുകൊണ്ട് കത്തിൽ ഉള്‍പ്പെടുത്തിയില്ലെന്ന് കുമ്മനം ചോദിക്കുന്നു.

കുമ്മനം രാജശേഖരന്‍ എഴുതിയ കുറിപ്പ് വായിക്കാം–

പ്രകൃതിചൂഷണവും വാഹനങ്ങളുടെ അമിതവേഗതയും അപകടമരണങ്ങളുമൊക്കെ വിഷയമാക്കി മോഹൻലാൽ, പിണറായി വിജയന് അയച്ച തുറന്ന കത്ത് വളരെ കാലിക പ്രസക്തമുള്ളതാണ്. എന്നാൽ അതേ പോലെ തന്നെ പരിഗണന നൽകേണ്ട വിഷയമായിരുന്നില്ലേ മുഖ്യമന്ത്രിയുടെ നാട്ടിലുൾപ്പെടെ കേരളത്തിന്റെ നിരവധി സ്ഥലങ്ങളിൽ മാർക്സിസ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്രൂരതകൾ?

പത്തും പതിനഞ്ചും വർഷങ്ങളായി സ്വന്തം വീട്ടിൽ വരാൻ പറ്റാത്തവർ, സ്വന്തം നാടും ബന്ധുക്കളെയും വിട്ട് അന്യനാടുകളിലേക്ക് മാറി പാർക്കേണ്ടി വന്നവർ, എപ്പോഴും മരണം വീട്ടിലേക്ക് കയറിവന്നേക്കാം എന്ന ഭയപ്പാടോടെ ജീവിക്കുന്നവർ,ഭയന്നു വിറങ്ങലിച്ചു ജീവിക്കുന്ന കുട്ടികൾ, വിവാഹ പ്രായം കഴിഞ്ഞിട്ടും കല്യാണം ശരിയാവാത്ത പെൺകുട്ടികൾ,അങ്ങിനെ എത്രയെത്ര ജീവിതങ്ങൾ.മറ്റൊരു ആശയത്തിൽ വിശ്വസിച്ചു എന്നതു കൊണ്ടു മാത്രം മാനുഷികമായ യാതൊരു പരിഗണനയും കൊടുക്കാതെ ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് മാർക്സിസ്റ് പാർട്ടി അവർക്കു സ്വാധീനമുള്ള സ്ഥലങ്ങളിൽ നടപ്പിലാക്കുന്നത്.

ഇത്തരം ആക്രമണങ്ങൾ ദളിതർക്കുനേരെയും വ്യാപകമാണ്.അറുപതുകളിൽ തുടങ്ങിയ ഈ പ്രാകൃതമായ രീതികൾ അവസാനിപ്പിക്കേണ്ടത് രാഷ്ട്രീയത്തിനപ്പുറം മുഴുവൻ കേരള സമൂഹത്തിന്റെയും ആവശ്യം കൂടിയാണ്. മോഹൻലാലിന്റെ പിണറായി വിജയനുള്ള കത്തിൽ ഈ ഒരു വിഷയം കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നില്ലേ... 

Your Rating: